വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

എഫക്ട് ) ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ, വിവിധ വിഷയങ്ങളെ സംബന്ധിച്ച ഓപ്പൺ ഫോറം ആരംഭിച്ചു

ഈരാറ്റുപേട്ട :എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് ) ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ, വിവിധ വിഷയങ്ങളെ സംബന്ധിച്ച ഓപ്പൺ ഫോറം ആരംഭിച്ചു .എഫക്ട് ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻ പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജോൺസൺ ചെറുവള്ളി ഉദ്ഘാടനം ചെയ്തു . ഗാന്ധിജിയും ആധുനിക ഇന്ത്യയും എന്ന വിഷയത്തിൽ സംവാദം നടന്നു. സത്താർ മറ്റക്കാട് മുഖ്യപ്രഭാഷണം നടത്തി .താഹ കറുകാംഞ്ചേരിൽ ,പി .എം മുഹ്സിൻ ,ഡോ.കെ.എ സവാദ് ,ഷമ്മാസ്സലാം ,ഷാഹുൽ ഹമീദ് മാളിയേക്കൽ ,പി .എസ് മാഹിൻ ,അബ്ദുൽ സമദ് ,റിയാസ് കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു

പ്രാദേശികം

മലയോര മേഖലയുടെ വികസനം ചർച്ച ചെയ്ത് തലനാട് പഞ്ചായത്ത് വികസന സദസ്

ഈരാറ്റുപേട്ട: തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ആരോഗ്യം, ഭവന നിർമാണം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ മേഖലകളിൽ ആവിഷ്‌കരിച്ച പദ്ധതികൾ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിന്റെ പ്രോഗസ് റിപ്പോർട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. തലനാട് ഗവൺമെൻറ് എൽ.പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ മലയോര മേഖലയുടെ വികസനത്തിനായി നടപ്പാക്കിയ പ്രവർത്തനങ്ങളും ഭാവി സാധ്യതകളുമാണ് പ്രധാന ചർച്ചാവിഷയങ്ങളായത്. ഇല്ലിക്കൽകല്ല് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും കർഷകർ നേരിടുന്ന വിളനാശം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും ആവശ്യമുയർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ പി. വർക്കി പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സോളി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ ഗോപിനാഥ്, രാഗിണി ശിവരാമൻ, ആശാ റിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ഷാജി, സോണി ബിനീഷ്, ഷമീല ഹനീഫ, റോബിൻ ജോസഫ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ഷിനി മോഹൻ, ബി.ഡി.ഒ. എം. സാജൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ ബിനീഷ് എന്നിവർ പങ്കെടുത്തു.

ജനറൽ

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ്‌ സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവെച്ചു; വ്യാപക പരിശോധന

തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന വിലക്കി. മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി. മരുന്നില്‍ 48 ശതമാനം വിഷാംശമുള്ള വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. രാജസ്ഥാനില്‍ കോള്‍ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്തു. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് കമ്പനിക്കെതിരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രാദേശികം

റൺ പാലാ റൺ സീരിസ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യം,മയക്കുമരുന്ന് മുക്ത പാലാ

പാലാ:ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക, ഒപ്പം മയക്കുമരുന്ന് രഹിത കേരളം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ മഹത്തായ ലക്ഷ്യങ്ങളുമായി പ്രഥമ 'റൺ പാലാ റൺ' സീരീസിന് ഔദ്യോഗിക തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വെച്ച് മാണി സി. കാപ്പൻ എം.എൽ.എ. മത്സരപരമ്പര ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച മാണി സി. കാപ്പൻ എം.എൽ.എ, ഇത്തരം പരിപാടികൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. "പാലാക്കാർ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിനും, മയക്കുമരുന്ന് വിമുക്തമായ ഒരു ജീവിതം ഉറപ്പാക്കുന്നതിനും റൺ പാലാ റൺ പോലുള്ള സംരംഭങ്ങൾ പ്രചോദനമാകും," അദ്ദേഹം പറഞ്ഞു. പാലായുടെ സാമൂഹിക ആരോഗ്യ ഉത്തരവാദിത്വം ഉയർത്തിക്കാട്ടുന്ന ഒരു പരിപാടിയായാണ് ഈ സീരീസ് മാറുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്ത പരിപാടിക്ക് ജനങ്ങളുടെ സജീവ പങ്കാളിത്തം കൂടുതൽ ഊർജ്ജം പകർന്നു. പാലാ മാരത്തൺ സംഘാടകരായ പാലാ സെന്റ് തോമസ് കോളേജ് എഞ്ചിനീയേഴ്‌സ് ഫോറം, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-ബി എന്നിവർ സംയുക്തമായാണ് റൺ പാലാ റൺ സംഘടിപ്പിച്ചത്. പരിപാടികൾക്ക് ലയൺസ് ക്ലബ്‌ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ മാഗി ജോസ് മേനംപറമ്പിൽ, എഞ്ചിനീയർസ് ഫോറം പ്രസിഡന്റ്‌ റിട്ട. ഗ്രൂപ്പ്‌ ക്യാപ്റ്റൻ ബാബു ജോസഫ്, ചെറി എ. മേനംപറമ്പിൽ, ഡോ. ജിൻസ് കാപ്പൻ, ജയ്സ് ഡി സാനു തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ ശനിയാഴ്ചകളിലും നഗരങ്ങളിലെ പൊതുപാർക്കുകളിൽ സംഘടിപ്പിക്കാറുള്ള 'പാർക്ക് റൺ' എന്ന യൂറോപ്യൻ ആരോഗ്യപ്രചാരണ പരിപാടിയുടെ മാതൃകയിലാണ് റൺ പാലാ റൺ സീരീസ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത് മത്സര സ്വഭാവമുള്ള ഓട്ടമല്ല, മറിച്ച് എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്നതും ആസ്വാദ്യകരവുമായ ഒരു ആരോഗ്യപ്രവർത്തനമാണ്. കുടുംബബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്താനും, ഒപ്പം ദിനംപ്രതി വ്യായാമം ചെയ്യാനുള്ള പ്രചോദനം നൽകാനും ഇത്തരം പരിപാടികൾ സഹായകമാകും.

കേരളം

കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലോകം

പ്രതീക്ഷയേകി ഹമാസ്: വെടിനിർത്തൽ കരാർ അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും.

ജെറുസലേം: ഇസ്രയേൽ-ഗാസ യുദ്ധത്തിന് വിരാമമിടാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയിലെ ചില പ്രധാന ഉപാധികൾക്ക് ഹമാസ് ഭാഗികമായി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ബന്ദികളെ മുഴുവനായും മോചിപ്പിക്കാനും ഗാസയുടെ ഭരണം കൈമാറാനും സംഘടന സമ്മതിച്ചതോടെ, മാസങ്ങൾ നീണ്ട സംഘർഷത്തിൽ ഒരു നിർണ്ണായക വഴിത്തിരിവുണ്ടായി. ട്രംപിന്റെ അന്ത്യശാസനം നിലനിൽക്കെയാണ് ഹമാസിന്റെ ഈ സുപ്രധാന നീക്കം. ഞായറാഴ്ച വൈകുന്നേരം ആറിന് മുമ്പ് കരാർ അംഗീകരിക്കണമെന്നും, അല്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹമാസ് പ്രതികരണം അറിയിച്ചത്. മറ്റ് വിഷയങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കുന്നതിനുള്ള മാസങ്ങളായുള്ള ശ്രമങ്ങൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു. കൂടാതെ, ഗാസയുടെ ഭരണച്ചുമതല 'സ്വതന്ത്ര ടെക്നോക്രാറ്റുകൾ' ഉൾപ്പെടുന്ന ഒരു പലസ്തീൻ സമിതിക്ക് കൈമാറാനും ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഇതോടെ, ഹമാസിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഗാസയുടെ ഭരണരീതിയിൽ മാറ്റം വരുമെന്നാണ് സൂചന. ട്രംപിൻ്റെ പദ്ധതിയിൽ അടിയന്തര വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള ഒരു ഇടക്കാല സർക്കാർ രൂപീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ, പദ്ധതിയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തോട് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മൗനം സമഗ്രമായ സമാധാന ചർച്ചകൾക്ക് തടസ്സമായേക്കാം.ഈ ഭാഗിക അംഗീകാരത്തിനോടുള്ള ഇസ്രായേലിൻ്റെ ഔദ്യോഗിക പ്രതികരണം ഇനി നിർണ്ണായകമാകും.

ഇൻഡ്യ

കരൂർ ദുരന്തം: ടി.വി.കെ. നേതാക്കൾക്ക് ജാമ്യമില്ല, അറസ്റ്റ് ഉടൻ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് (എൻ. ആനന്ദ്), ജോയിന്റ് സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ എന്നിവർ സമർപ്പിച്ച അപേക്ഷകളാണ് കോടതി തള്ളിയത്. ഇതോടെ, നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾക്ക് പോലീസ് വേഗമേകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ടി.വി.കെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അപകടം നടന്നയുടൻ നേതാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും ദുരന്തത്തിൽ പാർട്ടി ദുഃഖം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയവരെ വെറുതെ വിടാനാകില്ല. ഈ അപകടം ലോകം മുഴുവൻ കണ്ടതാണ്," എന്നും ഹൈക്കോടതി പറഞ്ഞു. "സംഘാടകർ എന്ന നിലയിൽ പ്രവർത്തകരോട് ഉത്തരവാദിത്തമില്ലേ?" എന്നും കോടതി ടി.വി.കെയോട് ചോദിച്ചു. കൂടാതെ, കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഐ.ജി. അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ട്.

കേരളം

പലസ്തീൻ ഐക്യദാർഢ്യ മൈം: കാസർകോട് സ്കൂളിൽ കലോത്സവം നിർത്തിവച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം അവതരിപ്പിച്ചതിനെ തുടർന്ന് കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം തടസ്സപ്പെടുകയും തുടർന്ന് നിർത്തിവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന മൈം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഒരു അധ്യാപകൻ കർട്ടിൻ താഴ്ത്തിയതാണ് വിവാദത്തിന് കാരണമായത്. പലസ്തീൻ വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു മൈം. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുൻപിൽ കൊണ്ടുവരുന്നതുമായ രംഗമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. പ്രകടനം പെട്ടെന്ന് നിർത്തിവെച്ചതോടെ ഇന്നത്തെ കലോത്സവ പരിപാടികൾ മാറ്റിവെച്ചതായി വിദ്യാർത്ഥികൾ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് (MSF) രംഗത്തെത്തി. മൈം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എം.എസ്.എഫ് പ്രവർത്തകർ കുമ്പള ഹയർസെക്കൻഡറി സ്കൂളിലേക്ക് മാർച്ച് നടത്തി.