വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു; അഡ്വ. പി.എസ്. സുനിൽ മണ്ഡലം സെക്രട്ടറി

ഈരാറ്റുപേട്ട: മൂന്ന് ദിവസങ്ങളായി ഈരാറ്റുപേട്ടയിൽ നടന്ന സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു. മെയ് 30ന് തിടനാട്, കൈപ്പള്ളി, കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക, ബാനർ, കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി.കെ. ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മണ്ഡല അതിർത്തിയിലെ മുതിർന്ന പ്രവർത്തകരെ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.ബി. ബിനു ആദരിച്ചു. ഇ.കെ. മുജീബ് അധ്യക്ഷത വഹിച്ചു. കെ.ഐ. നൗഷാദ് സ്വാഗതം പറഞ്ഞു. തുടർന്ന് മെയ് 31, ജൂൺ 1 തീയതികളിൽ കാനം രാജേന്ദ്രൻ നഗറിൽ (പി.ടി.എം.എസ് ഹാൾ) നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്. സുനിൽ സ്വാഗതം പറഞ്ഞു. എം.ജി. ശേഖരൻ, ശമ്മാസ് ലത്തീഫ്, ഓമന രമേശ്, സി.എസ്. സജി എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ. മുജീബ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഇ.എൻ. ദാസപ്പൻ, അഡ്വ. വി.കെ. സന്തോഷ് കുമാർ, ബാബു കെ. ജോർജ്, അഡ്വ. തോമസ് വി.റ്റി, ജോൺ വി. ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രസംഗിച്ചു. തുടർന്ന് സമ്മേളനം 21 അംഗ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയെയും 26 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പുതിയ പാർട്ടി മണ്ഡലം സെക്രട്ടറിയായി അഡ്വ. പി.എസ്. സുനിലിനെ സമ്മേളനം തിരഞ്ഞെടുത്തു. കെ. ശ്രീകുമാർ പ്രമേയം അവതരിപ്പിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് പി.എസ്. ബാബു അവതരിപ്പിച്ചു. ടി.സി ഷാജി, കെ.ആർ. വിജയൻ, നൗഫൽ ഖാൻ എന്നിവർ മിനിറ്റ്സ് കമ്മിറ്റിയായി പ്രവർത്തിച്ചു. പ്രസീഡിയത്തിന് വേണ്ടി എം.ജി. ശേഖരൻ, സംഘാടകസമിതിക്ക് വേണ്ടി കെ.ഐ. നൗഷാദ് എന്നിവർ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

പ്രാദേശികം

സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

തിടനാട് : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് പുതുതായി രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ടു കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇവ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 21.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കോഴ്സുകളുടെ ഒപചാരിക ഉദ്ഘാടനം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി യുടെ അധ്യക്ഷതയിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, വാർഡ് മെമ്പർ സന്ധ്യ ശിവകുമാർ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി.ജി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, ബി ആർ സി കോഡിനേറ്റർ ബിൻസ് ജോസഫ്, പിടിഎ പ്രസിഡണ്ട് സജിനി സതീഷ്   തുടങ്ങിയവർ പ്രസംഗിച്ചു.   രണ്ട് കോഴ്സുകളിലും 25 വിദ്യാർത്ഥികൾക്ക് പ്രകാരമാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോടൊപ്പം മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി എംഎൽഎ അറിയിച്ചു. കോഴ്സുകളുടെ പ്രവേശനവും പഠനവും സൗജന്യമാണ്.

കോട്ടയം

അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകൾ; വർണാഭമായി വരവേറ്റ് സ്‌കൂളുകൾ

കോട്ടയം: മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ 'അക്ഷരമധുരം മഴവില്ലഴകായി' വിരി​ഞ്ഞു. ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ലോകത്തേയ്ക്ക് പുതുപ്രവേശം. രണ്ടു മാസത്തെ വേനലവധിക്കുശേഷം തിരികെയെത്തിയ കുട്ടികൾക്കും സൗഹൃദത്തിന്റെയും അറിവിന്റെയും ലോകത്തേയ്ക്ക് വീണ്ടുമെത്തിയതിന്റെ ആഹ്ലാദം. വർണാഭമായി അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് കുട്ടികളെ മധുരം നൽകി സ്വീകരിച്ച് ജില്ലയിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു. നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് പശ്ചാത്തലസൗകര്യങ്ങളുടെ കാര്യത്തിലും അക്കാദമിക സൗകര്യങ്ങളുടെ കാര്യത്തിലും സംസ്ഥാനം ഏറെ മുന്നേറ്റമുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളും നിർമിത ബുദ്ധിയും അടക്കം ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിച്ച് കുട്ടികളുടെ സമഗ്ര പുരോഗതിക്കാവശ്യമായ രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി. സിലബസിലും അധ്യയന രീതിയിലും സമൂലമായ മാറ്റങ്ങളുണ്ടായി. ലഹരിക്കെതിരായ പോരാട്ടത്തിലും ശുചിത്വ, ട്രാഫിക്  അവബോധമുണ്ടാക്കുന്നതിനുമെല്ലാം ഉതകുന്ന രീതിയിലാണ് ഇത്തവണ സ്‌കൂൾ പഠനത്തിന് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു. എസ്.കെ.വി. സ്‌കൂളിന് സർവശിക്ഷാകേരളം ഫണ്ടിലൂടെ അനുവദിച്ച ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ,  നവാഗതരെ സ്വാഗതം ചെയ്തു. സാഹിത്യകാരനും പൂർവവിദ്യാർഥിയുമായ എസ്. ഹരീഷ് സ്‌കൂളിന്റെ കൈയെഴുത്തു മാഗസിൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ആർ. അനുപമ, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ.ശശി, കെ.എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ മായ ബൈജു,  പുഷ്പമ്മ തോമസ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പാലാ ഡി.ഇ.ഒ. സി. സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി പി.കെ. മഞ്ജു, കൈറ്റ് മാസ്റ്റർ ട്രെയിനർ പി. ആർ. ശ്രീകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ ഗോപാൽ, ഹെഡ് മിസ്ട്രസ് പി.കെ. കൃഷ്ണകുമാരി, പി.റ്റി.എ. പ്രസിഡന്റ് കെ.എൻ. രാജൻ, എം.പി.റ്റി.എ. ചെയർപേഴ്സൺ പ്രീത ദാസപ്പൻ, സ്‌കൂൾ ലീഡർ എം. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.ഉദ്ഘാടനത്തിനു മുന്നോടിയായി നീണ്ടൂർ പ്രാവട്ടത്തുനിന്ന് സ്‌കൂളിലേക്കു നടന്ന സാംസ്‌കാരിക ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയെ വർണാഭമായി. എൻ.സി.സി., സ്‌കൗട്ട് വിഭാഗങ്ങളടക്കം നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. ആലപ്പുഴ കലവൂർ സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളുകളിൽ തത്സമയം ഓൺലൈനായി പ്രദർശിപ്പിച്ചു.

പ്രാദേശികം

നാളെ കുട്ടികൾ സ്കൂളിലേക്ക് ' വിപണിയിൽ വൻ തിരക്ക്. ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം

ഈരാറ്റുപേട്ട: മാങ്ങയും ചക്കയും ആവോളം തിന്ന്,​ പാടത്ത് ഓടിയും ചാടിയും കളിച്ച്,​ തോട്ടിലും കുളത്തിലും കുളിച്ച് തിമി‌ർത്ത് ആസ്വദിച്ച രണ്ട് മാസത്തെ അവധിക്കാലത്തിന് വിട. കുട്ടിക്കൂട്ടം നാളെമുതൽ വീണ്ടും സ്കൂളിലേക്ക്. കാലവ‌ർഷത്തിന്റെ ശക്തി അൽപ്പം കുറഞ്ഞതിനാൽ സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്കൂളികളിലെല്ലാം പൂ‌ർത്തിയായി. പ്രവേശനോത്സവത്തിനായി മുഴുവൻ വിദ്യാലയങ്ങളും തയ്യാറായിക്കഴിഞ്ഞു. പുതിയ അദ്ധ്യയന വർഷം നാളെ ആരംഭിക്കാൻ ഇരിക്കെ സ്‌കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സ്കൂൾ വിപണി സജീവമാണ്. സൂപ്പർ ഹീറോകളുടെ ചിത്രം ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകൾ, വർണ്ണ കുടകൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. നോട്ട് ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയ്ക്കും നല്ല കച്ചവടമായിരുന്നു. ചെരുപ്പ് കടകളിലും വലിയ തിരക്കായിരുന്നു.  കാലവർഷം കടകളിലെ തിരക്കിനെ ബാധിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചമുതൽ മഴ മാറി നിന്നത് ആശ്വാസമായി. തിരക്കേറിയതോടെ നഗരങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമായി. സ്‌കൂൾ തുറക്കുന്ന നാളെ മുതൽ മുഴുവൻ വിദ്യാലയങ്ങൾക്കരികിലും ഈരാറ്റുപേട്ട ടൗണിലും ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിക്കണമെന്ന് പി.ടി.എ കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം

കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.

കോട്ടയം :ഒളശയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർഥി ഒളശ മാവുങ്കൽ അലൻ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലൻ വീട്ടിൽനിന്നും പുറത്തുപോയത്. തുടർന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു. രാത്രി വൈകിയും അലൻ വീട്ടിൽ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽനിന്നും യുവാവിന്റെ സൈക്കിൾ കണ്ടെത്തി.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.പോലീസ് കേസെടുത്തു...

കോട്ടയം

കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ

കോട്ടയം: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അയ്‌മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്. വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും ജില്ലാ കളക്‌ടർ ജോൺ വി. സാമുവലിനും ജന പ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു. ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും പ്രത്യേകം വിലയിരുത്തി.

കോട്ടയം

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ: ഡോ സിന്ധുമോൾ ജേക്കബ്ബും റോയി ഫ്രാൻസിസും വീണ്ടും പ്രസിഡൻ്റും സെക്രട്ടറിയും

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റായി ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറിയായി റോയി ഫ്രാൻസീസ് എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ സണ്ണി ഡേവിഡ് (വൈസ് പ്രസിഡൻ്റ്), കെ.ആർ. പ്രഭാകരൻപിള്ള കളരിയ്ക്കൽ (ജോയിൻ്റ്സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.  റിട്ടേണിംഗ് ഓഫീസറായ പാലാ എ. ഇ. ഒ. യുടെയും പ്രിസൈഡിംഗ് ഓഫീസറായ സി കെ ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ നടന്നതെരഞ്ഞെടുപ്പിൽ നാലുപേരും ഐകകണ്ഠേനയാണു തെരഞ്ഞെടുക്കപ്പെട്ടത്. ലൈബ്രറി സാംസ്കാരികമുന്നണിയിലെ മുഴുവൻ സ്ഥാനാർത്ഥികളും മെയ് 22നു നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. സി. കെ ഉണ്ണികൃഷ്ണൻ, എബ്രഹാം ജോസഫ്, ബൈജു സി.എസ്, രാജൻമുണ്ടമറ്റം, ബിന്ദു ഗിരീഷ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ വനിതാ ലീഗ് കൺവൻഷൻ

ഈരാറ്റുപേട്ട: വനിതാ ലീഗ് മുനിസിപ്പൽ കൺവൻഷൻ നടയക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ നടന്നു.നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് സുനിതാ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഫീദാ തസ്നീം മുഖ്യപ്രഭാഷണം നടത്തി.  വനിതാ ജനപ്രതിനിധികളെ ജില്ലാ പ്രസിഡണ്ട് ഷഹുബാനത്ത് ടീച്ചർ ആദരിച്ചു.നേതാക്കളായ ഫാസില അബ്സാർ, ഷഫ്ന അമീൻ, റൂബിനാ നാസർ, മക്കീഫ ഷറഫ്, ബീമാ നാസർ, ഷിജി ആരിഫ്, ഷാമിലാ ലത്തീഫ്, ഷാഹിന ഫൈസൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി സബിത ഫൈസൽ സ്വാഗതവും ട്രഷറർ നെബുല ശിഹാബ് നന്ദിയും പറഞ്ഞു