വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സ്കൂളും പരിസരവും ശുചീകരിച്ചു

ഈരാറ്റുപേട്ട: ജൂൺ രണ്ടിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട ഗവ. മുസ്‍ലിം എൽ.പി സ്കൂളും പരിസരവും എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ശുചീകരണം നടത്തി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ. രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ.ഇ, മുനിസിപ്പൽ പ്രസിഡൻറ് മുബാറക്ക് വി കബിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

പ്രാദേശികം

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും -മന്ത്രി ആർ. ബിന്ദു

ഈരാറ്റുപേട്ട: കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.  ആർട്ടിഫിഷ്യൽ  ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ സഹായിക്കും. ദേശീയവും അന്തർദ്ദേശീയവുമായ തൊഴിലവസരങ്ങളിലേക്ക് കടന്നുചെല്ലാൻ കേരളത്തിലെ വിദ്യാർഥികൾക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജി തോമസ്, ഈരാറ്റുപേട്ട നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുഹാനാ ജിയാസ്, പി. എം. അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, നഗരസഭാംഗം നസീറാ സുബൈർ, ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, റീജണൽ ഡയറക്ടറേറ്റ്  അസ്സിസ്റ്റന്റ് ഡയറക്ടർ ആർ. രാജേഷ്, തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് കെ. ദാമോദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രമാ മോഹനൻ, ജോയി ജോർജ്, എം. ജി. ശേഖരൻ,  സാജൻ കുന്നത്ത്,  വി.ജെ. മാത്തുക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എച്ച്. ഷംനാസ് എന്നിവർ പ്രസംഗിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റു വഴി സംസ്ഥാന സർക്കാർ അനുവദിച്ച 7.5 കോടി രൂപയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക ടെക്നിക്കൽ ഹൈസ്‌കൂളായ തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ നാലു പതിറ്റാണ്ടായി തീക്കോയി ഗ്രാമപഞ്ചായത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ആനിയിളപ്പിൽ വാങ്ങിയ 2.5 ഏക്കർ സ്ഥലത്താണു സ്‌കൂൾ കെട്ടിടം നിർമിച്ചത്.

കോട്ടയം

ഇല്ലിക്കൽ കല്ലിലെ കുടക്കല്ലിൽ വിള്ളൽ.

ഇല്ലിക്കകല്ലിലെ കുടകല്ലുകളിൽ ഉണ്ടായ വിള്ളലുകൾ അടിയന്തിരമായി പരിശോധിക്കണമെന്ന് മിനിച്ചിൽ താലൂക്ക് വികസനസമതിയംഗവും രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറിയുമായ പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന മിനച്ചിൽ താലൂക്കിലെ പാലമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ് ഉദ്യോ ഗന്ഥരുടെയും ദുരുന്ത നിവാരണ അതോററ്റിയുടെയും മറ്റ് വിവിധ വകുപ്പു ഉദ്യോ ഗന്ഥരുടെയും യോഗത്തിലാണ് പീറ്റർ പന്തലാനി പരാതി ഉന്നയിച്ചത്. 2000 അടിക്കുമേൽ ഉയരത്തിലുള്ള ഇല്ലക്കല്ലിൽ കുടക്കല്ല് ഭാഗത്തുഎത്തുന്ന നാട്ടുകാരും വിനോദ സഞ്ചാരികളുമാണ് ഈ കാര്യം അറിയിച്ചത്. ഇല്ലിക്ക കല്ലിന്റെറെ മലനിരകളിൽ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന പാറമടകളിൽ തുടർച്ചയായി 100 ൽ അധികം ബ്ലാസ്റ്ററിക് ഒരേ സമയം നടത്തി കല്ല് പൊട്ടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനങ്ങൾ കുടകല്ലിന് വിള്ളൽ സംഭവിക്കാൻ കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നു എന്ന് പീറ്റർ പന്തലാനിയോഗത്തിൽ പറഞ്ഞു അടിയന്തരമായി പരിശോധിക്കുവാൻ എം എൽ എ മാണി സി കാപ്പൻ യോഗത്തിൽ നിർദ്ദേശം നല്കി. ജനങ്ങളുടെ ഭയാശങ്കകൾ മാറ്റുന്നതിന് മിനിച്ചിൽ താലൂക്കിലെ ദുരന്ത നിവാരണ അതോർട്ടിയും മൂന്നിലവ്, തലനാട് വില്ലേജ് ഓഫീസർമാർ മുന്നിലവ് തലനാട് പഞ്ചായത്ത് പ്രസിഡൻറുമാർ സെക്രട്ടി മാരും പരിസരവാസികളായ പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി 15 ദിവസത്തിനുള്ളിൽ പരിശോധിച്ച് പാല ആർ ഡി. ഒ മുഖേന റിപ്പോർട്ട് നല്കാൻ എം ൽ എ മാണി സി കാപ്പൻ നിർദ്ദേശം നല്കി .

കേരളം

സംസ്ഥാനത്ത് 519 പേർക്ക് കോവിഡ്, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്.പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം എന്ന് മന്ത്രി വ്യക്തമാക്കി.ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കേരളം

കൊവിഡ്; സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല, മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോട്ടയം

ഫുൾ A+ ദുരന്തം നൽകി കാലവർഷം

ഇടമറുക് : നേരത്തെ എത്തിയ കാലവർഷം ഈ സാധു കുടുംബത്തിന് സമ്മാനിച്ചത് ഫുൾ എ പ്ലസ് ദുരന്തം. മേലുകാവ് - ഇടമറുക് കൈലാസം ഒൻപതാം വാർഡിൽ തെങ്ങും തോട്ടത്തിൽ ധന്യയുടെ വീടാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മേൽക്കൂരയും ഭിത്തിയും തകർന്ന് ഇടിഞ്ഞതാണ് വാസയോഗ്യമല്ലാതായി മാറിയത്.   ധന്യയുടെ ഭർത്താവ് മനോജ്‌ മൂന്ന് വർഷം മുൻപ് മരണപ്പെട്ടതാണ്.2 മക്കളും ധന്യയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും ഇവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കുടുംബ സ്വത്ത് സ്വന്തം പേരിൽ അല്ലാതിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ഏറെ ക്ലേശപ്പെട്ട് ഈ വീട് സ്വന്തം പേരിൽ ചേർത്തു കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആണ് അവശേഷിച്ചിരുന്ന വീടും ഇടിഞ്ഞു താണത്. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ മൂത്ത മകൻ മിഥുൻ മനോജിനും അനിയത്തി എട്ടാം ക്ലാസുകാരി മന്യ മനോജിനും വീട് നഷ്ടപ്പെട്ടതോടെ പുതിയ വിദ്യാഭ്യാസ വർഷത്തിൽ ഏറെ സങ്കടമാണ്.സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ധന്യയ്ക്കും മക്കൾക്കും ആശ്രയമായിരുന്ന ഈ വീട് നഷ്ടപ്പെട്ടത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് ,പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, മെമ്പർ അഖില മോഹൻ, ഭരണങ്ങാനം വില്ലേജ് ഓഫീസർ ഡെന്നി എന്നിവർ സന്ദർശിച്ചു. ഇനി ഉടനെ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് നേടുക എന്നുള്ളത് ഏറെ കാലതാമസം നേരിടുന്ന കാര്യമാണ്.ദിവസക്കൂലിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു വീട് തീർക്കുവാനോ വാടകവീട്ടിൽ പോയി താമസിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സന്മനസ്സ് ആയിട്ടുള്ളവർ, സന്നദ്ധ സംഘടനകൾ എന്നിവർ കുടുംബത്തിന് ചെറിയൊരു വീട് നൽകി തരുവാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.

വിദ്യാഭ്യാസം

പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം.24ന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. വിലാസം, ജാതി, ബോണസ് പോയൻ്റിന് അർഹമാകുന്ന മറ്റു വിവരങ്ങൾ തുടങ്ങിയവയിൽ പിശകുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയിൽ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ തിരുത്തേണ്ടതാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂൺ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്‌ഡഡ് സ്കൂ‌ളുകളിൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാനാണ് ഹയർസെക്കൻഡറി വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ജൂൺ 10 മുതൽ പ്രവേശനം നൽകും.   

പ്രാദേശികം

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നു. സിംഗപ്പൂരില്‍ 14,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.