വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്‌ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ചൊവ്വ 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ്‌ ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.

കേരളം

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

ഏപ്രില്‍ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.

കോട്ടയം

സെൻസസ്; പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ  ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു. ജില്ലയിലെ സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ഓഫീസർമാർ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും.   വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടപടികളുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവര ശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികൾ മേയ് ആദ്യ ആഴ്ച്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ മുതൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും.  ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റർമാർ നേരിട്ട് എത്തി വിവരശേഖരണം നടത്തുന്നത്.  

കോട്ടയം

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകർക്കുള്ള അവസാന ഘട്ടസാങ്കേതിക പഠന പരിശീലന ക്ലാസും യാത്രയയപ്പും കോട്ടയം കുമ്മനം ഹനഫീ ജമാ അത്ത് ഓഡിറ്റോറിയത്തിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു.   മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ല അസിസ്റ്റൻറ് ടെയിനിംഗ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച സദസ്സിൽ അൽതാഫ് ഖിറാഅത്ത് അവതരിപ്പിച്ചു. കോട്ടയം ടൗൺ മസ്ജിദ് ഇമാം താഹാ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച  സംഗമത്തിൽ മണ്ഡലം ട്രെയിനർ നജീബ് കല്ലുങ്കൽ സ്വാഗതം ആശംസിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉ ലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ,കുമ്മനം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി നജ്മി അൽകാശി ഫി, ജമാ അത്ത് സെക്രട്ടറി സാദിഖ് എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു.ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി ഷാജഹാൻ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു.   കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഈരാറ്റുപേട്ട മണ്ഡലം ട്രെയിനിങ് ഓർഗനൈസർ വി.ടി ഹബീബ് നന്ദി അറിയിച്ചു. സംഗമത്തിൽ ജില്ലാ ടെയിനിംഗ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ മണ്ഡലം ട്രെയിനർമാരായ അജി കെ മുഹമ്മദ് , സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ,, മാഹിൻ പാറയിൽ, ശമ്മാസ് സലാം, , മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.

കേരളം

വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്’ (OriginOS Update) എന്ന വ്യാജേന അയയ്ക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വിവോ (Vivo), ഐക്യൂ (iQ00) സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പെന്ന് കേരള പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എ.പി.കെ (APK)ഫയലുകള്‍ ഡൗണ്‍ലോഡാകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്‍ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. പൊലീസിൻ്റെ നിർദേശങ്ങള്‍ Settings മെനുവിലെ ‘System Update’ വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ‘ഫോണ്‍ ബ്ലോക്ക് ചെയ്യും’ എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ പൂര്‍ണ്ണമായും അവഗണിക്കുക. ഫോണിലെ ‘Install from Unknown Sources’ എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്തു വെക്കുക. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണില്‍ ഉപയോഗിക്കുക. അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പാസ്വേർഡുകള്‍ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുകയെന്ന് പൊലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഇൻഡ്യ

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ജപ്പാന്‍. സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള നദീതീരങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആദ്യ തരംഗത്തിന് ശേഷം വലിയ സുനാമി ഉണ്ടാകുമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ 

കേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്: അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന് സാധ്യത; നാളെ മുതൽ നിയന്ത്രണം

തൊടുപുഴ: വൈദ്യുതി ഉപയോഗം റെക്കോഡുകൾ തകർത്ത് കുതിക്കുന്നതോടെ പിടിച്ചുനിൽക്കാൻ അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ്. ശനിയാഴ്ച രാത്രി പീക്ക് ലോഡ് ഡിമാൻഡ് 6033 മെഗാവാട്ടിലും പ്രതിദിന വൈദ്യുതി ഉപയോഗം 117.155 ദശലക്ഷം യൂനിറ്റും രേഖപ്പെടുത്തി. ഇതു രണ്ടും സർവകാല റെക്കോഡാണ്. വെള്ളിയാഴ്ചത്തെ റെക്കോഡുകളാണ് ശനിയാഴ്ച തകർത്തത്. 10.42 ലക്ഷം യൂനിറ്റിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്.  ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. 11 കെ.വി ഫീഡറുകളിൽ പലപ്പോഴും 9 കെ.വി വോൾട്ടേജ് മാത്രമേ എത്തുന്നുള്ളൂ. 230 വോൾട്ട് സിംഗിൾ ഫേസ് 170 വോൾട്ടിലേക്ക് താഴുന്നുമുണ്ട്. ഇതോടെ 11 കെ.വി ഫീഡറുകൾ പലപ്പോഴും ട്രിപ്പ് ആകുകയാണ്. ഓഫ് പീക്ക് ടൈമിലും ഡിമാൻഡ് കൂടുന്നുണ്ട്. വോൾട്ടേജ് കുറയുന്നത് ഉപഭോക്താവിന് വൈദ്യുതി ബിൽ കൂടാൻ ഇടവരുത്തും. ഔദ്യോഗിക ലോഡ് ഷെഡിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി അടക്കം ആവശ്യമുള്ളതിനാലാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത്.  പകലും രാത്രിയും ചൂട് ഒരുപോലെ നിൽക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്മാവ് താഴുന്നില്ല. ഈ സാഹചര്യത്തിൽ എ.സിയുടെ ഉപയോഗം വർധിക്കുന്നതാണ് വില്ലനാകുന്നത്. നേരത്തേതിൽ നിന്ന് വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോൾ പീക്ക് ഡിമാൻഡ് കൂടുന്നത്. നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയർന്നാൽ ഗ്രിഡ് സ്വയം നിലയ്ക്കും.  ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന എ.ഡി.എം.എസ് (ഓട്ടോമാറ്റഡ് ഡിമാൻഡ് മാനേജ്‌മെന്റ് സിസ്റ്റം) സംവിധാനമാണ് ഇത് നിയന്ത്രിക്കുന്നത്. ഇതോടെ ലോഡ് ക്രമാതീതമായി വർധിച്ച് 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം നിലയ്ക്കും. ഏതാനും നേരത്തേയ്ക്ക് ആ ഫീഡർ ചാർജ് ചെയ്യാനാകില്ല. കഴിഞ്ഞദിവസം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഇങ്ങനെ സംഭവിച്ചിരുന്നു. കേരളത്തിലെ എല്ലാ സബ് സ്റ്റേഷനുകളിലും 33 കെ.വി, 11 കെ.വി ഫീഡറുകളിൽ എ.ഡി.എം.എസ് ഏർപ്പെടുത്തിയിട്ടുണ്ട്.  പീക്ക് സമയത്ത് അല്ലാതെയും കഴിഞ്ഞദിവസം രാത്രിയിൽ പല ജില്ലകളിലും പത്ത് മുതൽ പതിനഞ്ച് മിനുട്ട് വീതം വൈദ്യുതി ഓഫ് ചെയ്തിരുന്നു. ചൂട് കൂടുകയും വൈദ്യുതി ഉപഭോഗം രാത്രിയിലും കൂടിയ സാഹചര്യത്തിൽ ഏതു സമയത്തും ലോഡ് ഷെഡിങ് ഏർപ്പെടുത്താമെന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, ലോഡ് ഷെഡിങ് സംബന്ധിച്ച് താഴേത്തട്ടിലുള്ള ഓഫിസുകൾക്ക് കെ.എസ്.ഇ.ബി നിർദേശങ്ങളൊന്നും നൽകിയിട്ടില്ല.  സബ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് വൈദ്യുതി വിതരണം ഓഫ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനിടെ, വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ യൂനിറ്റിന് പത്ത് രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്.  

കോട്ടയം

പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്

രാമപുരം: പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. ഇന്ന് രാത്രി 1 മണിയോടെയായിരുന്നു അപകടം നടന്നത്.ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം ഉയരുന്നത്.അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.