വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

അടുത്ത അക്കാദമിക് വർഷം മുതൽ സ്കൂൾ പ്രവേശനപ്രായം 6 വയസാക്കും: മന്ത്രി ശിവൻകുട്ടി

സ്‌കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ.എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അ‌ഞ്ച് വയസിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ഇപ്പോൾ ആറാം വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്.ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ 6 വയസ്സിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിടുണ്ടെന്നും ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ നിർമ്മാണം, പേപ്പറുകളുടെ മൂല്യനിർണ്ണയം, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്കുളള വിശദമായ മാർഗ്ഗരേഖ ഏപ്രിൽ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം

14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

തിരുവനന്തപുരം: വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഈടാക്കുമെന്ന് കെഎസ്ഇബി. പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവരില്‍നിന്നും യൂണിറ്റിന് ഏഴു പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് എട്ടു പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു.  

പ്രാദേശികം

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ ഉത്തരവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശിയായ വി.എസ് ഹുസൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകും. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.എ. സലീം സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഇടപെടൽ. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് നടത്തിയ സിറ്റിങ്ങിൽ 32 പരാതികൾ തീർപ്പാക്കി. 39 പരാതികൾ പരിഗണിച്ചു. ഏഴ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.പോലീസ്, ആരോഗ്യ മേഖല, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഇനി സമ്പൂർണ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനം ശനിയാഴ്ച

ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു വർഷക്കാലമായി നടന്ന് വരുന്ന മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ കർമ്മ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച് ഈരാറ്റുപേട്ട നഗരസഭ. അജൈവ മാലിന്യങ്ങൾ കൈമാറുന്ന വീടുകളുടെ എണ്ണം വർധിച്ച സ്ഥിതിക്ക് ഹരിതകർമ സേനകളുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ സജീവമാക്കുകയും, മാസത്തിലൊരിക്കൽ റിവ്യൂ മീറ്റിങ്ങുകൾ ചേർന്ന് സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അതിന്റെ ഭാഗമായി 2023 അഗസ്റ്റ് മാസം മുതൽ 2025 മാർച്ച് മാസം വരെ മുന്നൂറ് ടണ്ണിലധികം മാലിന്യങ്ങൾ ശേഖരിക്കാനും, സേനയുടെ സർവീസ് 90 ശതമാനത്തിൽ എത്തിക്കുവാനും, 2023 ൽ മൂന്ന് ലക്ഷമായിരുന്ന പ്രതിമാസ ഫീസ് നാല് ലക്ഷത്തിൽ എത്തിക്കുവാനും, ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്ങിന്റെ ഭാഗമായി വീടുകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുവാനും കഴിഞ്ഞു.    ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന.ബി.നായർ, ജെ.എച്ച്. ഐമാരായ അനീസ.വി.എച്ച്, സോണി മോൾ. ഇ.പി, ജെറാൾഡ് മൈക്കിൾ, ജഫീസ്.വി.എച്ച്, എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് നൈറ്റ് പട്രോളിങ് നടത്തി രാത്രി കാലങ്ങളിൽ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച് വരികയും, അതിന്റെ ഭാഗമായി ഫെബ്രുവരി മാസം മാത്രം ഒരു ലക്ഷം രൂപയിലധികം വ്യക്തികളിൽ നിന്നും പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസം മുതൽ 28 ഡിവിഷനുകളിലും നടത്തിയ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മൂലം ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുവാനും, മാലിന്യ കൂനകൾ നിർമാർജ്ജനം ചെയ്തു.    മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏപ്രിൽ മാസം മുഴുവൻ റോഡുകൾ, മീനച്ചിലാർ, കൈത്തോടുകൾ, മാലിന്യം അടിഞ്ഞ് കൂടുന്ന പ്രദേശങ്ങൾ വൃത്തിയാക്കം.നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി, സർക്കാർ ഓഫീസുകളുടെ ചുറ്റുമതിലുകളിൽ ചിത്ര രചനകൾ ചെയ്ത് മനോഹരമാക്കി. എല്ലാ വാർഡുകളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജാഗ്രത ബോർഡുകളും, പൊതു സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും, പൂച്ചട്ടികളും സ്ഥാപിക്കും.     29 ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും റാലിയും, മാലിന്യ മുക്ത നവകേരളം ക്യാമ്പയിന് പരിസമാപ്തി കുറിച്ച് 11:00 മണിക്ക് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന സംഗമത്തിൽ, നഗരസഭയെ സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തങ്കൽ പ്രഖ്യാപിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും, വൈസ് ചെയർമാൻ അൻസർ പുള്ളോളിൽ സ്വാഗതം ആശംസിക്കും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേസർസൺ ഷെഫ്ന അമീൻ ക്യാമ്പയിന്റെ പ്രതിജ്ഞ ചൊല്ലും, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ കൃതജ്ഞത അർപ്പിക്കും, സെക്രട്ടറി ഇൻ ചാർജ് നാൻസി വർഗീസ്, കൗൺസിലർമാരായ അഡ്വ: മുഹമ്മദ് ഇല്യാസ്, അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്. കെ. നൗഫൽ, അബ്ദുൽ ലത്തീഫ് വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവർ സംസാരിക്കും

പ്രാദേശികം

രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ കോളേജ്.

അരുവിത്തുറ :രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി ഗവേഷണ പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശില്പശാല സംഘടിപ്പിച്ചു.പ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.ശില്പശാലയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് നിർവഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അദ്ധ്യക്ഷയായിരുന്നു. രസതന്ത്രത്തിലെ കരിയർ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും ആവേശകരമായ വർക്ക് ഷോപ്പിൽ ഉൾപ്പെട്ടിരുന്നു.

ജനറൽ

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തി. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എംപുരാൻ. മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് ദിന തലേന്നാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം. മോഹന്‍ലാലിന്‍റെ തന്നെ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്. അതേസമയം കേരളത്തിലും ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് നേടുമോ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം. നിലവില്‍ ഈ റെക്കോര്‍ഡ് വിജയ് നായകനായ തമിഴ് ചിത്രം ലിയോയ്ക്ക് ആണ്. 12 കോടിയാണ് ലിയോയുടെ കേരള ഓപണിംഗ്. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.  

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്ത

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024-.25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രി.അജിത്ത് കുമാർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി മാത്യാ മെമ്പർമാരായ ശ്രീ. ജോസഫ് ജോർജ്, ശ്രീമതി. ശ്രീകല ആർ ശ്രീമതി ഓമനഗോപാലൻ, ശ്രീമതി മിനി സാവിയോ ശ്രീ. ജെറ്റോ ജോസ്, ബി.ഡി. ഒ. ബാബുരാജ്, സി.ഡി.പി.ഒ ജാസ്മ‌ിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുര്യൻ തോമസ്‌ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റിയും ബ്ലോക്ക്‌ കോർഡിനേറ്റർ ശ്രീ. രാജേന്ദ്ര പ്രസാദ്, കില ഫാക്കൽറ്റി ജോർജ് മാത്യു (വക്കച്ചൻ) ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക്‌ മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.