വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ.

േലുകാവ് മറ്റം : ആശാ വർക്കർമാർ നടത്തി വരുന്ന രാപ്പകൽ സമരം ഒത്തുതീർപ്പാക്കണമെന്നും വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്    മേലുകാവ്  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമേലുകാവ്  പഞ്ചായത്ത്  ഓഫീസിനു  മുന്നിൽ പ്രതിഷേധ ധർണ നടത്തി.   മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ജോസുകുട്ടി ജോസഫ് ധർണ്ണ  ഉദ്ഘാടനം ചെയ്തു.മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.തോമസ് സി വടക്കേൽ, പ്രേം ജോസഫ് ,മോഹനൻ മാരിപ്പുറത്ത്,ബിൻസി ടോമി,  എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

*'കണക്റ്റിംഗ് ഖുർആൻ'* ഫാമിലി മീറ്റും ഇഫ്താറും ഹൃദ്യമായി

ഈരാറ്റുപേട്ട: സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന കണക്റ്റിംഗ് ഖുർആൻ ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട ഏരിയ ഫാമിലി മീറ്റും ഇഫ്താറും സംഘടിപ്പിച്ചു. ഞായറാഴ്ച്ച അൽമനാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എരുമേലി ഹിറാമസ്ജിദ് ഇമാം സാജിദ് നദ്‌വി വിഷയമവതരിപ്പിച് സംസാരിച്ചു. പ്രശ്നോത്തരി 'അറിവുണർത്തൽ' ഹാഷിം കെ.എച്ച് നയിച്ചപ്പോൾ, കുട്ടികൾക്കായി ഹസീന ടീച്ചർ പ്രത്യേക സെഷൻ നടത്തി. സോളിഡാരിറ്റി ഏരിയാ പ്രസിഡൻ്റ് നൂർസമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്ഫാ യാസിർ ഖിറാഅത്തും സെക്രട്ടറി വി.എം ബാദുഷ സ്വാഗതവും പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അർഷദ് പി അഷറഫ്, ജമാ അത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻ്റ് അവിനാഷ് മൂസ എന്നിവർ പ്രസംഗിച്ചു.  ഇഫ്താറോട് കൂടി പ്രോഗ്രാം സമാപിച്ചു. റമീസ് പി.എസ്, അൻവർ പി.ച്, സിയഉൾ ഹഖ്, മാഹിൻ ഹിബ എന്നിവർ നേതൃത്വം നൽകി...

പ്രാദേശികം

*അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി രസതന്ത്ര ശില്പശാല*

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ രസതന്ത്ര വിഭാഗം, +2 സയൻസ് വിദ്യാർത്ഥികൾക്കായി 2025 മാർച്ച് 27 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ "ബ്രേക്കിംഗ് ബോണ്ട്സ് & മേക്കിംഗ് വണ്ടേഴ്സ്: ദി പവർ ഓഫ് കെമിസ്ട്രി" എന്ന ആവേശകരമായ രസതന്ത്ര വർക്ക്ഷോപ്പ് നടത്തുന്നു.രസതന്ത്ര പഠനത്തിനുള്ള തൊഴിൽ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള സെമിനാർ, രസകരമായ രസതന്ത്ര പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം, രസതന്ത്ര തീം ഗെയിമുകൾ, ആകർഷകമായ സമ്മാനങ്ങളോടെ ട്രഷർ ഹണ്ട് എന്നിവ ഉണ്ടായിരിക്കും.

പ്രാദേശികം

പൂഞ്ഞാർ സഹകരണബാങ്ക്: ഭരണസമിതിയെയും സെക്രട്ടറിയേയും പിരിച്ചുവിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു

ഈരാറ്റുപേട്ട: 2018 ഡിസംബർ മാസത്തിൽ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ എല്ലാ നിയമങ്ങളും ലംഘിച്ച് പിരിച്ച് വിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടിയും തുടർന്ന് 2019 മെയ് മാസം 31-ാം തീയതി റിട്ടയർ ചെയ്ത സെക്രട്ടറി ചാൾസ് ആൻ്റണിയെ 2019 ജൂൺ മാസം 3-ാം തീയതി 31.05.2019 തീയതി വെച്ച്, നിലവിൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ച് പിരിച്ച് വിട്ട അഡ്മിനിസ്ട്രേറ്ററുടെ നടപടിയും കേരള ഹൈക്കോടതി റദ്ദു ചെയ്‌ത് ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ ഉത്തരവായി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രമുഖ സഹകരണബാങ്കായ പൂഞ്ഞാർ സർവ്വീസ് സഹകരണബാങ്ക് 2008 മുതൽ ഭരണം നടത്തിയിരുന്നത് അന്നത്തെ ജനപക്ഷം, കോൺഗ്രസ്, കേരള കോൺഗ്രസ്(എം) മുന്നണിയായിരുന്നു. 2008-ൽ വന്ന ഭരണസമിതി നഷ്ടത്തിൽ ആയിരുന്ന ബാങ്കിനെ ലാഭത്തിൽ ആക്കി 25% ലാഭവിഹിതം നൽകി വന്നിരുന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും സഹകരണ പെൻഷൻ ബോർഡിലെ ജീവനക്കാരുടെ പ്രതിനിധിയും ആയിരുന്നു ചാൾസ് ആന്റണി. ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ജോർജ് പൂന്തോട്ടം, അഡ്വ. പി.വി. ബേബി എന്നിവർ ഹാജരായി.

കോട്ടയം

പാലാ കൊല്ലപ്പള്ളിയിൽ ദമ്പതികൾ സഞ്ചരിച്ച സ്ക്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവാവ് മരണമടഞ്ഞു: കൊല്ലപ്പെട്ട യുവാവ് ളാലം ക്ഷേത്ര ഉത്സവ കമ്മിറ്റിയംഗം

പാലാ ;ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിലാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. സ്കൂട്ടർ പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു.ധനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

പ്രാദേശികം

രാജ്യത്തിൻ്റെ ഭരണനിർവഹണ പ്രക്രിയയിൽ നിന്നും യുവജനങ്ങൾ പിൻമാറുന്നത് അപകടകരം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

അരുവിത്തുറ : രാജ്യത്തിൻ്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിൻമാറുകയാണെന്ന് സെബാസ്റ്റാൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളിൽ യുവജനങ്ങൾ അസംതൃപ്തരാണ്. ജനാധിപത്യ ഭദ്രതയെ വർഗ്ഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനൽ കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.  അരുവിത്തുറ സെന്റ് ജോർജസ് കോളേജ് പൊളിറ്റിക്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ യൂത്ത് പാർലമെൻറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ് വഴക്കങ്ങളും അദ്ധേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത അൽഫോസ അലക്സിനെ അദ്ദേഹം ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ്‌ ടോം തുടങ്ങിയവർ സംസാരിച്ചു. പാർലമെൻ്റിലെ ചോദ്യ ഉത്തര വേളയും, സഭാ നടപടികളും, ചർച്ചകളും, വാകൗട്ടുമെല്ലാം മനോഹരമായി അവതരിപ്പിച്ച പാർലമെൻ്റ് സമ്മേളനത്തിൽ വിദ്യാഭ്യാസ ബില്ലും അടിയന്തര പ്രമേയങ്ങളും അവതരിപ്പിച്ചു.

കോട്ടയം

വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2019-ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ജുവനൈൽ ഡ്രൈവിങ്ങിന് ഏർപ്പെടുത്തിയത് ഇക്കാരണംകൊണ്ടാണ്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല. കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണെന്നും എംവിഡി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം

SSLC- പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും; സ്‌കൂളുകളില്‍ കർശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് സ്‌കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങൾ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂൾ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാൽ കുട്ടികളെ രക്ഷിതാക്കൾ ഉടൻ വീട്ടിൽ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്. വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ മന്ത്രി നിർദേശം നൽകി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.