വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂളും പരിസരവും ശുചീകരിച്ചു. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കുന്നോന്നി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് എട്ടാം വാർഡ് മെമ്പർ സുജിത്ത് പി.സി നേതൃത്വം നൽകി. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കി.

കോട്ടയം

സ്‌കൂൾ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

കോട്ടയം :സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി. മുഖ്യ പ്രഭാഷണം നടത്തും.   എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, കെ. ബിനിമോൻ, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണിൽ, റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.വൈശാഖ്, മുനിസിപ്പൽ കൗൺസിലർമാരായ ബിൻസി സെബാസ്റ്റ്യൻ, എസ്. ഗോപകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ എന്നിവർ പങ്കെടുക്കും. ​​ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലാണ്(145 കുട്ടികൾ). ആറാം പ്രവൃത്തി ദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാൽ പ്രവേശന നിരക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രതീക്ഷ. ​പഠന നിലവാരം ഉയർത്താൻ വിവിധ പദ്ധതികൾ ജില്ലയിൽ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാദമിക പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടപ്പിലാക്കും. പ്രതിഭാധനരായ കുട്ടികൾക്കായി ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, ട്രൈബൽ വിദ്യാർഥികൾ ( ഇരുപതി ൽ കൂടുതൽ കുട്ടികൾ)ഉള്ള വിദ്യാലയങ്ങൾക്കായി പ്രത്യേക എൻറിച്ച്‌മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികൾക്കായി ലിറ്റിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം, പഠനനിലവാരത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികളെ ഉയർത്തികൊണ്ടുവരാനായി ശ്രദ്ധ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കൾക്കായി 'നമുക്കൊന്നിച്ചു പഠിക്കാം' പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പ്രോഗ്രാം, കൗമാര പ്രശ്നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി, ടീൻസ് ക്ലബ്, വിവിധ അധ്യാപക പരിശീലന പരിപാടികൾ, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ, മോഡൽ ഇൻക്ലൂസീവ് സ്‌കൂളുകൾ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം, ഇൻസ്പെയർ എന്നിങ്ങനെ വിവിധ പദ്ധതികളും ഈ വർഷം നടപ്പാക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും വിവിധ പദ്ധതികൾ ഈ വർഷം നടപ്പാക്കും.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ H1N1 പനി മരണം ; എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം പനി മരണം

കാഞ്ഞിരപ്പള്ളി :  ബുധനാഴ്ച   മരണപ്പെട്ട കാഞ്ഞിരപ്പള്ളി  കപ്പാട്‌ സ്വദേശിയായ  ജൂവലറി ജീവനക്കാരന്റെ  മരണം H1N1 പനി മൂലം ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി . അടുത്തിടപഴകിയ ഏഴ് പേർ നിരീക്ഷണത്തിലാണ്.  പനി ബാധിച്ച് ചികിത്സയിലായിരുന്ന എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം  മരണപ്പെട്ടത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മഴ തുടങ്ങിയതോടെ പനി ബാധിതരുടെ എണ്ണം പ്രദേശത്ത്  നാൾതോറും ഇരട്ടിക്കുകയാണ്.  സൂക്ഷിച്ചില്ലെങ്കിൽ  പല പനികളും  മാരകമായേക്കാം .   

പ്രാദേശികം

കേരളത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവ അവധിയിലുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തും. സാനിറ്ററി നാപ്കിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ശാസ്ത്ര അവബോധം കൂട്ടുന്നതിനായി നെഹ്റു ശാസ്ത്രകേന്ദ്രങ്ങള്‍ തുടങ്ങും

പ്രാദേശികം

ഇ.ഡി രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ഈരാറ്റുപേട്ടയിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം

ഈരാറ്റുപേട്ട: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ നടന്ന ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. തെക്കേക്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയ സെക്രട്ടറി ടി.എസ്. സിജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എസ്. സുനിൽ, ജില്ലാ കമ്മിറ്റി അംഗം ഇ. മുജീവ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.എ. ഷെമീർ എന്നിവർ സംസാരിച്ചു.പ്രകടനത്തിനും യോഗത്തിനും രമേഷ് ബി. വെട്ടിമറ്റം, അഡ്വ. വി.എൻ. ശശിധരൻ, കെ. റെജി, സി.ജി. സുരേഷ്, എ.വി. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം മാർച്ചും ധർണയും നടത്തി

പൂഞ്ഞാർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജസ്റ്റിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.ഐ.(എം) പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കർഷക സംഘം ഏരിയ സെക്രട്ടറി സി.കെ. ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം വി.കെ. മോഹനൻ, അബ്ദുൽ സലാം, പി.വി. വിജേഷ്, സൽമ വിപിൻ ദാസ്, സണ്ണി ജോൺ, എം.വി. പോൾ എന്നിവർ പ്രസംഗിച്ചു.

കേരളം

ഇന്ദിരാഗാരന്റിയ്ക്ക് പ്രാമുഖ്യം നല്കി നയപ്രഖ്യാപനം. വലിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ പറഞ്ഞു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യു.ഡി.എഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐ.ടി വകുപ്പ് ഐ.ടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമ​ഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രധാന പ്രഖ്യാപനങ്ങൾ :  റോഡ് നവീകരണം നടപ്പാക്കും  പൊതു​ഗതാ​ഗതം ആധുനികമാക്കും  ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോ​ഗിക്കും  റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും  പട്ടയവിതരണം കാര്യക്ഷമമാക്കും  ഭൂ നിയമങ്ങൾ പരിഷ്കരിക്കും  ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും  തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി  ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും  വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകും  എല്ലാവർക്കും ​ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും  ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും  ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും  കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും  വഖഫ് ബോർഡ് നവീകരിക്കും  ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും  ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.  ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം  സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും  യുവാക്കൾക്കായി നൈപുണ്യ വികസനം  ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും  കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും  കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില  മികച്ച സംഭരണ സംവിധാനങ്ങൾ ഉറപ്പാക്കും  വനിതാ കർഷകരെ ശാക്തീകരിക്കാൻ 'വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം' രൂപീകരിക്കും  യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ  മലബാർ ടെംപിൾ പിൽ​ഗ്രിം പ്രോജക്ട് നടപ്പാക്കും  ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സമഗ്ര സിനിമ നയം രൂപീകരിക്കും  അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും  സീറോ ടോളറൻസ് ടു ഡ്ര​ഗ്സ്. എക്സൈസ് വകുപ്പിൽ സമ​ഗ്ര പരിഷ്കാരം  എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും  സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും  എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ  പൊതുവിതരണ ശൃംഖല ശക്തമാക്കും  വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി  സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും  മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും  തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 'മിഷൻ സമുദ്ര' പദ്ധതി  കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ ഉറപ്പാക്കും.

പ്രാദേശികം

രാഷ്ട്രീയ വേട്ടയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പൂഞ്ഞാർ: സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, മുതിർന്ന നേതാവ് ഇ.എ മോഹനൻ എന്നിവർ പ്രസംഗിച്ചു.കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രവർത്തകർ യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.