വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഭൂജല സംരക്ഷണവും പരിപോഷണവും പൂഞ്ഞാർ കോളേജ് ശില്പശാല നടത്തി

പൂഞ്ഞാർ: കേരള സർക്കാരിൻറെ ഭൂജല വകുപ്പ് കോട്ടയം ജില്ലാ ഓഫീസും കോളേജ് ഓഫ് എൻജിനീയറിങ്ങ് പൂഞ്ഞാറും ചേർന്ന് ഭൂജല സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. ഫലപ്രദമായ ഭൂജല സംരക്ഷണവും പരിപോഷണവും പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയത്തിൽ ഊന്നിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നടന്ന ശില്പശാല കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഉദയകുമാർ ആർ അധ്യക്ഷനായിരുന്നു. ഗവൺമെൻറ് കോളേജ് നാട്ടകം ജിയോളജി വകുപ്പ് മേധാവി പ്രൊഫ. ദിലീപ് കുമാർ പി.ജി. 'ഭൂജല സംരക്ഷണവും പരിപോഷണവും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സനൽ ചന്ദ്രൻ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി. രാജേഷ് ആശംസയും, ഹൈഡ്രോ ജിയോളജിസ്റ്റ് മനോജ് എം നന്ദിയും പറഞ്ഞു.    

പ്രാദേശികം

കോടതികൾ ' കയറിയിറങ്ങി ' ജഡ്ജിയുമൊത്ത് സംവദിച്ചു വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : സിനിമകളിലും സീരിയലുകളിലും മാത്രം കണ്ട് പരിചയമുള്ള കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ അമ്പരപ്പിൻ്റെ ലോകത്തായി.ജഡ്ജിമാരെയും കോട്ടും സ്യൂട്ടുമണിഞ്ഞ അഭിഭാഷകരെയും വാദികളെയും പ്രതികളെയും കേസ് ഫയലുകൾ നിറഞ്ഞ കോടതി മുറികളെയും കണ്ട വിദ്യാർത്ഥികൾ എല്ലാം സസൂക്ഷ്മം വീക്ഷിച്ചു. ഇത് ഞങൾ സിനിമകളിലും മറ്റും കണ്ടത് പോലെയല്ലല്ലോ എന്നായി ചില കമൻ്റുകൾ.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ  കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരു ന്നു.താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും കുടുംബക്കോടതി ജഡ്ജിയുമായ അയ്യൂബ് ഖാനുമായി കുട്ടികൾ സംവദിച്ചു.എന്താണ് പൊതു താൽപര്യ ഹർജി,തങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും രക്ഷപ്പെടാൻ നിയമങ്ങൾക്ക് എങ്ങനെ ഇടപെടാൻ കഴിയും തുടങ്ങി വിവിധ ചോദ്യങ്ങൾ അവർ ജഡ്ജിയോട് ചോദിച്ചു. അഡ്വ.ആർ ഹരി മോഹൻ നിയമബോധവൽകരണ ക്ലാസെടുത്തു. സൈക്യാട്രിക് സോഷ്യൽ കൗൺസലർ സജിത എസ്.മോട്ടിവേഷൻ ക്ലാസ് നൽകി.ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,അധ്യാപകരായ സിന്ദുമോൾ കെ. എസ്.,ജോബിൻ സി.എന്നിവർ സംവാദ പരിപാടിക്ക് നേതൃത്വം നൽകി. സംവാദയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പുസ്തകങ്ങളും ജഡ്ജി വിതരണം ചെയ്തു.

മരണം

ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി

ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി .കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസംഖബറടക്കം ഇന്ന് അസറിന് 5 മണിക്ക്

പ്രാദേശികം

നഗരസഭ ഉപതെരഞ്ഞെടുപ്പ്; കുഴിവേലിയിൽ കളം മുറുകുന്നു

ഈരാറ്റുപേട്ട : കുഴിവേലി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കളം സജീവമാക്കി മുന്നണികൾ . യു ഡി എഫ് , എൽ ഡി എഫ് മുന്നണികൾക്ക് പുറമേ എസ് ഡി പി ഐ യും മത്സര രംഗത്തുണ്ട്.യു ഡി എഫിനായി മുസ്ലിം ലീഗിലെ റൂബിന നാസർ, എൽ ഡി എഫിനായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈല റഫീക്ക് എസ് ഡി പി ഐയുടെ തസ്നിം അനസ് എന്നിവരാണ് മത്സര രംഗത്തുള്ളത്. പരമ്പരാഗത യു ഡി എഫ് സീറ്റായ കുഴിവേലി ഇത്തവണയും നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്. ഇതിനായി മുമ്പ് രണ്ട് വട്ടം വാർഡിനെ പ്രതിനിധീകരിച്ച അഡ്വ വി പി നാസറിൻ്റെ ഭാര്യ റൂബിനയെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. നാസറിൻ്റെ ബന്ധങ്ങളും അനുഭവ പരിചയങ്ങളും സ്ഥാനാർത്ഥിക്ക് മുതൽകൂട്ടാവുമെന്നും വൻഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തുമെന്നും യു ഡി എഫ് നേതാക്കൾ പറയുന്നു. അതേസമയം, പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഇക്കുറി കുഴിവേലി സീറ്റ് പിടിച്ചെടുക്കുമെന്നും എൽ ഡി എഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നു. ഇൻഡ്യൻ നാഷണൽ ലീഗ് കോട്ടയം ജില്ലാ സെക്രട്ടറി പി എസ് റഫീക്കിൻ്റെ ഭാര്യ ഷൈലയെയാണ് എൽ ഡി എഫ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റക്കു നിന്നു പിടിച്ച119 വോട്ടിൻ്റെ ആത്മവിശ്വാസത്തിലാണ് എസ് ഡി പി ഐ സ്ഥാനാർത്ഥി തസ്നി അനസ്. ഇക്കുറി വാർഡ് പിടിച്ചെടുക്കുമെന്നാണ് എസ് ഡി പി ഐ അവകാശവാദം. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ മൂന്ന് മുന്നണികളുടെയും പ്രചാരണം ശക്തമായി.

ഇൻഡ്യ

രാജ്യത്തെ പള്ളികളില്‍ സര്‍വേയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി തടയണം

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കുന്നതില്‍ നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദിലെയും അജ്മീര്‍ ദര്‍ഗയിലെയും സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്ന് ബോര്‍ഡ് ദേശീയ വക്താവ് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് ആവശ്യപ്പെട്ടു.   രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമം കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആരാധനാലയ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സ്‌ഫോടനാത്മകമായ സാഹചര്യമായിരിക്കും രാജ്യത്തുണ്ടാവുക. അതിന് സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരുമായിരിക്കും ഉത്തരവാദിയെന്നും ഡോ.എസ് ക്യു ആര്‍ ഇല്‍യാസ് പ്രസ്താവനയില്‍ പറഞ്ഞു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ദര്‍ഗകളിലും അവകാശവാദങ്ങള്‍ ഉയരുന്നതില്‍ ബോര്‍ഡ് ആശങ്ക പ്രകടിപ്പിച്ചു. സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അജ്മീറിലെ ദര്‍ഗയിലും ചിലര്‍ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. അജ്മീര്‍ ദര്‍ഗ ശിവക്ഷേത്രമാണെന്നാണ് അവകാശവാദം. നിര്‍ഭാഗ്യവശാല്‍ അജമീറിലെ വെസ്റ്റ് സിവില്‍ കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയും ദര്‍ഗ കമ്മിറ്റിക്കും കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം 1991ലെ ആരാധനാലയ നിയമത്തിന് എതിരാണ്. 1947 ആഗസ്റ്റ് 15ലെ ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരണമെന്നാണ് ഈ നിയമം പറയുന്നത്. ബാബരി മസ്ജിദ് കേസിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.  എന്നാല്‍, വരാണസിയിലെ ഗ്യാന്‍ വ്യാപി പള്ളി, മധുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദ്, മധ്യപ്രദേശിലെ ഭോജ്ശാല മസ്ജിദ്, ലഖ്‌നോവിലെ തീലെവാലി മസ്ജിദ്, സംഭാല്‍ ജാമിഅ് മസ്ജിദ് എന്നിവിടങ്ങളില്‍ കീഴ്‌ക്കോടതികള്‍ സര്‍വേയ്ക്ക് അനുമതി നല്‍കി. ഇപ്പോള്‍ ഇത് ലോകപ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലേക്കും എത്തിയിരിക്കുന്നു. നിയമവിരുദ്ധമായാണ് ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് ഹരജിക്കാരന്‍ വാദിക്കുന്നത്. ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്ന കാലത്ത് ആരാധനാലയ നിയമത്തെ കുറിച്ച് സുപ്രിംകോടതി നിലപാട് പറഞ്ഞിരുന്നു. കൂടുതല്‍ ആരാധനാലയങ്ങളില്‍ അവകാശവാദമുണ്ടാവരുതെന്നും കോടതി അന്ന് പറഞ്ഞു. എന്നിട്ടും ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയ്ക്ക് കീഴ്‌ക്കോടതി അനുമതി നല്‍കി. അതിനെ ചോദ്യം ചെയ്ത് മുസ്‌ലിം പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, കോടതി മുന്‍ നിലപാട് മയപ്പെടുത്തി സര്‍വേയ്ക്ക് അനുമതി നല്‍കി. സര്‍വേ നടത്തുന്നത് 1991ലെ നിയമത്തിന്റെ ലംഘനമാവില്ലെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചത്. ഇതോടെയാണ് മധുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദിലും ലഖ്‌നോവിലെ തീലെവാലി മസ്ജിദിലും സംഭലിലെ ശാഹി ജാമിഅ് ജുമാ മസ്ജിദിലും ഇപ്പോള്‍ അജ്മീര്‍ ദര്‍ഗയിലും അവകാശ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. അതിനാല്‍, വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് ആവശ്യപ്പെട്ടു.

പ്രാദേശികം

"ആരോഗ്യ കേരളത്തിന് അക്യുപങ്ചറിന്റെ കൈത്താങ്ങ്" സംസ്ഥാന ക്യാമ്പയിൻ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: അക്യുപങ്ചർ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ " ആരോഗ്യ കേരളത്തിന് അക്യുപങ്ചറിന്റെ കൈത്താങ്ങ് എന്ന പ്രമേയത്ത് ആസ്പദമാക്കി ഒരു വർഷം നീണ്ടു നിൽക്കുന്ന ഹെൽത്ത് ക്യാമ്പയിൽ നാളെ ഈരാറ്റുപേട്ടയിൽ നടക്കും.  രാവിലെ 10 ന് നടയ്ക്കലിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹ്സിന അയ്യൂബിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.ഉൽഘാടനം ചെയ്യും ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരിക്കും. വാർഡ് കൗൺസിലർ അബ്ദുൽ ലത്തീഫ് ഫെസറേഷൻ ജില്ല പ്രസിഡന്റ് ഷാജഹാൻ പൊൻകുന്നം, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജുനൈദ് മമ്പാട്, ജില്ലാ സെക്രട്ടറി റഫീക്ക് ദിലീപ് എന്നിവർ പ്ര സംഗിക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സൗജന്യ ക്യാമ്പുകൾ വ്യായാമ പരിശീലനം, പാചക കളരികൾ കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ  മുഹ്സിന അയ്യൂബ്, ഷാജഹാൻ പൊൻകുന്നം, റഫീക്ക ദിലീപ് ,ഷക്കീല ബീവി, അബ്ദുൽ ലത്തീഫ് എന്നിവർ അറിയിച്ചു

ജനറൽ

*ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിറുത്തും

തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള ബി.എഡ് കോഴ്‌സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിൻ്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്‌സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറി. നാലുവർഷ ബി.എഡിൻ്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്സ് ഇല്ലാതാവും. എൽ.പി, യു.പി സ്കൂൾ അദ്ധ്യാപകരാവാനുള്ള രണ്ടുവർഷത്തെ ടി.ടി.സി കോഴ്സ് അടുത്ത വർഷം നിറുത്തും. നീറ്റ് മാതൃകയിൽ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സർക്കാർ നിശ്ചയിക്കും. 2030 മുതൽ നാലുവർഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം. ബി.എ, ബി.എസ്‌സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകൾക്കൊപ്പമാവും നാലുവർഷ ബി.എഡും. ആദ്യവർഷം മുതൽ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷവും വിജയിക്കുമ്പോൾ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്‌സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും. നിലവിൽ കോഴിക്കോട് എൻ.ഐ.ടി, കാസർകോട് കേന്ദ്രസർവകലാശാല എന്നിവിടങ്ങളിൽ നാലുവർഷ ബി.എഡുണ്ട് എൻ.ഐ.ടിയിൽ വാർഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളിൽ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനായിരിക്കും  (എൻ.സി.ടി.ഇ) കോഴ്‌സ് അനുവദിക്കുക. നിലവിൽ ബി.എഡ് കോഴ്‌സുള്ള ട്രെയിനിംഗ് കോളേജുകളിൽ നാലുവർഷ ബി.എഡ് അനുവദിക്കില്ല. *രണ്ട് മേജർ കോഴ്‌സുകൾ* നാലുവർഷ ബി.എഡിൽ രണ്ട് മേജർ കോഴ്സുകളുണ്ടാവും. ഒരെണ്ണം ടീച്ചർ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തിൽ പരിഷ്കരിക്കും. *പ്രൈമറി ടീച്ചർക്കും ബി.എഡ്* എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി,ആറു മുതൽ എട്ടുവരെ മിഡിൽ, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബി.എ,ബി.എസ്‌സി, ബികോം എന്നിവയിൽ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.

പ്രാദേശികം

യോഗ പരിശീലകയെ ആവശ്യമുണ്ട്.

ഈരാറ്റുപേട്ട. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള യോഗ പരിശീലനപരിപാടിയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ വൈ.എസ് ബിരുദം/ തതുല്യയോഗ്യതയുളള യോഗ അസോസിയേഷൻ /സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുളളവരുമായ വനിതാ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് ഡിസംമ്പർ 5 വ്യാഴാഴ്ച രാവിലെ 11.00ന് നഗരസഭ കാര്യാലയത്തിൽ വച്ച് അഭിമുഖം  നടത്തുന്നു. താൽപര്യമുളളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്.കൂടാതെ, നഗരസഭ നടത്തുന്ന യോഗാപരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള നഗരസഭാ നിവാസികളായ കൗമാരക്കാരായ പെൺകുട്ടികൾക്കും, വനിതകൾക്കും 2024 ഡിസംബർ 5 വരെ നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിക്കുന്നു.