മുനമ്പം ജുഡീഷ്യൽ കമീഷൻ: കോടതി വിധി സ്വാഗതാർഹം -കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
കോട്ടയം: 404ഏക്കറോളം വിസ്തൃതിയുള്ള മുനമ്പത്തെ വക്കഫ് ഭൂമി ഇഷ്ടദാനമായി കിട്ടിയതാണെന്നും ക്രയവിക്രയ സ്വാതന്ത്ര്യമുള്ളതാണെന്നുമുള്ള കോഴിക്കോട് ഫാറൂക്ക് കോളജ് അധികൃതരുടെ നിലപാടിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു. മുനമ്പത്തേത് വക്കഫ് ഭൂമി ആയതു കൊണ്ടാണ് നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലാത്ത കമ്മീഷൻ നിയമനം ചോദ്യം ചെയ്യപ്പെട്ടത്. ഇതംഗീകരിച്ചു കൊണ്ടുള്ള വിധിയിലൂടെ വിവാദഭൂമി വക്കഫാണെന്ന് തെളിഞ്ഞതായും സക്കീർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ, ഭാരതത്തിൻറെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും അഭംഗുരം നിലനിർത്താൻ, അവസരത്തിനൊത്തുയർന്ന കേരളാ ഹൈക്കോടതി നീതിന്യായ വ്യവസ്ഥയുടെ ഉദാത്ത മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.