വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

എസ്‌.ഡി.പി.ഐ പൗരാവകാശ ജാഥ ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: രാജ്യത്ത് പൗരാവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റങ്ങൾക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥകളുടെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡല കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥ ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ നടയ്ക്കൽ , കടുവാമൂഴി എന്നിവിടങ്ങളിൽ കോർണ്ണർ യോഗങ്ങൾക്ക് ശേഷം വൈകിട്ട് 6 മണിക്ക് ചേന്നാട് കവലയിൽ നിന്ന് ബഹുജന റാലി ആരംഭിച്ച് മുട്ടം കവലയിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ.ഉസ്മാൻ  ഉത്ഘാടനം ചെയ്യും മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് , മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലീ, രാജു പാറത്തോട്, ഇസ്മായിൽ കീഴേടം , അബ്ദുൽ സമദ് പാറത്തോട് ,യാസിർ കാരയ്ക്കാട്. എന്നിവർ സംസാരിക്കും

പ്രാദേശികം

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് - 2026

ഈരാറ്റുപേട്ട:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ . 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം  വെള്ളിയാഴ്ച രാവിലെ  10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ് . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , ശ്രീ.ബിൻസ് ജോസഫ് (BPC), ശ്രീമതി ഷീജ എസ് ( പ്രിൻസിപ്പൽ ),ശ്രീ മുജീബ് മഠത്തി പറമ്പിൽ ( പിടിഎ പ്രസിഡന്റ് ) ശ്രീ. അനസ് പാറയിൽ ( പിടിഎ വൈസ് പ്രസിഡന്റ് ) ശ്രീമതി സിസി പൈകട ( ഹെഡ്മിസ്ട്രസ്) തുടങ്ങിയവർ പ്രസംഗിക്കും.

പ്രാദേശികം

20.5 കോടി രൂപയുടെ അമൃത് പദ്ധതി; ഈരാറ്റുപേട്ട നഗരസഭയിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുന്നു

ഈരാറ്റുപേട്ട .നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി 20.5 കോടി രൂപയുടെ അമൃത് (അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) കുടിവെള്ള പദ്ധതി നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണച്ചുമതല കേരള ജല അതോറിട്ടിയ്ക്കാണ്.   ശുദ്ധീകരിച്ച കുടിവെള്ള വിതരണം ലക്ഷ്യമിടുന്ന നഗരസഭയിലെ ആദ്യ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി 39 കിലോമീറ്റർ നീളത്തിൽ ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ നഗരസഭയിലെ ഏഴുമുതൽ 20 വരെ വാർഡുകളിലും രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള പ്രദേശങ്ങളിലും പൈപ്പ്് ലൈൻ സ്ഥാപിക്കും. 1500 പുതിയ ഗാർഹിക കുടിവെള്ള കണക്ഷനുകളും നൽകും.   ജൽ ജീവൻ മിഷൻ വഴി 13 പഞ്ചായത്തുകൾക്കായി നടപ്പാക്കുന്ന മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയുമായി ബന്ധിപ്പിച്ചാണ് നഗരസഭയിൽ ജലവിതരണം നടത്തുക. മലങ്കര പദ്ധതിയിൽ നീലൂരിൽനിന്ന് വെട്ടിപ്പറമ്പിലെ ഭൂതല ജലസംഭരണിയിലേക്കാണു വെള്ളം എത്തിക്കുന്നത്. ഈ ലൈനിൽനിന്ന്  തേവരുപാറ ജംഗ്ഷനിൽവച്ച് വെള്ളം തിരിച്ചുവിട്ട് തേവരുപാറയിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ എത്തിക്കാനും ഇവിടെനിന്ന് നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനുമാണ് അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ 50, സംസ്ഥാന സർക്കാർ 37.5, നഗരസഭ 12.5 ശതമാനം വീതം ചെലവ് വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.

കേരളം

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കും. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാരമേഖലകൾ 24 മണിക്കൂർ പൂർണമായി സ്‌തംഭിക്കും. കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽകോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂർണ്ണ വിദേശ നിക്ഷേപത്തിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാർ വരെയുള്ള വിഷയങ്ങൾ പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, കലാലയങ്ങൾ, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും.കെഎസ്ആർടിസി സർവീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാൽ പൊതുനിരത്തുകൾ ശൂന്യമായിരിക്കും. ചുരുക്കത്തിൽ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.

പ്രാദേശികം

വന്യജീവി ആക്രമണം: നടപടി സ്വീകരിക്കണം - മാണി സി കാപ്പൻ

ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ  ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.നിരാഹാര സമരത്തിൻ്റെ ഏഴാം ദിവസം സമര പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര സമിതി നേതാക്കളായ വി. എം.അബ്ദുള്ള ഖാൻ, ഒ. ഡി.കുര്യാക്കോസ്, അഡ്വ. സുഹൈൽ ഖാൻ,ഷിനോയ് തുരുത്തിയിൽ, റോയി മേക്കല്ലായിൽ,അപ്പച്ചൻ പാറന്തോട്ടത്തിൽ,എ എസ്.തങ്കപ്പൻ, ജോസ് വയംപോത്തനാൽ എന്നിവർ ചേർന്നു എം എൽ യെ സ്വീകരിച്ചു.

പ്രാദേശികം

ജനകീയ സമരത്തെ സർക്കാർ അവഗണിക്കരുത്: ശിവാജി ഖേദ്ക്കർ

ഈരാറ്റുപേട്ട ; വന്യജീവിയാക്രമണം തടയുന്നതിന് ഫല പ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണി പൈകട ആരംഭിച്ച നിരാഹാര സമരം അഞ്ചുദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നിഷേധാത്മക സമീപനം കൈക്കൊള്ളുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് '  വന്യജീവിയാക്രമണത്തിനെതിരെയുള്ള ദേശീയ ഫോറം പ്രസിഡൻ്റ് ശിവാജി ഖേദ്ക്കർ പറഞ്ഞു. ഈരാറ്റുപേട്ട വ്യാപാർഭവനിൽ നടന്ന കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ ജോൺ ജോസഫ് വന്യജീവി പ്രശ്നം നയങ്ങളും സമീപനവും എന്ന വിഷയം അവതരിപ്പിച്ചു. കർണാടക ഫാർമേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ആർ നന്ദകുമാർ, രാജസ്ഥാൻ കിസാൻ യൂണിയൻ നേതാവ് ജഗദീശ് കുമാർ, കാവേരി ഡെൽറ്റ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിമൽനാഥ്, ഇൻഫാംജില്ലാ പ്രസിഡൻ്റ് പ്രൊഫ. കെ.കെ ജോസ് , അഡ്വ. ബിനോയി തോമസ്, വിളയോടി വേണുഗോപാൽ, പാലാ മുൻസിപ്പൽ ചെയർമാൻ ദിയ ബിനു പുളിക്കക്കണ്ടം, കർഷക വേദി വൈസ് പ്രസിഡൻ്റ് ടോമിച്ചൻ ഐക്കര, ഏകത പരിഷത് പ്രതിനിധി അജിത് രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ സ്വാഗതവും വി.എം അബ്ദുള്ളാ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി. ടൗൺ ചുറ്റി പ്രകടനത്തിനു ശേഷം സത്യഗ്രഹ പന്തലിൽ ചേർന്ന പൊതുയോഗം ഇൻഫാം ദേശീയ  ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിൽ നിന്നെത്തിയ കർഷക നേതാവ് ശിവാജി ഖേദ്കർ, രാജസ്ഥാൻ കിസാൻ യൂണിയൻ പ്രസിഡൻ്റ് ജഗദീശ്കുമാർ, അഡ്വ. ജോൺ ജോസഫ്, റോജർ ഇടയോടിയിൽ , സജി മൂലേച്ചാലിൽ തങ്കച്ചൻ വി സിബ് വി എം അബ്ദുള്ളാ ഖാൻ, വി.ഡി ജോസ്, ഷാജി തുണ്ടത്തിൽ, ജോഷി താന്നിൽ, എ.എം.എ ഖാദർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി.പി നാസ്സർ ദേശീയ നേതാക്കളെ ഷാൾ അണിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സത്യാഗ്രഹമനുഷ്ഠിക്കുന്ന സണ്ണി പൈകടയെ ഷാളണിയിച്ചു. നിരാഹാരം ആറുദിവസങ്ങൾ പിന്നിടുമ്പോൾ റജി വാളിപ്ലാക്കൽ 24 മണിക്കൂർ ഐക്യദാർഢു ഉപവാസം ആരംഭിച്ചു.

കോട്ടയം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച

ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ , കോട്ടയം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അമാനത്, നഗരസഭാ കൗൺസിലർമാർ, മറ്റു സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.  തിരിച്ചുവന്ന പ്രവാസികള്‍ക്കായി, അവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുക. ക്ഷേമനിധി, നോര്‍ക്ക, വിസ, ടിക്കറ്റ്, ടൂർസ്, മണി ട്രാന്‍സ്ഫര്‍, കോര്‍പ്പറേറ്റ് സര്‍വ്വീസസ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍സ് തുടങ്ങിയ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുമായുള്ള ഒരു ഏകീകൃത കേന്ദ്രമാണ് പ്രവാസി സേവാകേന്ദ്രം.   സൌദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറു രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നാട്ടിൽനിന്നും പ്രവാസ ലോകത്തേക്ക് പോകുന്ന ഉദ്യോഗാർഥികളെ പിന്തുണക്കുന്നതിനുമാണ് ഇ.ജി.എ മുൻഗണന നൽകി പ്രവർത്തിച്ചുവരുന്നത്.ഉദ്ഘാടന സമ്മേളനത്തിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

വെരി റവ ഫാ മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ ഉജ്ജ്വല വരവേൽപ്പ്.

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയുടെ വികാരിയായും അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് മാനേജരായും ചുമതലയേറ്റ ശേഷം അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ എത്തിയ വെരി റവ ഫാ. മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ വരവേൽപ്പു നൽകി. അദ്ധ്യാപക അനദ്ധ്യാപക ജീവനകാരുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്. അദ്ധ്യാപക സമൂഹത്തിൻ്റെ സംഭാവനയാണ് ലോകത്തിലുണ്ടായ പുരോഗതികളും ഗുണപരമായ മാറ്റങ്ങളുമെന്ന് ഫാ മാത്യു ചന്ദ്രൻക്കുന്നേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ്, കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.