വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും.

ഈരാറ്റുപേട്ട: ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും. 2024 ഫെബ്രുവരി 22 ന് ആരംഭിച്ച മംഗല്യയുടെ പ്രധാന ലക്ഷ്യം അർഹതപ്പെട്ട ഒരു കുടുംബത്തിന്റെ വിവാഹത്തിന് 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു. വരുന്ന ഞായറാഴ്ച്ച ഈരാറ്റുപേട്ട വ്യാപാരഭവനിൽ വച്ച് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയാണ്. ഡ്രസ്സ് ബാങ്ക് ആക്‌ടിങ് പ്രസിഡന്റ് ഷെമി നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വർണത്തിനുള്ള തുക കൈമാറും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹറ അബ്ദുൽഖാദർ മുഖ്യപ്രഭാഷണം നടത്തും. ഡ്രസ്സ് ബാങ്ക് രക്ഷാധികാരി പ്രൊഫ. എ.എം റഷീദ് ടിബിഇ മംഗല്യയെക്കുറിച്ചു സംസാരിക്കും. ഈരാറ്റുപേട്ട KVVES പ്രസിഡന്റ് എഎംഎ ഖാദർ സന്ദേശം നൽകും. നൈനാർ ജുമാ മസ്‌ജിദ് പ്രസിഡന്റ് മുഹമ്മദ് സക്കീറും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വൈസ്‌ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസും ആശംസകൾ നേർന്നു സംസാരിക്കും. ഡ്രസ്സ് ബാങ്ക് എക്സിക്യൂട്ടീവ് മെമ്പറുമാരായ ഫാത്തിമ ശമ്മാസ് സ്വാഗതവും ഫാത്തിമ തസ്‌നി നന്ദിയും അറിയിക്കും.  

പ്രാദേശികം

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം . അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നിയമബോധന സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി നിയമബോധന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷക അഡ്വക്കേറ്റ് ജയ വിജയൻ സെമിനാറിന് നേതൃത്വം നൽകി.അതിക്രമങ്ങൾക്ക് എതിരായ പരിരക്ഷ നേടുന്നതിനൊപ്പം മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

എം.ഇ എസ്. നേതാക്കൾക്ക് സ്വീകരണം നൽകി

ഈരാറ്റുപേട്ട.  പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദിനും സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.എം.കെ. ഫരീദിനും എം.ഇ.എസ് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി.  താലൂക്ക് പ്രസിഡൻ്റ് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഹബീബുല്ലാ ഖാൻ ,പി.ഐ. നൗഷാദ് ,മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു ഇ പി.സൈനുദ്ദീൻ കുഞ്ഞു ലബ്ബ, അബ്ദുൽ റഹീം പാണ്ടിയാലിയ്ക്കൽ ,പൊന്തനാൽ ഷരീഫ് എന്നിവരെ യോഗത്തിൽ വെച്ച് ആദരിച്ചു.  

വിദ്യാഭ്യാസം

*ഫെബ്രുവരിയിൽ നടത്താനിരുന്ന 8,9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക്‌മാറ്റി

തിരുവനന്തപുരം :ഫെബ്രുവരിയിൽ നടത്താനിരുന്ന 8,9  ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക്‌മാറ്റി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി.  അക്കാദമിക കലണ്ടറിനെ നോക്കുകുത്തിയാക്കി, ക്ലാസുകൾ പൂർത്തിയാക്കും മുൻപേ പരീക്ഷനടത്തുന്നതിൽ പരാതിയുയർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയത്.  ഫെബ്രുവരി 25-ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതിലെ ബയോളജി പരീക്ഷ മാർച്ച് 15-ന് രാവിലെ നടത്തും. 27-ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാർച്ച് 18-ന് രാവിലെയാക്കി. ഫെബ്രുവരി 25-ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒൻപതിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷയും മാർച്ച് 11-ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25-ലേക്ക് മാറ്റി. ഫെബ്രുവരി 27-ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാർച്ച് 27-ന് രാവിലെയുമാക്കി മാറ്റിക്രമീകരിച്ചു.പ്രായോഗികത പരിഗണിച്ച് പുനഃക്രമീകരിക്കുന്നെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുള്ളത്. പരിഷ്കരിച്ച പാഠപുസ്തകം പ്രകാരം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനംപോലും ഇത്തവണ നൽകിയിരുന്നില്ല. അതിനിടെയാണ് പാഠം തീരുംമുൻപേ പരീക്ഷ നടത്താനുള്ള ഉത്തരവ് വന്നത്.

പ്രാദേശികം

ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽ സംസ്കാരിക പരിപാടി സംഘടിപിക്കുന്നു.

ഈരാറ്റുപേട്ട :ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (FACE ) ൻ്റെ സാഹിത്യ വിഭാഗമായ ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽസംസ്കാരിക പരിപാടി സംഘടിപിക്കുന്നു.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 മുതൽ പൂഞ്ഞാർ വനസ്ഥലിയിൽ നടക്കുന്ന പരിപാടികൾ ശ്രീ.എബി ഇമ്മാനുവൽ ഉൽഘാടനം ചെയ്യും. ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് വി.റ്റി.ഹബീബ് അദ്ധ്യക്ഷത വഹിക്കും. ഫെയ്സ് പ്രസിഡന്റ് സക്കീർ താപി,ജനറൽ സെക്രട്ടറി കെ.പി.എ. നടയ്ക്കൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡൻ്റ് കെ.എം. ജാഫർ ഈരാറ്റുപേട്ട, രാധാകൃഷ്ണൻ പൊൻകുന്നം, ഫെയ്സ് വനിതാ വിംഗ് അദ്ധ്യക്ഷ മൃദുല നിഷാന്ത്, ജനറൽ സെക്രട്ടറി റസീനാ ജാഫർ, ട്രഷറർ റീന വിജയ്, കോഡിനേറ്റർ തസ്നീം കെ. മുഹമ്മദ് എന്നിവർ സംസാരിക്കും.ഫെയ്സ് വൈസ് പ്രസിഡൻ്റ് കെ.എം.ഷബീർ,സാഹിത്യ വേദി മുൻ ജനറൽ സെക്രട്ടറി മുഹ്സിൻ പി.എം, ഫെയ്സ് സെക്രട്ടറി ഷാഹുൽ പത്താഴപ്പടി എന്നിവർ വിവിധ സെഷനുകൾ നയിക്കും. ഫെയ്സ് വൈസ് പ്രസിഡൻന്റുമാരായ പി.എസ്.ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, സെകട്ടറിമാരായ ഹാഷിം ലബ്ബ, ബിജിലി സെയിൻ, വനിതാവേദി നേതാക്കളായ താഹിറ ത്വാഹ, ഷീബ അബ്ദുല്ല, എന്നിവർ നേതൃത്വം നൽകും.

പ്രാദേശികം

ശ്രേഷ്ഠ അധ്യാപക പുരസ്കാരം സെയ്തു മുഹമ്മദ് മൗലവിക്ക്

ഈരാറ്റുപേട്ട:പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഇസ് ലാമിക അധ്യാപന രംഗത്ത് ശ്രദ്ധേയനുമായിരുന്ന പരേതനായ ശൈഖുനാ മുഹമ്മദ് യൂസഫ് ഫാദിൽ ബാഖവിയുടെ (ഈരാറ്റുപേട്ട ) നാമധേയത്തിൽ അൽ അബാബ് ഉലമാ കൗൺസിൽ ഏർപ്പെടുത്തി എല്ലാവർഷവും നൽകിവരുന്ന ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് തൊടുപുഴ സ്വദേശിയും തെക്കൻ കേരളത്തിലെ പല പ്രധാന അറബി കോളേജുകളിലും സേവനം ചെയ്യുകയും നിലവിൽ കാരിക്കോട് മുനവ്വറൽ ഇസ് ലാം അറബിക് കോളേജിൽ ദീർഘകാലമായി മുദരിസുമായ ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമിയെ തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി 26  ബുധനാഴ്ച ഈരാറ്റുപേട്ടയിൽ നടക്കുന്ന മർഹൂം ശൈഖുനാ മുഹമ്മദ് യൂസുഫ് ഫാദിൽ ബാഖവി അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാര വിതരണം നിർവഹിക്കുമെന്ന് ഭാരവാഹികളായ നസീർ ബാഖവി, ജൗഹറുദ്ദീൻ ബാഖവി, ഷാജഹാൻ ഖാസിമി, സലീം ഖാസിമി, നാസറുദ്ദീൻ ഖാസിമി ,അബ്ദുശഹീദ് നദ് വി എന്നിവർ അറിയിച്ചു.  

കോട്ടയം

KSRTC ബസില്‍ വച്ച് LIC ഏജന്റ് ആയ വീട്ടമ്മയുടെ പക്കല്‍നിന്നും LIC ഓഫീസില്‍ അടയ്ക്കുവാന്‍ കൊണ്ടുപോയ ഒരു ലക്ഷം രൂപ നഷ്ട്ടപ്പെട്ടു |

മൂലമറ്റം തൊടുപുഴ റൂട്ടിൽ KSRTC ബസിൽ വച്ച് LIC ഏജന്റ് ആയ വീട്ടമ്മയുടെ പക്കൽനിന്നും LIC ഓഫീസിൽ അടയ്ക്കുവാൻ കൊണ്ടുപോയ ഒരു ലക്ഷം രൂപ നഷ്ട്ടപ്പെട്ടു. ചിത്രത്തിൽ കാണുന്ന തമിഴ് സംസാരിക്കുന്ന 2 യുവതികളാണ് മോഷണം നടത്തിയത് എന്നാണ് പോലിസിന് ലഭിക്കുന്ന സൂചന. ഇവർ മുട്ടത്ത് നിന്നും ബസിൽ കയറി കോടതിപ്പടിയിൽ ഇറങ്ങി, തുടർന്ന് ഓട്ടോയിൽ കയറി മുട്ടത്ത് വന്ന് ഈരാറ്റുപേട്ട റൂട്ടിൽ പോയതായാണ് വിവരം. ഇവരെ കാണുന്നവർ ദയവായി മുട്ടം പോലീസ് സ്റ്റേഷനിൽ അറിയിക്കുക... 9446221704, 04862257777

കോട്ടയം

ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിൽ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടിയ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു

മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, അടി കിട്ടിയ വിദ്യാർഥി പോസ്റ്റിട്ട സുഹൃത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചെന്നാണു പറയുന്നത്. പ്രശ്നം സംസാരിച്ചുതീർക്കാമെന്നു പറഞ്ഞ് സഹപാഠികൾ, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥിയെ വിളിച്ചുവരുത്തി. പ്രദേശത്തെ ഒഴിഞ്ഞ വീടിനു സമീപം കാറിലെത്തിയ സംഘത്തിൽ സഹപാഠികളായ 2 പേർക്കൊപ്പം പുറത്തുനിന്നുള്ള 2 പേർ കൂടി ഉണ്ടായിരുന്നു. കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ടു തലയ്ക്കടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തിയും മർദിച്ചു. നിലത്തുവീണപ്പോൾ ചവിട്ടി. ശബ്ദം കേട്ടു സമീപവാസികൾ എത്തിയപ്പോൾ സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ വീട്ടുകാരാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.