വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തുലാവർഷം ശക്തിപ്രാപിക്കുന്നു, കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, ഭീഷണിയായി 3 ചക്രവാതചുഴി;

തിരുവനന്തപുരം:തുലാവർഷം നവംബറിൽ ശക്തിപ്രാപിക്കുമെന്ന പ്രവചനങ്ങൾക്ക് പിന്നാലെ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കേരളം

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതി; മന്ത്രി കെ ബി ഗണേഷ്കുമാർ

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതിയെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഡിജിറ്റൽ ലൈസൻസ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ പിഴ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ലൈസെൻസ് ഡിജിറ്റലാക്കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ഇനി പ്രവർത്തിക്കരുത്. ഇന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമേ ഡിജിറ്റൽ ലൈസൻസ് ഉള്ളൂവെന്നും കേരളത്തിൽ ലൈസൻസ് കിട്ടാൻ വൈകുന്നു എന്ന പരാതികൾ ഉണ്ടായിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നും  ആർസി ബുക്കും ഉടൻ ഡിജിറ്റലാക്കുമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു. ദീർഘദൂര യാത്രികർക്കായി കെഎസ്ആർടിസി കണ്ടെത്തിയ ഹോട്ടലുകളിൽ അൽപം നിരക്ക് കൂടുതലായാലും നല്ല ഭക്ഷണം ഒരുക്കണമെന്നും കൃത്യമായ മാനദണ്ഡം ഇക്കാര്യത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. വിമർശിച്ച് ആരും സമയം കളയണ്ട. യാത്രക്കാരുടെ ദുരിതം അറിഞ്ഞാണ് തീരുമാനം എടുത്തത്. മന്ത്രിയുടെ ഫോട്ടോ പത്രത്തിൽ വരാൻ അല്ല ബസ് സന്ദർശിച്ചതെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.  

പ്രാദേശികം

ടീം നന്മക്കൂട്ടത്തെ ആദരിച്ചു.

ഈരാറ്റുപേട്ട ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഡ്രസ്സ് ബാങ്കിന്റെ  രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച്  ഫൗസിയ ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന പ്രോഗ്രാമില്‍  സന്നദ്ധ മേഖലയില്‍ നിറസാന്നിധ്യമായ ടീം നന്മക്കൂട്ടത്തെ ഡ്രസ്സ് ബാങ്കിന്റെ രക്ഷധികാരി എ.എം റഷീദ്, ഡ്രസ്സ് ബാങ്ക് പ്രസിഡന്റ് ശ്രീമതി സുഹാന ജിയാസ് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. ടീം അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, ഷാജി കെകെപി, അന്‍സര്‍ നാകുന്നത്ത്,  അനസ് പുളിക്കീല്‍, നിസാര്‍ ആലുംതറയില്‍, ഷിഹാബ്, ഫൈസല്‍ ടികെ ജലീല്‍ കെകെപി തുടങ്ങിയവര്‍ സംബന്ധിച്ചു.

മരണം

പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി (98) അന്തരിച്ചു.

പൂഞ്ഞാർ: രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാൾ അംബിക തമ്പുരാട്ടി (98) തീപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരളവർമ്മയാണ് ഭർത്താവ്.  പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയിൽ  പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണൽ ജി.വി. രാജാ, ആലക്കോട് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പി.ആർ. രാമവർമ്മ രാജാ, പി. കേരളവർമ്മ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്. 2010 ജൂൺ മാസം മുതൽ പൂഞ്ഞാർ കോവിലത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്‌കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം വലിയ പാണ്ഡിത്യം ഉണ്ടായിരുന്ന തമ്പുരാട്ടി നല്ല കലാസ്വാദകയും കൂടിയായിരുന്നു. സംഗീതം, കഥകളി, വാധ്യമേളങ്ങൾ തുടങ്ങിയ പരമ്പരാഗത കലകളെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മക്കൾ: പി.കെ. പ്രതാപവർമ്മ രാജാ (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ), ഉഷാവർമ്മ (രാഷ്ട്ര സേവികാ സമിതി മുൻ പ്രാന്ത സംഘചാലിക ),  രാധികാവർമ്മ (തൃപ്പൂണിത്തുറ നഗരസഭാ അമ്പലം വാർഡ് കൗൺസിലർ),  ജയശ്രീ വർമ്മ., പരേതയായ പത്മജാ വർമ്മ. മരുമക്കൾ: സുജാത വർമ്മ (തൃപ്പൂണിത്തറ കോവിലകം), ജയപ്രകാശ് വർമ്മ (റിട്ട. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ, തൃപ്പൂണിത്തുറ കോവിലകം), സുധാകര വർമ്മ (കിളിമാനൂർ കൊട്ടാരം), കെ. മോഹനചന്ദ്ര വർമ്മ (കോയിക്കൽ മഠം തൃപ്പൂണിത്തുറ),  പരേതനായ കേരളവർമ്മ കൊച്ചപ്പൻ തമ്പുരാൻ (തൃപ്പൂണിത്തറ കോവിലകം)  സംസ്‌കാരം പൂഞ്ഞാർ രാജകുടുംബശ്മാനത്തിൽ നടത്തി.

കേരളം

ഇനി റേഷൻ കാർഡ് മസ്റ്ററിങ് മൊബൈലിലും ചെയ്യാം ; നവംബർ 11 മുതൽ മൊബൈൽ ആപ്പ് പ്രാബല്യത്തിലെത്തും

മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇകെവൈസി അപ്ഡേഷന് ഇനി മുതൽ മൊബൈൽ ആപ്പുവഴിയും അവസരം. നവംബർ 11 മുതൽ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തിൽ വരും. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേരാ കെവൈസി എന്ന മൊബൈൽ ആപ്പ് ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.   സംസ്ഥാനത്ത് 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും (84.18 ശതമാനം) മസ്റ്ററിങ് പൂർത്തികരിച്ചു. മസ്റ്ററിങ് 30 വരെ തുടരും.  

പ്രവാസം

ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ കുടുബ സംഗമം നടത്തി

റിയാദ് : ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ റിയാദിലെ കൂട്ടായ്‌മയായ ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ റിയാദ് അൽമാസ് റെസ്റ്റോറന്റിൽ പ്രവർത്തകരുടെ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രസിഡണ്ട്‌ സലിം തലനാട് അധ്യക്ഷത വഹിച്ചു.  കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നാട്ടിലെയും പ്രവാസലോകത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇടപെടലുകൾ വിശദമായി പ്രതിപാദിച്ചുകൊണ്ട് "ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ നാളിതു വരെ" എന്ന വിഷയം സക്കിർ കൊല്ലംപറമ്പിൽ അവതരിപ്പിച്ചു. മുഖ്യ പ്രഭാഷണം ഷറഫുദ്ധീൻ നദ്‌വി നടത്തി.സംഘടനയുടെ ലക്ഷ്യങ്ങളും ഭാവി പ്രവർത്തന രേഖയും അജ്മൽ ഖാൻ അവതരിപ്പിക്കുകയുണ്ടായി. റിയാദ് ഇന്ത്യൻ മിഡിയ ഫോറം സാംസ്‌കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.അസിം ഖാദർ സ്വാഗതവും റെസ്സൽ നന്ദിയും പറഞ്ഞു.കുടുംബസംഗമത്തിൽ നടന്ന പരിപാടികളുടെ ഏകീകരണം നസിബ് വട്ടക്കയം നിർവഹിച്ചു. നൂർ, ഇജാസ്, റോഷൻ, ഷാഹുൽ ഹമീദ്, റഫീഷ് അലിയാർ, സുനീർ കൊല്ലംപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

പ്രാദേശികം

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം: ഡോ : ഹുസൈൻ മടവൂർ

ഈരാറ്റുപേട്ട : മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ടും അഖിലേന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ: ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളും മറ്റ് പിന്നോക്ക വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളത് .ഇന്ത്യയിലും പലതരത്തിലുള്ള പീഡനങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്. ഇന്ത്യയുടെ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുവാനും ആരാധനാലയങ്ങൾ സ്ഥാപിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ന്യൂനപക്ഷങ്ങൾ ചോദ്യം ചെയ്യപ്പെടുകയും പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും വഖഫ് ബോർഡുകൾക്കുള്ള അധികാരങ്ങൾ എടുത്തു കളയുന്ന വഖഫ് ഭേദഗതി ബില്ലും മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശവും എല്ലാം ഇതിൻ്റെ ഫലമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു നിൽക്കുകയും എല്ലാ ആൾക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാം ലോക സുരക്ഷയും സമാധാനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരേ പിതാവിന്റെയും മാതാവിൻ്റെയും മക്കളാണ് ഭൂമിയിലുള്ള മുഴുവൻ മനുഷ്യരുമെന്ന ഖുർആനിൻ്റെ കൽപ്പന ഇതിനെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കെ എൻ എം കോട്ടയം ജില്ലാ പ്രസിഡണ്ട് പി എച്ച് ജാഫർ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറിഅബ്ദുൽ ഷുക്കൂർ സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ സംസ്ഥാന അവാർഡ് ജേതാവ് റംലാ സുലൈമാൻ, വി. എം .സത്താർ എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും

ഈരാറ്റുപേട്ട : കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ 24-മത് വാർഷികം അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു ഗ്രേഡ് ബെൽറ്റ് സമർപ്പണം സർട്ടിഫിക്കറ്റ് സമർപ്പണം ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു നിർവഹിച്ചു ചടങ്ങിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു