വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്.

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് 75 വിദ്യാർത്ഥികൾ രക്തം ദാനം നൽകി. കോളേജ് എൻ.എസ്. എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത്. കാരിത്താസ് - മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ്  - എസ്. എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഹാദർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന യോഗത്തിൽ വെച്ച് കോളേജിൽ നിന്നും രക്തദാനത്തിനു തയ്യാറായ വിദ്യാർത്ഥികളുടെ വിവരങ്ങൾ വെച്ച് തയ്യാറാക്കിയ  രക്ത ദാന ഡയറക്ടറിയുടെ പ്രകാശനവും നടന്നു. ലയൺസ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി. ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡൻ്റ് സജി പുറപ്പന്താനം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  ക്യാമ്പിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ തോമസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, ഫിദ ഫർസീൻ,  ഈരാറ്റുപേട്ട ലയൺസ് ക്ലബാംഗം ബിനോയി . സി. ജോർജ് എന്നിവർ നേതൃത്വം നൽകി.

കോട്ടയം

'ഒരു അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമെന്ന് കോടതി'; വിദ്വേഷ പരാമർശത്തിൽ പി സി ജോർജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു.തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞപ്പോഴാണ് കോടതിയുടെ വിമര്‍ശനം.ടെലിവിഷന്‍ ചര്‍ച്ചയെങ്കില്‍ കുറേക്കൂടി ഗൗരവത്തില്‍ കാണണമെന്നും കോടതി വ്യക്തമാക്കി. മതവിദ്വേഷപരാമര്‍ശം ചാനല്‍ ചര്‍ച്ചയ്ക്കിടെ അറിയാതെ പറഞ്ഞതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.താന്‍ നടത്തിയ പരാമര്‍ശം കാരണം ഒന്നും സംഭവിച്ചില്ലല്ലോയെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മുസ്ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി ആറിന് ‘ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊലപ്പെടുത്തിയെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്ലിങ്ങള്‍ പാകിസ്താനിലേക്കു പോകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി. സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. നാല് തവണ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച കോടതി 6.02.2025 (ബുധനാഴ്ച) കേസ് പരിഗണിച്ചിരുന്നു. പിന്നാലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു.  

കോട്ടയം

വേനൽ ചൂട് തീവ്രo; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; മുൻകരുതലുകൾ സ്വീകരിക്കുക

സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണ്. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഏവരും തയ്യാറാകണം.  ⏺️ പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ⏺️ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. ⏺️ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. ⏺️ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. ⏺️ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ⏺️ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക. ⏺️ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ⏺️ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ⏺️ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. ⏺️ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ⏺️ അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ⏺️ കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ആൽബിനിസം ബാധിച്ചവർ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. ⏺️ ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്. ⏺️ പോലീസ് ഉദ്യോഗസ്ഥരും വെയിൽ കൊണ്ടു ജോലി ചെയ്യുന്ന തൊഴിലാളികളും മാധ്യമ പ്രവർത്തകരും കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക. ⏺️ പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക. ⏺️ യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക. ⏺️ നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ⏺️ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. ⏺️ കുട്ടികളെ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. വളർത്തു മൃഗങ്ങളുടെ കാര്യത്തിലും സമാന ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ⏺️ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക. ⏺️ അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ജാഗ്രതയോടെ വേനൽച്ചൂടിനെ അതിജീവിക്കാൻ ഏവരും ശ്രദ്ധിക്കുക.  

പ്രാദേശികം

കാരക്കാട് എം.എം.എം.യു.എം.യു.പി സ്‌കൂൾ ഗോള്‍ഡന്‍ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

നടയ്ക്കല്‍/കാരക്കാട്: വിദ്യാഭ്യാസ മേഖലയില്‍ അന്‍പത് വര്‍ഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎംഎം യുഎം യുപി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും ഓഫീസുദ്ഘാടനവും കാരക്കാട് സ്കൂളിൽ നടന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1976 ല്‍ ഹാജി വിഎംഎ കരീം സ്ഥാപിച്ച സ്‌കൂളിൽ നാളിതുവരെ പഠനം നടത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചുകൊണ്ട്  സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷ്റഫ് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു.   സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഒ എ ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് വി കെ സെമിന ടീച്ചർ, മസ്ജിദുല്‍ അമാന്‍ ഇമാം ഹാഷിര്‍ നദ് വി തുടങ്ങിയവര്‍ സംസാരിച്ചു.കെ എ മുഹമ്മദ് അഷ്‌റഫ്, കെ എ മുഹമ്മദ് സക്കീര്‍, കെ എ മുഹമ്മദ് ഹാഷിം മുഖ്യരക്ഷാധികളായും, ഹാഷിര്‍ നദ് വി (ചെയര്‍മാന്‍),  സി പി ബാസിത് (ജനറല്‍ കണ്‍വീനര്‍), പി എം മുഹ്‌സിന്‍ , കെ എം എ ലത്തീഫ്, മാഹിന്‍ പേരമ്പലത്ത് (വൈസ് ചെയര്‍മാൻ), അബ്സാര്‍ മുരിക്കോലില്‍, ഫാത്തിമ ശമ്മാസ്, അവിനാശ് മൂസ, സുമിന ടീച്ചര്‍ (ജോ. കണ്‍വീനര്‍),മോനി വെള്ളൂപറമ്പില്‍ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം തിരഞ്ഞെടുത്തു .വിവിധ സബ് കമ്മിറ്റി അംഗളായി അമീന്‍ ഓപ്റ്റിമ, ഫസില്‍ ഫരീദ്, ഹുസൈൻ അമ്പഴത്തിനാൽ (സുവനീര്‍) സാബിത്ത് കുരുവനാല്‍, ഷനീര്‍ മഠത്തില്‍ (പ്രോഗ്രാം) വികെ കബീര്‍, ഫൈസല്‍ വെട്ടിയാപ്ലക്കല്‍ (ഫിനാന്‍സ്), നിഷാദ് പാലയംപറമ്പില്‍,  സുധീര്‍ തേവരുപാറ (വളണ്ടിയര്‍),റഷീദ് വടയാര്‍,  യൂസുഫ് ഹിബ (പബ്ലിസിറ്റി), ഷാജി കെ കെ പി,  ശുഹൈബ് സംസം  (ഫുഡ്), ഹാഷിം പടിപ്പുര, ഷമീര്‍ വെള്ളുപ്പറമ്പില്‍ (സ്‌പോര്‍ട്‌സ്),  മാഹിന്‍ പേരമ്പലം,  ഡോ. മുക്താര്‍ (അക്കാഡമിക്) എം.എച്ച് ഷിഹാസ്, ജലീല്‍ കെ കെ പി (മീഡിയ) എന്നിവരടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും  യോഗത്തില്‍ തിരഞ്ഞെടുത്തു.യോഗത്തിന് ശേഷം സ്വാഗതസംഘം കമ്മിറ്റി ഓഫീസ് മാനേജര്‍ കെ എ മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.   

കോട്ടയം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം ; 45 ലക്ഷം രൂപ അനുവദിച്ചു :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

തീക്കോയി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇല്ലാത്ത 3 വില്ലേജ് ഓഫീസുകളിൽ ഒന്നായ തീക്കോയി വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 45 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിൽ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപം റവന്യൂ വകുപ്പിന് സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 40 വർഷത്തോളം പഴക്കമുള്ള ജീർണാവസ്ഥയിൽ ആയ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. റവന്യൂ വകുപ്പ് എല്ലാ സേവനങ്ങളും ആധുനികവൽക്കരിച്ച് ഓൺലൈൻ ആക്കിയെങ്കിലും ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇതിൽ പല സേവന സൗകര്യങ്ങളും തീക്കോയി വില്ലേജ് ഓഫീസിൽ ലഭ്യമാക്കാൻ കഴിഞ്ഞുരുന്നില്ല. ഇതുകൂടി മുൻനിർത്തിയാണ് തീക്കോയി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് എംഎൽഎ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും വാർത്ത വില്ലേജ് ഓഫീസ് ആക്കുന്നതിന് ലക്ഷ്യമിട്ട് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായും എംഎൽഎ അറിയിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്

ഈരാറ്റുപേട്ട .ലോക പ്രശസ്ത ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് നേതൃത്വം നൽകുന്ന സൺറൈസ് ഗ്രൂപ്പിന്റെ 7 മത്തെ യൂണിറ്റ് ഈരാറ്റുപേട്ടയിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 15 വൈകുനേരം 5.30 നു ആശുപത്രിയിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ 70 വയസിനു മുകളിൽ പ്രായം ഉള്ളവർക്കായ് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ പദ്ധതിയായ കരുതൽ സ്പർശത്തിന്റെ പ്രകാശനം പത്തനംതിട്ട ലോക്സഭാ എം.പി ആന്റോ ആന്റണിയും ഈരാറ്റുപേട്ട നിവാസികൾക്കായി നൽകുന്ന അരികെ പദ്ധതിയുടെ പ്രകാശനം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹറ അബ്ദുൽ ഖാദറും നിർവ്വഹിച്ചുതുടർന്ന് നടന്ന യോഗത്തിൽ  പൂഞ്ഞാർ നിയമസഭാ എം.ൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാലാ നിയമസഭാ എം.ൽ.എ മാണി സി കാപ്പൻ, മുൻ എം.ൽ.എ പി.സി. ജോർജ് എന്നിവർ ആശുപത്രിയുടെ തുടക്കത്തിനായ് ആശംസകൾ അർപ്പിക്കുകയും ചെയ്യ്തു സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെയർമാൻ ഡോ. ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആശുപത്രി സി.ഇ.ഓ പ്രകാശ് മാത്യു, ജനറൽ മാനേജർ അബീഷ് ആദിത്യൻ എന്നിവർ ആശുപത്രിയുടെ ഭാവി കാല പ്രവർത്തനങ്ങളെ പങ്കുവച്ചുവിദഗ്ധ  ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ എമർജൻസി& ട്രോമ കെയർ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി ,പീഡിയാട്രിക് & നിയോനാറ്റോളജി , ഓർത്തോപീഡിക്സ് , ജനറൽ സർജറി, നെഫ്രോളജി, ENT, ജനറൽ മെഡിസിൻ,പൾമോണോലോജി, എനീ വിഭാഗങ്ങളുമായാണ് സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയിൽ പ്രവര്‍ത്തനം  ആരംഭിക്കുന്നത്

കോട്ടയം

കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. കഴിഞ്ഞ ദിവസമാണ് സെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലാ തവണ ഡയാലിസിസ് ചെയ്തിരുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായി പിടിപെടുന്നത്. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഡയമണ്ട് ഡയലോഗ് പൂർവവിദ്യാർഥി പ്രഭാഷണ പരമ്പര.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ എയിഡഡ് വിഭാഗം കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഡയമണ്ട് ഡയലോഗ് വജ്ര ജൂബിലി സ്മാരക പൂർവി വിദ്യാർത്ഥി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി എ ബാബു എബ്രാഹം കള്ളിവയലിൽ നിർവഹിച്ചു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് യുവജനങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ബസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ കോമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നാക്ക് കോഡിനേറ്റർ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.പ്രധാനമായും 10 പ്രഭാഷണങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ കലാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ വിവിധ സ്ഥാപനങ്ങളുടെ ഉന്നത പദവികളിൽ ഇരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് പ്രഭാഷണത്തിൽ പങ്കെടുക്കുന്നത്.പ്രഭാഷണ പരമ്പര ഫെബ്രുവരി 28ന് സമാപിക്കും.