അദാലത്തും നേത്രപരിശോധന ക്യാമ്പും നടത്തി
േലുകാവ്: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയുടെയും സഹകരണത്തോടെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ അദാലത്തും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗോത്രവർദ്ധൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് സ്വാഗത പ്രസംഗം നടത്തി. നിയമാവബോധം ഗോത്രജനതയിലേക്ക് എത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അതുകൊണ്ട് തന്നെ സൗജന്യ നിയമസേവനവും നിയമസഹായവും പൊതുജനങ്ങളിലേക്കെത്തിക്കാൻ ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ പങ്കിനെ കുറിച്ചും ജി. പ്രവീൺ കുമാർ, ജഡ്ജ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പരാതി പരാഹാരങ്ങൾക്കായി നടത്തിയ അദാലത്തിന് റിട്ട. ജില്ലാ ജഡ്ജി എ.എൻ. ജനാർനൻ, അഡ്വ. പി. രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അനുരാഗ് കെ.ആർ. വാർഡ് മെമ്പർ 5, അജി.പി (ടി.ഇ. ഒ മേലുകാവ്) അജ്ഞു (ITDP ആഫീസർ), ജോസ് അഗസ്റ്റൻ പി.എൽ. വി തുടങ്ങിയവർ പ്രസംഗിച്ചു. സുധ, നുസൈഫ, റാണി, ജെയിംസ് (പി.എൽ.വി.) എന്നിവർ അദാലത്തിനും ക്യാമ്പിനും നേതൃത്വം നൽകി. മറ്റു വാർഡ് മെമ്പർമാർ, ഊരുമൂപ്പന്മാർ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 10.30 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് നാലിന് അവസാനിച്ചു. പരിഗണിച്ച 30 -ഓളം പരാതികളിൽ 10 എണ്ണം തീർപ്പാക്കി. 13 - ഓളം പുതിയ പരാതികൾ ഫയലിൽ സ്വീകരിച്ചു. പട്ടിക വർഗ്ഗ വികസന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, LSGD, ഇറിഗേഷൻ വകുപ്പ് ,റവന്യു വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു. 150 - ഓളം പേർ ഗുണഭോക്താക്കളായി.