വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി.

സംസ്ഥാനത്ത് റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി.സംസ്ഥാനത്ത് റാഗിങ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്. സംസ്ഥാനത്തെ കോളേജുകളില്‍ ആന്‍റി റാഗിങ് നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.  

കേരളം

വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം

തിരുവനന്തപുരം :2026 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും, മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു.  ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുമായി അതത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്ന് വോട്ടർ പട്ടിക പരിശോധിച്ച് അപാകതകൾ കണ്ടെത്തി പരിഹരിക്കും.  വോട്ടർ പട്ടികയിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പരാതികളും യോഗത്തിൽപരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

വിദ്യാഭ്യാസം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യനിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം നടത്തി അതിവേഗം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞവർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മെയ് 5നകം ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണായത്തിനായി സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ ആരംഭിക്കും. ഏപ്രിൽ 26വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും(6ദിവസം).ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയവും ഏപ്രിൽ 03 മുതൽ ആരംഭിക്കും.

പ്രാദേശികം

അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു

ഈരാറ്റുപേട്ട: 50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. അരുവിത്തുറ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കുരിശിന്റെ വഴി നടന്നത്. മാർ അപ്രേം സെമിനാരി റെക്ടർ ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. പെരിങ്ങുളം സേക്രട്ട് ഹാർട്ട് ഇടവക, മാതൃവേദി, ഒന്ന്, രണ്ട് വാർഡുകാർ ഇന്നത്തെ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും. 6.15ന് മലമുകളിൽ കുർബാന.  

പ്രാദേശികം

വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി; ഈരാറ്റുപേട്ട പുത്തൻ പള്ളി മാതൃകയാകുന്നു

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പുത്തൻപപള്ളി അങ്കണം സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്. നിർബന്ധ പ്രീ മാരിറ്റൽ കോഴ്സിന്റെ ഉദ്ഘാടനം, സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 5 വീടുകളുടെ കൈമാറ്റം, പുത്തൻപള്ളിയിലും ഹുദാ പള്ളിയിലും സ്ഥാപിച്ച സോളാർ വൈദ്യുതിയുടെ ഉദ്ഘാടനം, മഹല്ല് അംഗങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ കാർഡുകളുടെ ഉദ്ഘാടനം എന്നിവയാണ് പുത്തൻ പള്ളി അങ്കണത്തിൽ നടന്നത്. നോമ്പിനു ശേഷം അരംഭിക്കുന്ന നിർബന്ധ പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമെ പള്ളി വഴി ഇനി വിവാഹം സാധ്യമാകൂ. ശാസ്ത്രീയമായി വിദഗ്ധരുടെ സഹായത്തോടെയാണ് കോഴ്സിന്റെ ഘടന തയാറാക്കിയിട്ടുള്ളത്. കുടുംബ കലഹങ്ങും നിസാര കാര്യങ്ങൾക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കോഴ്സ് തുടങ്ങാനുള്ള തീരുമാനം. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും കോഴ്സിന്റെ ഭാഗമാണ്.  ഇക്കൊല്ലം സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും വേദിയിൽ നടന്നു. വീടു നിർമ്മിച്ച് നൽകിയവരിൽ നിന്ന് മഹല്ല് ഭാരവാഹികൾ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞകൊല്ലവും ഈ രീതിയിൽ 5 വീടുകൾ നിർമ്മിച്ചിരുന്നു.  പള്ളികളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് കറണ്ട് ചാർജിനു വേണ്ടി ഉപയോഗിക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് 10 ലക്ഷം രൂപ മുടക്കി പുത്തൻ പള്ളിയിലും ഹുദാ പള്ളിയിലും സോളാർ പാനലുകൾ ഘടിപ്പിച്ചിച്ചത്. പ്രതിമാസം 35000/- രൂപയാണ് ഇതു വഴി ലാഭിക്കാൻ കഴിയും.  മഹല്ല് അംഗങ്ങൾക്ക് ഡിജിറ്റൽ കാർഡുകൾ ഏർപ്പെടുത്തിയത് ഒരു നവീന പദ്ധതിയാണ്. ക്യു.ആർ കോഡ് സഹിതമാണ് മഹല്ല് അംഗങ്ങൾക്ക് കാർഡ് ലഭിക്കുന്നത്. കോഡ് സ്കാൻ ചെയ്താൽ മഹല്ല് അംഗത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുമെന്നത് ഈ കാർഡിന്റെ പ്രത്യേകതയാണ്.  ബി.എച്ച്. അലി മൌലവി, മുഹമ്മദ് നദീർ മൌലവി, ഉനൈസ് മൌലവി, പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് സാലി നടുവിലേടത്ത്, അജ്മി ഗ്രൂപ്പ് എം.ഡി അബ്ദുൽഖാദർ, പ്രൊഫ. എ.എം. റഷീദ് തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.

പ്രാദേശികം

ഇലവീഴാപൂഞ്ചിറയിൽ സുരക്ഷയ്ക്കും മാലിന്യ നിർമാർജനമുൾപ്പടെ അടിസ്ഥാന വികസനത്തിനും മുൻഗണന - ജില്ലാ കളക്ടർ

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒപ്പം മാലിന്യ നിർമാർജനത്തിനും മുൻഗണന നൽകി സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. ഇലവീഴാപൂഞ്ചിറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡിറ്റിപിസി യുടെയും സംയുക്ത മേൽനോട്ടത്തിൽ ആണ് പദ്ധതികൾ നടപ്പിലാക്കുക. വാഹനങ്ങൾക്ക് ബിഎസ്എൻഎൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമകേന്ദ്രങ്ങൾ, ദിശാബോർഡുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമിനറ്റി സെൻ്ററുകൾ, ശുചിമുറികൾ, തുടങ്ങിയവ ഉൾപ്പടെ ആണ് പദ്ധതികൾ. ഇതിനായി മേലുകാവ് ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും സംയുക്തമായി കോട്ടയം ജില്ലാ നിർമിതി കേന്ദ്രം മുഖേനെ ഡിപിആർ തയ്യറാക്കും. ജില്ലാ കളക്ടറോടൊപ്പം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസുക്കുട്ടി ജോസഫ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോസ്, ബ്ലോക്ക് ഡിവിഷൻ മെംബർ ജെറ്റോ ജോസ്, ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ്, പഞ്ചായത്ത് മെംബർമാരായ പ്രസന്ന സോമൻ, അനുരാഗ് കെ.ആർ, ഡിറ്റിപിസി സെക്രട്ടറി ആതിര സണ്ണി, കോട്ടയം ജില്ലാ നിർമിതി കേന്ദ്രം അസി. എഞ്ചിനീയർ അനിൽകുമാർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾ തോമസ്, ഡെപ്യൂട്ടി തഹസിൽദാർ അനൂപ് പുരുഷോത്തമൻ, വില്ലേജ് ഓഫീസർ സജി മാത്യൂ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സാം, പഞ്ചായത്ത് അസി.സെക്രട്ടറി പോൾ ബേബി സാമുവേൽ, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.

കോട്ടയം

പീരുമേട്ടിൽ വാഹനാപകടത്തിൽ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്

നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്. പരുക്കേറ്റ ഫ്രാൻസിസ് ( 62), ഭാര്യ സെലിൻ ( 60), ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി ജെയ്സൺ ( 34) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പീരുമേട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

വിദ്യാഭ്യാസം

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും.ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- 28,358. ഏറ്റവും കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്- 1,893.രാവിലെ 9.30ക്കാണ് എസ്എസ്എൽസി പരീക്ഷ. 1.30ക്കാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ 26ന് അവസാനിക്കും. 444693 വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും. ആറാം തീയതി ഒന്നാം വർഷ പരീക്ഷകൾ തുടങ്ങും. 29ന് അവസാനിക്കും. ഏപ്രിൽ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം തുടങ്ങും. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.കൊടുംചൂടിൽ തളരാതിരിക്കാൻ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമുണ്ടാകും.