വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഏപ്രിൽ 9ന് കേരളത്തിൽ പൊതുഅവധി: സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണം. വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.താൽക്കാലിക ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവില്‍.കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9നും വോട്ടെണ്ണൽ മെയ് നാലിനുമാണ്. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കേരളം

മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല

തിരുവനന്തപുരം: മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഒരു അപേക്ഷ കിട്ടിയാൽ പ്രൊസസ് ചെയ്ത് പട്ടികയിൽ ചേർക്കാൻ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാർച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പലരും വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയിരുന്നു. ഈ തീരുമാനം രാഷ്ട്രീയ പാർട്ടികളെ വലിയ രീതിയിൽ ബാധിക്കും. മാർച്ച് 15 ന് ശേഷം വോട്ട് ചേർത്തവർക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ വോട്ട് ചേർക്കാത്തവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാവാൻ സാധിക്കില്ല.

കോട്ടയം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന് മാണി സി. കാപ്പൻ. |

പാലാ:- സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെ ന്നും മാണി സി. കാപ്പൻ. യു. ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനംഎന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മക്കായി അദ്ധ്വാനിക്കുന്ന പുതു തലമുറക്കായിട്ടാണ് വഴി മാറുന്നതെന്നും കാപ്പൻ പറഞ്ഞു. നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിന് തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ളക്സ് വെച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിന് ചേരുന്നതല്ല ജയപരാജയങ്ങൾ സ്വഭാവികമാണെന്നും 3 തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കളെ സാക്ഷിനിർത്തി ടൗൺഹാൾ തിങ്ങി നിറഞ്ഞ സദസിനോടായി കാപ്പൻ പറഞ്ഞപ്പോൾ വേദിയും സദസും ഒരു നിമിഷം നിശ്ചലമായി.

കേരളം

ക്ഷേമ പെൻഷൻ: ഈ മാസം 31 മുതൽ ആരംഭിക്കും. ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

തിരുവനന്തപുരം :സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്.

കോട്ടയം

ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച്ചത്തെ സമരം ഒഴിവാക്കി; പാചകവാതകം ലഭ്യമാക്കും

പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ മാര്‍ച്ച്‌ 23-ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു.പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായതോടെയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത്. ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി പരിഗണിക്കുന്നതടക്കമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉറപ്പുനല്‍കി. വരും ദിവസങ്ങളില്‍ വിതരണത്തിന്റെ തോത് ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കണക്ഷന്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സിലിണ്ടര്‍ വിതരണം സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഏകോപന സമിതികള്‍ രൂപീകരിക്കും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ധന ഇറക്കുമതിയില്‍ ഉണ്ടായ തടസ്സമാണ് പാചകവാതക ക്ഷാമത്തിന് കാരണമായത്. ഇത് മറികടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരപ്രഖ്യാപനത്തില്‍ നിന്ന് സംഘടന പിന്മാറിയത്. ഇതോടെ തിങ്കളാഴ്ച നടാനിരുന്ന സംസ്ഥാനവ്യാപകമായ കടയടപ്പ് ഒഴിവായത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.  

കോട്ടയം

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം 22-ന് ഞായറാഴ്ച മുണ്ടക്കയത്ത് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണിയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി ജോസ് കെ. മാണിയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചുഇന്നലെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രചാരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ രാജകുടുംബത്തെ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിക്ക് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും തമിഴ്‌നാട് മുന്‍ ചീഫ് എഞ്ചിനിയറുമായ ശ്യാമള ബായി തമ്പുരാട്ടി പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം സമ്മാനിച്ച് വിജയാശംസകള്‍ നേര്‍ന്നു.

മരണം

റവ ഡോ സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി.സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിൻ്റെ ക്രാന്ത ദർശനത്തിൻ്റെ ഉദാഹരണമാണ്.അരുവിത്തുറ കോളേജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു.   അരുവിത്തുറ കോളേജിൽ  സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു. പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000 ത്തോളം വിദ്യാർത്ഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു.പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളേജിന് ഒരു വലിയ ഓഡിറ്റോറിയം നിർമ്മിച്ചു.പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി. ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻ്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെൻ്റ് ജോർജ് കോളേജ് കേബിൾ നെറ്റ് വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും  അദ്ദേഹം രൂപം നൽകി. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആയിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്.അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളേജ്.അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ ആയി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളേജിന്റെ സുവർണ്ണ കാലഘട്ടമായിരുന്നെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പറഞ്ഞു. ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനും കുഞ്ഞാടുകളുടെ മനമറിയുന്ന നല്ല ഇടയനുമായിരുന്നു അദ്ദേഹം. ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം ,മരങ്ങാട്ടുപള്ളി,ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1946 ജൂൺ 2 ന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി 5 നാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റൻ്റായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.അദ്ദേഹത്തിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച 2ന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിൻ്റെ സഹോദരൻ്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.അദ്ദേഹത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കോട്ടയം

നിയമസഭാ തെരെഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ തയാറെടുപ്പുകൾ ഊർജ്ജിതം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി  നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം  ഒൻപതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824 വോട്ടർമാരാണുള്ളത്. ഇതിൽ 730005 പുരുഷൻമാരും 768805 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 14 പേരും ഉൾപ്പെടുന്നു. 3124 പേർ പ്രവാസി വോട്ടർമാരാണ്. 18-19 പ്രായവിഭാഗത്തിലുള്ള 12750 പേരും 85 വയസിനു മുകളിലുള്ള 17906 പേരുമുണ്ട്. 1624 പേർ സർവീസ് വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ ഇനിയും പേരു ചേർക്കാൻ മാർച്ച് 23 വരെ അവസരമുണ്ട്. ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.  85 വയസിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കുമായി വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്ന അസന്നിഹിത(ആബ്സൻറീ വോട്ടർ)സംവിധാനവും ഉണ്ട്. ഇതിനുള്ള ഫോം  ബൂത്തുതലത്തിൽ വിതരണം ആരംഭിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മാർച്ച് 19നകം ഫോം പൂരിപ്പിച്ചു നൽകണം. പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ജില്ലയിൽ 15000 ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിൽ  8605 പേർ പോളിംഗ് ജോലികളും 6500 പേർഅനുബന്ധ ജോലികളുമാണ് നിർവഹിക്കുക. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും  2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ മാർച്ച് 19ന് നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ  നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്മെൻറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.  നിരീക്ഷണത്തിനായി 27 വീതം ഫ്ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും 18 വീഡിയോ സർവൈലൻസ് ടീമുകളുമുണ്ട്. ചെലവു നിരീക്ഷണത്തിനായി ഒൻപത് സ്‌ക്വാഡുകളെയും ഫീൽഡിൽനിന്ന് എടുക്കുന്ന വീഡിയോകൾ പരിശോധിക്കുന്നതിനായി ഒൻപത് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 17 നോഡൽ ഓഫീസർമാരെയും അവർക്കു കീഴിൽ ജീവനക്കാരെയും നിയോഗിച്ചു. ഇതിനു പുറമെ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമുള്ള വിവിധ യോഗങ്ങൾ നടന്നുവരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്നലെ നടന്നു. കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകമായി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലയിലേക്ക് മൂന്ന് ചെലവ് നിരീക്ഷകകരും ഒരു പോലീസ് നിരീക്ഷകനുമുണ്ട്. ചെലവു നിരീക്ഷകർ മൂന്നു പേർ ഇന്ന് ജില്ലയിൽ എത്തിച്ചേരും.  സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങളിലെ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർമാനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ്  കമ്മിറ്റി(എം.സി.എം.സി) പ്രവർത്തിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി എംസിഎംസിക്കു കീഴിൽ പ്രത്യേക നിരീക്ഷണവിഭാഗം 24 മണിക്കൂറുമുണ്ട്. വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിവിധ പരിപാടികൾ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്.ഓരോ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ബൂത്തുകളുടെയും പ്രവർത്തനം. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ഒൻപത് കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ്  സജ്ജീകരിക്കുന്നത്.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങൾക്ക് മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്  സിവിജിൽ ആപ് മുഖേന പരാതി നൽകാം.  ക്രമസമാധാനം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.  ആകെ 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.