വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സി.പി.ഐ പൂഞ്ഞാർ മണ്ഡലം നേതൃതല പ്രവർത്തക യോഗം

ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി മണ്ഡലം നേതൃതല പ്രവർത്തക യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഇന്നത്തെ കരുത്ത് ജനങ്ങളെ കേന്ദ്ര ബിന്ദുവാക്കി എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്. ഈ വികസന കുതിപ്പിന് തുടർച്ചയുണ്ടാകുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കപട പ്രചാരണങ്ങളെ തള്ളി, നാടിന്റെ ഉന്നമനത്തിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്ലാവരും കൈകോർക്കണം എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ.കെ. മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ. പി.എസ്. സുനിൽ സ്വാഗതം പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ. ജോർജ്, എം.ജി. ശേഖരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ്. ബാബു, കെ.എസ്. രാജു, കെ.വി. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

അന്താരാഷ്ട്ര ജേർണൽ "ജെം' കോട്ടയം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ന്റെ 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ് പ്രകാശനം ചെയ്തു. ജേർണലിന്റെ ആദ്യപതിപ്പ് കോളേജ് മാനേജർ ഫാ. മാത്യു. ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളേജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐ.സി.ആർ.എ.എസ്.എസ്.ടി -2025 ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പിയർ റിവ്യൂ, പ്ലഗറിസം പരിശോധന തുടങ്ങിയവയ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ ലേഖനങ്ങളാണ് ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോളേജിന്റെ ഗുണമേന്മയാർന്ന വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജേർണൽ പ്രസിദ്ധീകരിച്ചതെന്ന് പ്രിൻസിപ്പലും ജേർണലിന്റെ എഡിറ്റർ-ഇൻ-ചീഫുമായ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു. അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ നിർണായകമാണെന്നും ഇത്തരം പ്രസിദ്ധീകരണങ്ങൾ കോളേജിന്റെ അക്കാദമിക മികവിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരണത്തിൽ പങ്കാളികളായ എല്ലാ ഗവേഷകരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.    

കോട്ടയം

കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പ് 2026 : സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.  സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. ​AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ,  ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ  നേരിടേണ്ടതായി വരും.  ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്). വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്. ​സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു  ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും.നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.​വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക.​ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.

കോട്ടയം

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.  ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും.  വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും.  ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല. ഇതിനായി നിരോധനത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വാങ്ങേണ്ടതാണ്.  നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള  വിഭാഗങ്ങള്‍ക്കും  വിലക്ക് ബാധകമായിരിക്കില്ല.

കോട്ടയം

കോട്ടയം ജില്ലയില്‍ ആദ്യ ദിനം പത്രിക നല്‍കിയത് ഒരാള്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാമ്പിക്കല്‍ എപിജെ ജുമാന്‍ വി.എസ് ആണ് പത്രിക നല്‍കിയത്.ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുമാണ് പത്രിക സ്വീകരിക്കുന്നത്. ജില്ലയിലെ വരണാധികാരികൾ: പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കോട്ടയം കടുത്തുരുത്തി - മിനി തോമസ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കോട്ടയം വൈക്കം - വി. ദീപ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം ഏറ്റുമാനൂർ - എം.എ.ആശ, ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് കോട്ടയം കോട്ടയം - കെ.പി. ജയകുമാർ, പുഞ്ച സ്പെഷ്യൽ ഓഫീസർ, കോട്ടയം പുതുപ്പള്ളി - പി. ഷിബു, ആർ.ഡി.ഒ കോട്ടയം ചങ്ങനാശ്ശേരി - ഉഷ മാനാട്ട്, ഡെപ്യൂട്ടി കളക്ടർ ( എൽ എ) കോട്ടയം കാഞ്ഞിരപ്പള്ളി - ട്രീസാ ജോസ്, ജോയിൻ്റ് ഡയറക്ടർ, എൽ എസ് ജി ഡി കോട്ടയം) പൂഞ്ഞാർ - ഇ. മുഹമ്മദ് സഫീർ (ആർ.ഡി.ഒ പാലാ) അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ പാലാ - രഞ്ജിത് ജോർജ്, തഹസീൽദാർ ,മീനച്ചിൽ കടുത്തുരുത്തി - പി. സുദീപ്, തഹസീൽദാർ (എൽ. ആർ),മീനച്ചിൽ വൈക്കം - പി.ആർ. അഭിലാഷ്, തഹസീൽദാർ വൈക്കം ഏറ്റുമാനൂർ -കെ.എം.ജയൻ, തഹസീൽദാർ (എൽ. ആർ),ചങ്ങനാശേരി കോട്ടയം - കെ.എസ്. സതീശൻ, തഹസീൽദാർ കോട്ടയം പുതുപ്പള്ളി - വി. ദീപു,തഹസീൽദാർ (എൽ. ആർ), കോട്ടയം ചങ്ങനാശേരി - ബി.പ്രദീപ്, തഹസീൽദാർ ചങ്ങനാശേരി കാഞ്ഞിരപ്പള്ളി - അനീഷ് ഈപ്പൻ,തഹസീൽദാർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ - ജെ. താജുദ്ദീൻ, തഹസീൽദാർ (എൽ. ആർ), കാഞ്ഞിരപ്പള്ളി.

കോട്ടയം

ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല

പ്രാദേശികം

തീക്കോയി ഗ്രാമപഞ്ചായത്തിൽ വാട്ടർ ATM ഉദ്ഘാടനം ചെയ്തു

തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയുധനിക സജ്ജീകരണങ്ങളോടു കൂടിയ ഫിൽറ്റർ ചെയ്ത ശുദ്ധമായ തണുത്ത വെള്ളം രണ്ടു രൂപയ്ക്ക് ലഭിക്കുന്ന വാട്ടർ ATM ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപം എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ്, വാർഡ് മെമ്പർമാരായ സജി ചോക്കാട്ട്, ജിലുസജി, സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ. സോളി സണ്ണി ഓമന ഗോപാലൻ, പരിക്കോച്ച്, എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ സുഷ്മ രവി സിപിഎം ലോക്കൽ സെക്രട്ടറി ഐസക്ക് ഐസക്, സിപിഐ ലോക്കൽ സെക്രട്ടറി വിനോദ് ജോസഫ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് PMസെബാസ്റ്റ്യൻ, മുൻ മെമ്പർമാരായ അമ്മിണി തോമസ്, ടി ആർ സി ബി, കേരള കോൺഗ്രസ് എം നേതാക്കളായ ഡേവിസ് പാമ്പ്ലാനി, ജോസുകുട്ടികലൂർ, ബാലൻ തെക്കേടത്ത്, എന്നിവർ പങ്കെടുത്തു.

കേരളം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്.