വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സുപ്രീം കോടതി വിധി ഉത്തമ മാതൃക

ഈരാറ്റുപേട്ട .സർ സയ്യിദ്അഹമ്മദ് ഖാൻ1875ൽ ഓറിയൻറൽ കോളജ് എന്ന പേരിൽ സ്ഥാപിക്കുകയും 1920 ൽ അലിഗർ മുസ്ലിം സർവ്വകലാശാലയായി മാറുകയും ചെയ്ത ഭാരതത്തിൻറെ വൈജ്ഞാനിക ദീപശിഖയായി 150 വർഷക്കാലം പ്രകാശം ചൊരിഞ്ഞ യൂണിവേഴ്സിറ്റി യുടെ ന്യൂനപക്ഷ പദവി നിലനിർത്തികൊണ്ടുള്ള സുപ്രീംകോടതി വിധി ഭാരതസംസ്ക്കാരത്തിന്റെ ഉത്തമ മാതൃകയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു   ന്യൂനപക്ഷ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭരണാധികാരികൾക്ക് പരമോന്നത നീതിപീഠം നൽകിയ ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ നൽകപ്പെട്ടതെന്നും പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നീതിനിർവ്വഹണത്തിന്റെ ഉന്നതമായ ഈ മാതൃക രാജ്യത്തിന്റെ പ്രതിഛായ ഉയർത്താൻ പര്യാപ്തമായതായും അഭിപ്രായപ്പെട്ടു.

പ്രാദേശികം

റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു

ഈരാറ്റുപേട്ട : നൂറ് കണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും കടന്ന് പോകുന്ന റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു. പൂഞ്ഞാർ റോഡിൽ എം.ഇ.എസ് ജംഗ്ഷനിൽ ഗവൺമെൻറ് മുസ് ലിം എൽപി സ്കൂളിനോട് ചേർന്നാണ് കാന രൂപപെട്ടത്. വിദ്യാർത്ഥികൾ സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ ഇത്തരത്തിലുള്ള കുഴി വിദ്യാർത്ഥികൾക്ക് വലിയ ഭീഷണിയാണ്.ഈ പ്രദേശത്ത് ഉണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ വലിയ കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് സൈഡിലെ മണ്ണ് ഒലിച്ച് പോയതാണ് കാന വലുതാകാൻ കാരണമായി പറയുന്നത്. ഇപ്പോൾ ഏകദേശം 5 അടിയോളം താഴ്ച ഉള്ളതായി നാട്ടുക്കാർ പറയുന്നു. പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഈ പ്രദേശത്ത് ചപ്പ് ചവറുകളും നിക്ഷേപിക്കാറുണ്ട്. അത് കൊണ്ട് തന്നെ കുഴി ഉണ്ടെന്നുള്ള കാര്യം  വഴി നടപ്പ് ക്കാരുടെ ശ്രദ്ധയിൽ പെടാൻ പ്രയാസമാണ്. ഇതിനോട് ചേർന്നാണ് ബസ് സ്റ്റോപ്പും ഉള്ളത്. യാത്രക്കാർ പുറത്തിറങ്ങുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയുമുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്  

കോട്ടയം

കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി

കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചുജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡിജി കേരളം നോഡൽ ഓഫീസർ സി.ആർ പ്രസാദ്, പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, ആർ.ജി.എസ്.എ. വിജയ്‌ഘോഷ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കൊടകര കുഴല്‍പ്പണം: കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം- എസ്ഡിപിഐ

കോട്ടയം :  ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തിരഞ്ഞൈടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ കോടികളുടെ കുഴല്‍പ്പണം കേരളത്തിലൊഴുക്കിയ കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്്ട്രീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി 41 കോടിയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 12 കോടി രൂപയും ബിജെപി കേരളത്തിലേക്കെത്തിച്ചതായി വ്യക്തമായിരിക്കുന്നു. സംസ്ഥാന വ്യാപകമായി കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച് അന്നത്തെ ബിജെപി ഓഫീസ് സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്ക് 35 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഈ കള്ളപ്പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പോലെ ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനാവുമെന്ന അമിത മോഹമായിരുന്നു.     2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ കാറുകള്‍, പാഴ്‌സല്‍ ലോറി, ലോറി എന്നിവയാണ് ഉപയോഗിച്ചതെന്നും 2021 ആഗസ്ത് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജു എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് എല്ലാ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുള്ളതെന്നും 33.50 കോടി രൂപയുടെ സ്രോതസ് കണ്ടെത്തണമെന്നും ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.    കേസിലെ പ്രധാന സാക്ഷിയും സുരേന്ദ്രന്റെ വിശ്വസ്തനുമായ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സ്വിച്ച് ഇട്ടാല്‍ തുറക്കുന്ന രണ്ട് വീതം രഹസ്യ അറകള്‍ വാഹനങ്ങളില്‍ ഒരുക്കിയാണ് ധര്‍മ്മരാജന്‍ കുഴല്‍പ്പണം കടത്തിയതെന്ന് ധര്‍മ്മരാജന്‍ പറഞ്ഞതായും അത് അന്വേഷണത്തില്‍ കണ്ടെത്തിയതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപ ചെലവാക്കിയാണ് വാഹനത്തില്‍ അറകള്‍ ഉണ്ടാക്കിയത് കോഴിക്കോട് ആണ് ഇവ നിര്‍മ്മിച്ചു നല്‍കിയത്. 'ഇന്നോവ, എര്‍ട്ടിഗാ, റിറ്റ്‌സ്, പാഴ്‌സല്‍ ലോറികള്‍, ലോറികള്‍ എന്നിങ്ങനെ 10 വാഹനങ്ങള്‍ ധര്‍മ്മരാജന് കുഴല്‍പ്പണ ഇടപാടുകള്‍ നടത്താന്‍ ഉണ്ടായിരുന്നെന്നും ഈ വാഹനങ്ങളില്‍ എല്ലാം രഹസ്യ അറകളും ഉണ്ടായിരുന്നെന്നും ഇതുവഴിയാണ് കുഴല്‍ പണം കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും വ്യക്തമായിരിക്കുന്നു.     2021 ല്‍ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരോ ഉന്നത പോലീസ് മേധാവികളോ എന്തുകൊണ്ട് അറിഞ്ഞില്ല. അഥവാ അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് മൂടിവെച്ചു തുടങ്ങിയ ഒട്ടേറെ ദുരൂഹതകളാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപി നേതാക്കള്‍ പ്രതിയായ കുഴല്‍പ്പണ ഇടപാടില്‍ ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കത്തക്ക വിധം പല സൂചനകളും പുറത്തുവരുന്നുണ്ട്.    ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വഷിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിച്ചു.  

കോട്ടയം

മുണ്ടക്കയം സബ് ട്രഷറി കെട്ടിട നിർമ്മാണം 1.75 കോടി രൂപ അനുവദിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : ദീർഘകാലമായി  മുണ്ടക്കയത്തെയും സമീപ പഞ്ചായത്തുകളിലെയും  ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായിരുന്ന മുണ്ടക്കയം സബ് ട്രഷറി നിർമ്മിക്കുന്നതിന് 1.75 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുന്നതിന് സജ്ജമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇപ്പോൾ തികച്ചും അസൗകര്യങ്ങളോടെ വാടക കെട്ടിടത്തിൽ  രണ്ടാം നിലയിൽ ട്രഷറി പ്രവർത്തിക്കുന്നത് മൂലം പ്രായാധിക്യമുള്ള പെൻഷൻകാർ ഉൾപ്പെടെ ഏറെ ദുരിതമനുഭവിച്ചിരുന്നു. റോഹാസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്,  തിരുവനന്തപുരം എന്ന സ്ഥാപനമാണ് ടെൻഡർ പിടിച്ച് കരാർ ഒപ്പു വച്ചിട്ടുള്ളത്.  സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ HLL ലൈഫ് കെയർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ മേൽനോട്ട ചുമതല. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപം നിലവിൽ തിലകൻ സ്മാരക സാംസ്കാരിക നിലയം നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി   ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുക   

പ്രാദേശികം

ഈരാറ്റുപേട്ടയെ കുറിച്ച് തെറ്റായ റിപ്പോർട്ട് തിരുത്തുന്നതിനെതിരെ എൽ.ഡി.എഫ് വിയോജനകുറിപ്പ് എഴുതി

ഈരാറ്റുപേട്ട: തീവ്രവാദപരമായ ബന്ധം ചേർത്ത് നാടിനെ കളങ്കപെടുത്തുന്ന നിലയിൽ കോട്ടയംജില്ലാ മുൻപൊലീസ് മേധാവി കെ. കാർത്തിക് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ വസ്തുതാപരമല്ലാത്ത റിപ്പോർട്ട് പിൻവലിക്കണമെന്നാവിശ്യപെട്ട് ഈരാറ്റുപേട്ട നഗരസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ എൽ ഡി.എഫ് കൗൺസിലർമാർ വിയോജന കുറിപ്പ് രേഖപെടുത്തി.  ചൊവ്വാഴ്ച നടന്ന നഗരസഭ കൗൺസിലിൽ കൗൺസിലർ സുനിൽ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് സിവിൽ സ്റ്റേഷൻ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന വിഷയയവുമായി ബന്ധപെട്ട് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നും നൽകിയ തെറ്റായ റിപ്പോർട്ടാണ് പരമാർശത്തിന് കാരണമായ സംഗതി.മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം തുടങ്ങിയവ നിലനിൽക്കുന്നതിനാൽ പോലീസ് സ്റ്റേഷൻ പരിസരത്ത് മിനി സിവിൽ സ്റ്റേഷൻ വരുന്നത് ആഭ്യന്തര പ്രശ്നത്തിന് കാരണമാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ 2017 മുതൽ ഇത്തരത്തിലുള്ള കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തിരുത്തിയില്ലങ്കിൽ ഹൈക്കോടതി സമീപിക്കുവാൻ നഗരസഭയെ ചുമതലപ്പെടുത്തീയിരുന്നു. ഇത് പ്രകാരമാണ് നഗരസഭയിൽ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടു വന്നത്. ഈ പ്രമേയത്തെയാണ് ഇടത് കൗൺസിലർമാർ എതിർത്തത്. മാസങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് തിരുത്തിയതാണന്നും അതിനാലാണ് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി ലഭിച്ചതെന്നും സി.പി.എം പാർലമെൻററി പാർട്ടി ലീഡർ അനസ് പാറയിൽ പറഞ്ഞു. വാഗ്വാദത്തിന് ശേഷം ഔദ്യോഗികമായി ആഭ്യന്തര വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ട് ഹാജരാക്കാൻ പതിനഞ്ച് ദിവസത്തെ കാലാവധി അനുവദിച്ചാണ് നഗരസഭയിൽ ചർച്ച അവസാനിപ്പിച്ചത്. പ്രസ്തുതറിപ്പോർട്ട് തിരുത്തിയത് ലഭിച്ചില്ലങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.    

മരണം

ചെമ്മനാചാലില്‍ പച്ചക്കറി തമ്പിയണ്ണൻ (94)നിര്യതനായി

ഈരാറ്റുപേട്ട: ചെമ്മനാച്ചാലിൽ തമ്പിയണ്ണൻ (പച്ചക്കറി തമ്പിയണ്ണൻ - 94) നിര്യാതനായി. ഇപ്പോൾ പട്ടിമറ്റത്താണ് താമസം. മൃതദേഹം എം.ഇ.എസ് ജംഗ്ഷനിലെ വീട്ടിലെത്തിക്കും. ഖബറടക്കം നാളെ ഉച്ചക്ക് ഒരു മണിക്ക് നൈനാർ പള്ളി ഖബർസ്ഥാനിൽ.       

കേരളം

'കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം', ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. 'ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു.  തുടർന്ന് റീചാർജിങിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം.'- കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. കുറിപ്പ്: മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണം.