വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

'ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ'; ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ ജാഗ്രതാനിര്‍ദേശം. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ആനന്ദഭരിതമായ ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

മരണം

മുണ്ടക്കയം- കോരുത്തോട് റോഡിൽ തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു.

മുണ്ടക്കയം; കോരുത്തോട് റോഡിൽ  മടുക്ക പാറമട ഭാഗത്ത് വച്ച് തീർത്ഥാടന വാഹനം ഇടിച്ച് മടുക്ക  സ്വദേശിയായ യുവാവ് മരിച്ചു.മടുക്ക മൈനാക്കുളം വയലക്കൊമ്പിൽ എബി തോമസ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

കോട്ടയം

കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്

കോട്ടയം :കെ.എസ്.ആർ.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയിൽ ഹിറ്റ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയിൽനിന്നുള്ള ബജറ്റ് ടൂറിസം സർവീസും കോട്ടയം ജില്ലയുടെ കണക്കിലാണുൾപ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പറഞ്ഞു. അവധിക്കാലം മുന്നിൽക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ഞായറാഴ്‌ച മുതൽ പ്രത്യേക അവധിക്കാല യാത്രകൾ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്. ജില്ലയിലെ ഏഴു ഡിപ്പോകളിൽനിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയിൽ നെഫർട്ടിറ്റി എന്ന ആഡംബര കപ്പൽ യാത്രയും ബജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പൽ ചാർജും ഉൾപ്പെടുന്നതാണ് പാക്കേജ്. ശിവഗിരിതീർഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദർശനം തുടങ്ങിയ പാക്കേജുകളുമുണ്ട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: എരുമേലി-9562269963,9447287735 പൊൻകുന്നം 9497888032,6238657110 ഈരാറ്റുപേട്ട 9497700814,9526726383 പാലാ 9447572249,9447433090 വൈക്കം-9995987321,9072324543 കോട്ടയം -8089158178,9447462823 ചങ്ങനാശേരി-8086163011,9846852601 കൂത്താട്ടുകുളം 9497415696,9497883291

കേരളം

എസ്.ഐ.ആർ: കരട് വോട്ടര്‍ പട്ടിക നാളെ; ജനുവരി 22 വരെ പരാതികള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയുടെ കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ വോട്ടര്‍മാര്‍ക്ക് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. ഓരോ ആവശ്യത്തിനും പ്രത്യേകം ഫോം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6, എന്‍ഐആര്‍ പൗരന്മാര്‍ക്കായി ഫോം 6A, പേര് നീക്കുന്നതിന് ഫോം 7, തിരുത്തലുകള്‍ വരുത്തുന്നതിനോ താമസ സ്ഥലം മാറ്റത്തിനോ ഫോം 8 ഉപയോഗിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കും. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍, അതിന്‍റെ തീരുമാനത്തെക്കുറിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന് ഒന്നാം അപ്പീല്‍ നല്‍കാം. അതിന്‌ ശേഷവും തൃപ്തികരമല്ലെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് 30 ദിവസത്തിനുള്ളില്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടൊപ്പം, മരണപ്പെട്ടവരായി പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പലരും ജീവനോടെ തുടരുന്നുവെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം കൃത്യമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ എത്തുന്ന വോട്ടര്‍മാര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അവധിക്കാലത്തെത്തുന്നവരില്‍ ചിലരെ കണ്ടെത്താനായില്ലെന്നാണ് എഎസ്ഡി പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളം

അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  

കേരളം

പ്രതിമാസം 1000 രൂപ ധനസഹായം: സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

പ്രാദേശികം

ബഡ്സ് കായിക മേള: ഈരാറ്റുപേട്ട പ്രതീക്ഷ ബി.ആർ.സിക്ക് സെക്കന്റ് ഓവറോൾ

ഈരാറ്റുപേട്ട: ഉഴവൂർ സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത് ബഡ്സ് കായിക മേളയിൽ (ബഡ്സ് ഒളിംമ്പിയ 2.0) ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സിക്ക്(ബഡ്സ് സ്കൂൾ) സെക്കന്റ് ഓവറോൾ.  ജില്ലയിലെ വിവിധ ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്ത മേളയിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പും, 60 പോയിന്റും നേടിയാണ് രണ്ടാം സ്ഥാനക്കാരായത്..    

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യുടെ (2025 - 2030) സത്യപ്രതിജ്ഞ ചടങ്ങ് 21.12.2025 രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. വരണാധികാരി ശ്രീ. സാജു ജേക്കബ്, (ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോട്ടയം) തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ (12 തലപ്പലം) ന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളായ ശ്രീ.ജോയി സ്കറിയ (01 – മേലുകാവ് ), ശ്രീ.സ്റ്റാൻലി മാണി (02-മൂന്നിലവ്), ശ്രീമതി.സോളി ഷാജി (03 –തലനാട്), ശ്രീ.മോഹനൻ കുട്ടപ്പൻ (04 – തീക്കോയി), ശ്രീ.റോജി തോമസ് (05-കല്ലേക്കുളം), ശ്രീമതി. ബീന മധുമോൻ (06 -പാതാമ്പുഴ), ശ്രീ.ക്ലിന്‍റ് അരീപ്ലാക്കൽ (07 –വളതൂക്ക്), ശ്രീമതി. ഗീതാനോബിൾ (08 – പൂഞ്ഞാർ), ശ്രീമതി. മേഴ്സി മാത്യൂ (09- കൊണ്ടൂർ), ശ്രീമതി.ധന്യ ജോസ് (10- പിണ്ണാക്കനാട്), ശ്രീമതി അജിതാ മോഹൻദാസ് (11- തിടനാട്), ശ്രീ. ജോഷി ജോഷ്വാ (13- പ്ലാശ്ശനാൽ), കുമാരി.ആൻ മരിയ അമൽ (14 – കളത്തുകടവ് എന്നിവർക്ക് ശ്രീ. പ്രേംജി.ആർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 -2030) ആദ്യ യോഗം മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ ന്‍റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ വച്ച് രാവിലെ 11.00 മണിക്ക് ചേർന്നു. പ്രസ്തുത യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.സാജൻ.എം വായിച്ച് അവതരിപ്പിച്ചു.11.30 ന് യോഗം അവസാനിച്ചു.