വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി: 26.22 ലക്ഷം വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കള്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം ലഭിക്കും.സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്.2.06 ലക്ഷം കുട്ടികള്‍ പ്രീ പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു.സപ്ലൈകോ അരി സ്‌കൂളുകളില്‍ എത്തിച്ച് നല്‍കും. ഓണാവധി ആരംഭിക്കുന്നതിന് മുന്‍പ് അരി വിതരണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം

പ്രാദേശികം

പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം: കരട് വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം 12ന്

ഈരാറ്റുപേട്ട : പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന കമ്മീഷൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലകളിലെ ഭൂപ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏതൊക്കെ ഭൂപ്രദേശങ്ങളാണ് പ്രസ്‌തുത ESA യിൽ പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് 31.07.2024 ൽ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമെന്നുള്ള നിലയിൽ കാണിച്ചിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനും, അനാവശ്യ നിയന്ത്രണങ്ങളും, നിബന്ധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നതിനും, ഇതുസംബന്ധമായ ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനും, മറ്റുമായി ഈ മാസം പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ട വില്ലേജ് പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഒരു യോഗം വിളിച്ചു ചേർത്തിട്ടുള്ളതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പ്രസ്തുത മേഖലകളിലെ എല്ലാ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.ഈ യോഗത്തിലെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും, ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും എംഎൽഎ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട അനാവശ്യ നിയന്ത്രണങ്ങളും മറ്റു ഒഴിവാക്കുന്നതിന് എല്ലാവിധ പരിശ്രമങ്ങളും നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട നിർദിഷ്ട 60 ദിവസത്തിനുള്ളിൽ ശാസ്ത്രീയമായ വസ്തുതകളുടെ പിൻബലത്തോടെ ആക്ഷേപം ബോധിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

കോട്ടയം

ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഈരാറ്റുപേട്ട: ആസ്ത്രേലിയൻ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം. ലിബറൽ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ എം.പി.യായത്. ഈരാറ്റുപേട്ടക്കടുത്ത്  മൂന്നിലവ് സ്വദേശിയായ ജിൻസൺ ആൻ്റോ ചാൾസ് ആണ്, നോർത്തേൺ ടെറിട്ടറി പാർലമെന്റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. ഇന്ന് ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയിൽ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസിൻ്റെ പുത്രനാണ് ജിൻസൺ. മാതാവ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർ അധ്യപിക ഡെയ്സി തോമസ്.ഭാര്യ അനു ജിൻസൺ, മക്കൾ എയ്മി ജിൻസൺ, ആന്നാ ജിൻസൺ.നഴ്സിങ് ജോലിക്കായി 2011ൽ ആസ്ത്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്. 

കോട്ടയം

ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു.

ഈരാറ്റുപേട്ട: ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ഇവരെ പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട്   മേലെടുക്കം എസ് വളവ് ഭാഗത്ത് വച്ച് കയ്യാലയിൽ ഇടിച്ചാണ് അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  ദാസ് (35), അയ്യപ്പൻ (32), വെങ്കിടേശ് (34), ഫാസിൽ (26),നസീം (25), അയ്യപ്പൻ (35), ഡ്രൈവർ അശോക് എന്നിവർക്കാണ് പരിക്കേറ്റത്.   

പ്രാദേശികം

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ കേസുകളുടെ എണ്ണം നൽകാൻ വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ്

ഈരാറ്റുപേട്ട:  മതസ്പർദ്ദ, ഭീകര പ്രശ്നം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ 2017 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും നമ്പരും തീയതിയും നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ.കെ.എം ദിലീപ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകി.  പി. എ.മുഹമ്മദ് ഷെരീഫ് പ്രസിഡൻ്റ്  ഈരാറ്റുപേട്ട ജനകീയ വികസന ഫോറം  കമ്മീഷന് നൽകിയ അപ്പീലിലാണ് ഈ ഉത്തരവ് നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർദ്ദ, ഭീകര പ്രശ്നം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  രേഖപ്പെടു ത്തിയിരിക്കുന്ന വിഷയത്തിൽ 2017 മുതൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് 2023 ഒക്ടോബർ 31 ന് ഷെരീഫ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് .ഈ അപേക്ഷ 20 23 നവംമ്പർ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നിരസിച്ചു. തുടർന്ന്2023 ഡിസംമ്പർ 8 ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാലായ്ക്ക് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി. ഈ അപ്പീൽ നിരസിച്ചതിനെ തുടർന്ന് മുഹമ്മദ്  ഷെരീഫ് 2024  ജനുവരി 9ന് വിവരവകാശ കമ്മീഷനിൽ  ഷരീഫ് വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയത്.ഈ അപ്പീലിലാണ് ഇപ്പോൾ ഉത്തരവായത്.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലെ പുതിയ ട്രാഫിക് പരിഷ്കരണം 12 മുതൽ നടപ്പാകും

ഈരാറ്റുപേട്ട: നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്‌നത്തിന് പരിഹാരമായി പുതിയ പരിഷ്‌കാരം 12-ാം തീയതി മുതൽ നിലവിൽ വരും. നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലുളളവരിൽ നിന്നുമായി നിരന്തരമായി പരാതികൾ ഉയരുന്നതാണ്. പലതവണ നടപടികളെടുത്തിട്ടും പ്രശ്‌നം ശാശ്വാതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടേയും നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും സംയുക്തയോഗവും 25 ന് ചേർന്ന സ്‌പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതുമായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെപ്പറയുന്ന ട്രാഫിക് പരിഷ്‌കരണ തീരുമാനങ്ങൾ സെപ്റ്റംബർ 12 രാവിലെ 10.00 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു.പുതിയ പരിഷ്‌കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. പുതിയ ട്രാഫിക് പരിഷ്‌കരണം വിജയകരമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പരിഷ്‌കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടീസുകൾ നാളെ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും. നിരീക്ഷണത്തിന് ആവശ്യമായ നാല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കുന്നതാണ്. ഈ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്ച തന്നെ സ്ഥാപിക്കുന്നതാണ്. നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.  പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ  1.⁠ ⁠മാർക്കറ്റ് റോഡ് വിൻമാർട്ട് ജംഗ്ഷനിൽ നിന്നും കുരിക്കൾ നഗർ ഭാഗത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.  2.⁠ ⁠വിൻമാർട്ട് റോഡിലെ പാർക്കിംഗ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.  3.⁠ ⁠തെക്കേക്കര കോസ് വേയിൽ നിന്നും ടൗണിലേയ്ക്കും, പൂഞ്ഞാർ, തീക്കോയി ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റി മാർക്കറ്റ് ഭാഗത്തേയ്ക്കും, െ്രെപവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തേക്കും പോകേണ്ടതാണ്.  4.⁠ ⁠തെക്കേക്കര കോസ് വേയിൽ കുരിക്കൾ നഗറിൽ നിന്നും മുഹയുദ്ദീൻ പള്ളി ജംഗ്ഷൻ വരെ ടൂവീലർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ച്, വൺവേ ഏർപ്പെടുത്തുന്നതിനും മഞ്ചാടിതുരുത്ത് പൊതുപാർക്കിംഗ് ആയി മാറ്റുന്നതിനും തീരുമാനിച്ചു.   5.⁠ ⁠കാഞ്ഞിരപ്പളളി, തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കുരിക്കൾ നഗർ സ്‌റ്റോപ്പിൽ ആളെ കയറ്റുകയോ, ഇറക്കുകയോ ചെയ്യാൻ പാടില്ല. പാലാ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ മാത്രം ആളുകളെ ഇറക്കുന്നതിനായി കുരിക്കൾ നഗർ ബസ് സ്‌റ്റോപ്പ് ഉപയോഗിക്കുക, ഈ സ്‌റ്റോപ്പിൽ നിന്നും ഒരു ബസ്സുകളും യാത്രക്കാരെ കയറ്റുവാൻ പാടില്ല. ഇത് കെ.എസ്.ആർ.റ്റി.സി. ഉൾപ്പെടെയുള്ള മുഴുവൻ ബസ്സുകൾക്കും ബാധകമാണ്.   6.⁠ ⁠മാർക്കറ്റ് റോഡ് ഉൾപ്പെടെ മുഴുവൻ റോഡുകളിലും ഫുട്ട്പാത്തിലേക്കും റോഡിലേക്കും സാധനങ്ങൾ ഇറക്കിവച്ച് കച്ചവടം ചെയ്യാൻ പാടില്ലാത്തതും, ഗ്രില്ലിട്ടടച്ച്, പാസ്സേജ്, സ്‌റ്റെപ്പ് ഉപയോഗിക്കുന്നവർ അടിയന്തിരമായി ഇവ ഒഴിവാക്കേണ്ടതുമാണ്.  7.⁠ ⁠കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ അരുവിത്തുറപള്ളി, സിറ്റി സെന്റർ (പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന) ഭാഗത്തും, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിലെ താഴത്തെ സ്‌റ്റോപ്പിൽ (പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന) ഭാഗത്തും മാത്രം ആളെ കയറ്റി ഇറക്കുക. ബസ് പാർക്കിംഗ് ബസ് സ്റ്റാന്റിൽ മാത്രം അനുവദിച്ചിട്ടുള്ളതാണ്. പാലാ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ വടക്കേക്കര സ്‌റ്റോപ്പിൽ ആളെ കയറ്റി ഇറക്കേണ്ടതുമാണ്. മുഴുവൻ യാത്രക്കാരും യാത്രക്കായി ബസ് സ്റ്റാന്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.  8.⁠ ⁠അനുവദിച്ചിരിക്കുന്ന ഓട്ടോ സ്റ്റാന്റുകളിൽ സ്റ്റാന്റ് പെർമിറ്റ് എടുത്ത് ഓട്ടോകൾ പാർക്ക് ചെയ്യേണ്ടതും, ഒരു സ്റ്റാന്റിലെ ഓട്ടോകൾ മറ്റ് സ്റ്റാന്റുകളിൽ മാറി പർക്ക് ചെയ്യുവാൻ പാടില്ലാത്തതും, സെൻട്രൽ ജംഗ്ഷൻ, കുരിക്കൾ നഗർ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലെ ഓട്ടോ കറക്കവും ആളെ കയറ്റലും ഇറക്കലും പൂർണ്ണമായും നിരോധിച്ചിട്ടുളളതുമാണ്.  9.⁠ ⁠വാഹനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ സ്ഥാപിച്ച പാർക്കിംഗ്, നോ പാർക്കിംഗ്, നോ എൻട്രി, ബസ് സ്‌റ്റോപ്പ് ഉൾപ്പെടെയുള്ള ബോർഡുകളിലെ നിർദേശങ്ങളും മറ്റ്ട്രാഫിക് നിബന്ധനകളും മുഴുവൻ ആളുകളും കൃത്യമായും പാലിക്കേണ്ടതും, ലംഘിക്കുന്നവർക്കെതിരെ ഫൈൻ ഉൾപ്പെടെയുളള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.  10.⁠ ⁠മെയിൻ റോഡിൽ ഇരു പാലങ്ങൾക്കുമിടയിൽ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെയും മാർക്കറ്റ് റോഡിലും രാവിലെ 8.00 മണി മുതൽ 11 .00 മണി വരെയും വൈകുന്നേരം 3.00 മണി മുതൽ 5.00 മണിവരെയും ഹെവി വാഹനങ്ങളിൽ ചരക്ക് കയറ്റി ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു. ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി, കോട്ടയം ആർ.റ്റി.ഒ., നഗരസഭാ ചെയർപേഴ്‌സൺ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര, തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂട്ടായി എടുത്ത തീരുമാനം പാലിക്കുവാൻ പൊതുജനങ്ങളും, യാത്രക്കാരും, ടൂറിസ്റ്റുകളും, വ്യാപാരികളും, തൊഴിലാളികളും, ബസ് ഉൾപ്പെടെയുളള വാഹന ഉടമകളും സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ 12 മുതൽ 27 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാര നടപടികൾ നടപ്പാക്കുകയെന്നും ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ പുനഃപരിശോധനയ്ക്ക് വിധേയമായി ആവശ്യമായ മാറ്റങ്ങൾ വരുത്തി 28 ാം തീയതി മുതൽ തുടർന്ന് പോകുന്നതുമായിരിക്കും.  

കോട്ടയം

മെഡിക്കൽ ക്യാമ്പ് നടത്തി.

പാലാ : നാഷണൽ ആയുഷ് മിഷൻ്റെയും കേരള സർക്കാർ ആയുഷ് വകുപ്പിൻ്റെയും ഭാഗമായി പാലാ ഹോമിയോ ആശുപത്രിയും സഫലം 55 പ്ലസ്സും പാലാ നഗരസഭയും സംയുക്തമായി കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ജെറിയാട്രിക് മെഡിക്കൽ ക്യാമ്പും നടത്തി. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.സഫലം പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഡോ.സാജൻ ചെറിയാൻ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു,ബിജി ജോജോ, ആനി ബിജോയ്,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ,ഡോ.അശ്വതി ബി നായർ,ഡോ.കാർത്തിക വിജയ കുമാർ,മഞ്ജുഷ വിജയൻ,എമിലിൻ അജു എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനക്ക് ശേഷം ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.

കേരളം

ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.