വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച (14-11-2025) പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ്‌ പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം.സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥി ബധിര-മൂകനായിരിക്കരുത്.സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവർ 2000 രൂപയും, ബ്ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ 4000 രൂപയും, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000 രൂപയുമാണ് നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതിയാകും.സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽകേസുകൾ, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫോറം 2A യിൽ സമർപ്പിക്കണം. ഒരാൾക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡുകളിൽ നാമനിർദ്ദേശപത്രിക നൽകിയാൽ എല്ലാം നിരസിക്കും. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാവുന്നതാണ്.നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫാറങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും. നാമനിർദ്ദേശപത്രിക സമർപ്പണം : കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്നുറപ്പ് വരുത്താൻ കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വരണാധികാരികൾക്കും നിർദ്ദേശം നൽകി.നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന സമയത്ത് ഒരു സ്ഥാനാർത്ഥിക്ക് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസിനുള്ളിൽ സ്ഥാനാർത്ഥിയടക്കം 5 പേർ മാത്രമേ പ്രവേശിക്കാവൂ.സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് മത്സരിക്കാം. എന്നാൽ സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും, കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്‌ക്കെടുത്തിട്ടുള്ളവർക്ക് മത്സരിക്കാം. സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവ്വീസ് സഹകരണസംഘങ്ങൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും. അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്ക് അയോഗ്യതയുണ്ടാകും. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല.                    

കോട്ടയം

തദ്ദേശതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ

കോട്ടയം: തദ്ദേശ സ്വയംഭരണ ​തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത മാർഗനിർദേശങ്ങളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചരണം മുതൽ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം എന്ന് കമ്മിഷൻ നിർദ്ദേശിച്ചു.   പ്രചരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, പോസ്റ്ററുകൾ എന്നിവയിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുകൾ ഉപയോഗിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ പാടില്ല.പ്രചരണ വസ്തുക്കളിൽ ക്യു ആർ കോഡ് പി.വി.സി ഫ്രീ ലോഗോ, പ്രിന്റുറുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികൾ ശേഖരിക്കാനോ, അച്ചടിക്കാനോ പാടില്ല. റാലികൾ, കൺവെൻഷനുകൾ, പദയാത്രകൾ പരിശീലനങ്ങൾ തുടങ്ങിയ പ്രചരണ പരിപാടികളിൽ തെർമോക്കോൾ, സ്റ്റിറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്‌പോസിബിൾ പാത്രങ്ങൾ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീൽ, സെറാമിക് പാത്രങ്ങളിലോ നൽകണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്‌സൽ കവറുകളും പാടില്ല. പോളിംഗ് ബൂത്തുകളിൽ സ്റ്റീൽ, ഗ്ലാസ് കപ്പുകളിൽ വെള്ളം നൽകണം. ഭക്ഷണ വിതരണം പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലാകണം. മാത്രമായിരിക്കണം.   വോട്ടർമാർ വോട്ടർ സ്ലിപ്പുകൾ പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്; പ്രത്യേക ബിന്നുകളിൽ നിക്ഷേപിക്കണം.വോട്ടെണൽ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കണം. പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വോട്ടെടുപ്പ് കഴിഞ്ഞ് ഉടൻതന്നെ ഹരിത കർമ്മ സേനയ്ക്ക് നൽകണം. നിർദിഷ്ട സമയത്തിനുള്ള നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ അവ നീക്കം ചെയ്ത് സ്ഥാനാർഥികളിൽ നിന്ന് ചെലവ് ഈടാക്കണം. റാലികൾ, റോഡ് ഷോ തുടങ്ങിയ പ്രചരണ പരിപാടികൾക്ക് ശേഷം സ്ഥലങ്ങൾ വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാർട്ടികൾക്ക് ആയിരിക്കും.

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.  സ്ഥാനാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പരാതികളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായിമോണിട്ടറിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സമിതി കണ്‍വീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും.   പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍  *ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. *മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമര്‍ശിക്കരുത്.  * ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്. *സമ്മതിദായകര്‍ക്ക് പണമോ പാരിതോഷികമോ നല്‍കരുത്. *വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദം കൂടാതെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. * സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ പാടില്ല. * പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. * വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുത്. * ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുത്.  * തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ.  ഈ ദൂരപരിധിക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിക്കരുത്.  *സമ്മതിദായകരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ല. പെരുമാറ്റച്ചട്ട ലംഘനം: പരാതി നല്‍കാം കോട്ടയം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മോണിട്ടറിംഗ് സമിതിക്ക് നല്‍കാം. സമിതി കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ mccktmlsgdelection@gmail.com. എന്ന ഇ- മെയിലിലോ നല്‍കാം. ഫോണ്‍-0481 2560282

പ്രാദേശികം

പത്രികാസമർപ്പണം 14 മുതൽ ഈരാറ്റുപേട്ടയിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു

ഈരാറ്റുപേട്ട.തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശപത്രിക സമർപ്പണം തുടങ്ങാൻ രണ്ടുനാൾ. വെള്ളിയാഴ്ച മുതലാണ് പത്രികകൾ സ്വീകരിച്ച് തുടങ്ങുക. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം. അവസാന തീയതി നവംബർ 22 ആണ്. ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫും എൽ.ഡി.എഫും എസ്.ഡി.പി.ഐയും ഇതിനകം സ്ഥാനാർഥി നിർണയം ഏറക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.  പത്രികകളുടെ സൂക്ഷ്‌മപരിശോധന ഈ മാസം 22നും പിൻവലിക്കാനുള്ള അവസാന തീയതി 24ഉം ആണ്. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ നാല്, അഞ്ച് തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. ഇതോടൊപ്പം ഒഴിവാക്കലിനും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. ഇതിൻ്റെ അടിസ്‌ഥാനത്തിലുള്ള സപ്ലിമെൻ്ററി വോട്ടർ പട്ടിക 14ന് പ്രസിദ്ധീകരിക്കും.

കോട്ടയം

കെ ആർ നാരായണൻ്റെ പേരിൽ തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ  രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം രാജ്ഭവനിൽ വച്ച് 21 ന് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നടപടികൾക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ രാഷ്ട്രപതി ഭവൻ രേഖാമൂലം അറിയിച്ചു. കെ ആർ നാരായണൻ്റെ ഓർമ്മ  നിലനിർത്താൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തപാൽ സ്റ്റാമ്പിനൊപ്പം നാണയവും കെ ആർ നാരായണൻ്റെ പേരിൽ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. ആർ അജിരാജ്കുമാർ, അഡ്വ ജെ ആർ പത്മകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കെ ആർ നാരായണൻ ഫൗണ്ടേഷൻ കെ ആർ നാരായണൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. പ്രാദേശിക തലത്തിൽ തപാൽ വകുപ്പ് നടപ്പാക്കി വരുന്നതാണ് മൈ സ്റ്റാമ്പ് പദ്ധതി. കെ ആർ നാരായണൻ്റെ ഇരുപതാം ചരമവാർഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.

പ്രവാസം

ജാഫർ ഈരാറ്റുപേട്ട എഴുതിയ വീരസ്മൃതികൾ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട .സാമ്രാജ്യത്വ അധിനിവേശം ആരംഭിച്ചതുമുതലുള്ള മലബാറിന്റെ സമ്പൂർണ്ണ ചരിത്രം, ജാഫർ ഈരാറ്റുപേട്ട എഴുതിയ 'മലബാർ വീരസ്മൃതികൾ'  എന്ന പുസ്തകം പ്രകാശനം ചെയ്തു.ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ മുൻ ഡയറക്ടറും മെക്ക സംസ്ഥാന പ്രസിഡണ്ടുമായ പ്രൊഫ. ഡോക്ടർ പി. നസീർ ആണ് പ്രകാശനം ചെയ്തത്. യു.എ.ഇ. ഈരാറ്റുപേട്ട അസോസിയേഷൻ പ്രസിഡണ്ട് നിഷാദ് വട്ടക്കയം, പ്രശസ്ത സിനിമാ നടനും ഗ്രന്ഥകാരനുമായ പ്രൊഫ. അലിയാർ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപകൻ രഘു മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ചടങ്ങിൽ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പി.എം.ഷഹീർ, ഒലിവ് ബുക്സ് പ്രതിനിധി ശ്രീ. സന്ദീപ്, അൽ ബാജ് ബുക്സ് ഷൗക്കത്തലി തുടങ്ങി  സാംസ്കാരിക പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.പ്രമുഖ ചരിത്രപണ്ഡിതൻ പ്രൊഫ. എം.ജി.എസ്. നാരായണന്റെ ആമുഖത്തോടെ,മോഴികുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൾ ശാന്തയുടെ പ്രിയതമൻ എസ്. പരമേശ്വരൻ നമ്പൂതിരിയുടെ അവതാരികയോടെയുമാണ് മലബാർ വീരസ്മൃതികൾ പുറത്തിറങ്ങിയിരിക്കുന്നത്. പോരാട്ടഭൂമിയിലൂടെ രണ്ടരപ്പതിറ്റാണ്ട് സഞ്ചരിച്ച് സമരത്തിൽ പങ്കെടുത്ത  ആയിരത്തിലേറെ പോരാളികളുടെ  പിൻമുറക്കാരെ നേരിൽ കണ്ട്, പ്രമുഖ ചരിത്രകാരന്മാരുമായി അഭിമുഖം നടത്തിയുമാണ്ജാഫർ ഈരാറ്റുപേട്ട ഈ ഗ്രന്ഥം തയ്യാറാക്കിയത്.സാമ്രാജ്യത്വ അധിനിവേശം മുതൽ മലബാർ സമരത്തിന് നേതൃത്വം നൽകിയവർ,വാരിയൻകുന്നനോടൊപ്പം സമരത്തിന് നേതൃത്വം നൽകിയ സഹയാത്രികർ,എല്ലാം ഉൾപ്പെടുത്തിയ മലബാറിന്റെ ഐതിഹാസിക ക്ലാസിക്കൽ വിപ്ലവ ചരിത്രം!ചരിത്രത്തെ വികലമാക്കുന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയുംകുപ്രചരണങ്ങൾക്കും ചരിത്രനായകരുടെ മറുപടി.ചരിത്ര വിദ്യാർത്ഥികൾക്കുംപഠിതാക്കൾക്കും മലബാർ സമ്പൂർണ ചരിത്രം ഉത്തമ കൃതിയാണ്.  

പ്രാദേശികം

തെക്കേക്കര മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് ഭരണ സമിതിക്ക് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ട: തെക്കേക്കര മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് പരിപാലന സമിതിയുടെ 2025-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി. അഫ്സാർ പുള്ളോലിൽ (പ്രസി.), നൈസൽ കൊല്ലംപറമ്പിൽ (സെക്രട്ടറി), പി.എച്ച്. അൻസാരി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.  കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിൽ 21 അംഗ പരിപാലന സമിതിയിലേക്ക് നൈസൽ റസാഖ് കൊല്ലംപറമ്പിൽ, നസീർ (കുഞ്ഞണ്ണൻ) കിണറ്റുംമൂട്ടിൽ, അനസ് പുത്തൻപറമ്പിൽ, ടി.എം. ബഷീർ തൈത്തോട്ടത്തിൽ, പി.എച്ച്. അൻസാരി പ്ലാമൂട്ടിൽ, ഇൻഷാ സലാം വെട്ടിക്കൽ, പി.ടി. അഫ്സർ പുള്ളോലിൽ, ബഷീർ സി.ടി ചാന്തുഖാൻ പറമ്പിൽ, ഷാജി കെ.എസ് കുന്നത്തുപറമ്പിൽ, നജീബ് പി.പി പുളിക്കത്താഴത്ത്, ഷിബിലി പി.പി പുന്നക്കൽ, അബ്ദുൽ ഹക്കീം വലിയപറമ്പിൽ, നൌഫൽ കെ.എം കൊച്ചേപറമ്പിൽ, ഷാമോൻ സി.സി.എം ചാന്തുഖാൻപറമ്പിൽ, വി.എസ്. ഹുസൈൻ വലിയവീട്ടിൽ, അഷ്റഫ് ടി.എം തൈത്തോട്ടത്തിൽ, നൌഷാദ് കിണറ്റുമൂട്ടിൽ, അജി പുള്ളോലിൽ, ഹസീബ് പാറയിൽ, സി.എച്ച്. റസാഖ് ചേലാപ്പീരുപറമ്പിൽ, റഷീദ് പി.ഇ പറമ്പുകാട്ടിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽനിന്നാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. റിട്ടേണിംഗ് ഓഫീസർ അഡ്വ. ഷാജഹാൻ എരുമേലി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.     

മരണം

പാലാ സിവില്‍ സ്റ്റേഷന് സമീപം രാമപുരം റോഡില്‍ വാഹനമിടിപ്പിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണമടഞ്ഞു.

പാലാ: വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഇനി അഞ്ച് പേർക്ക് ജീവിതത്തിൽ പ്രകാശമാകും. ഈ കഴിഞ്ഞ ദിവസം പാലായിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.  ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.   റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. 2025 നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ അടച്ചു ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ. യാത്രാമധ്യേ, പാല സിവിൽ സ്റ്റേഷനിന് സമീപം ഉലഹന്നാൻ ജോസ് സാധനങ്ങൾ വാങ്ങാനായി ഓട്ടോറിക്ഷ നിർത്തിയിട്ട സമയത്ത്, ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന റോസമ്മയുടെ ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. പാലാ സ്വദേശി തന്നെയായ ആനിത്തോട്ടം ജോർജുകുട്ടിയുടെ കാറാണ് റോസമ്മയെ ഇടിച്ചിട്ടതിനുശേഷം നിർത്താതെ പാഞ്ഞു പോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബർ 11ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർ​ഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയർ എഞ്ചിനീയർ-ബാം​ഗ്ലൂർ), രശ്മി ജോൺ (യുകെ) എന്നിവരാണ് മക്കൾ.