വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ സെയിൻസ് സൈനുദ്ദീനെ ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) ആദരിച്ചു.

ഈരാറ്റുപേട്ടയിലെ ആദ്യ ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമാണ്. പഴയ കാല സിനിമാ താരങ്ങളുടേതടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ നിരവധി ക്യാമറകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.ഫെയ്സ് പ്രസിഡന്റ്  സക്കീർ താപി, വനിതാ വിംഗ് ക്ലബ് പ്രസിഡൻറ് മൃദുല നിഷാന്ത് എന്നിവർ ഉപഹാരം നൽകി.  ചടങ്ങിൽ ഫെയ്സ് ജനറൽ സെക്രട്ടറി കെ. പി.എ. നടക്കൽ,എ.കെ.പി.എ. യൂണിറ്റ് സെക്രട്ടറി അജീഷ് യമഹ, ഫെയ്സ് സാഹിത്യവേദി ജനറൽ സെക്രട്ടറി  മുഹ്സിൻ പി.എം, യൂത്ത് ക്ലബ്ബ് രക്ഷാധികാരി പി.പി.എം, നൗഷാദ്, ട്രഷറർ കെ.കെ.നവാസ്, വൈസ് പ്രസിഡൻ്റ് പി.എസ്.റഫീഖ്, സെക്രട്ടറി ഹാഷിം ലബ്ബ വിമൻസ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ്  റീന വിജയ് എന്നിവർ പങ്കെടുത്ത

കേരളം

കേരളത്തിൽ നാളെ വിവിധ ദളിത് സംഘടനകൾ ഹർത്താൽ നടത്തുന്നു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല.സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

കോട്ടയം

യു.കെ യിൽ കുഴഞ്ഞു വീണ മരിച്ച നേഴ്സിൻ്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :ഞായറാഴ്ച യുകെയിൽ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നേഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിൽ റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ കോട്ടയത്ത് 10 ദിവസത്തേക്ക് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു.ലിസയും, ലൂയിസുമാണ് അനിൽ - സോണിയ ദമ്പതികളുടെ മക്കൾ

പ്രാദേശികം

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി പുതിയ ഭരണസമിതി ചുമതലയേറ്റു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി  ചുമതലയേറ്റു.സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് ആർ മാനംതടത്തിൽ ഇടമറ്റം ,വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് കെ.സി കൈപ്പുഴ പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള ഇടയോടിയിൽ പെരിങ്ങുളം, മജോ ജോസഫ് ഇല്ലിക്കൽ പ്ലാശനാൽ, അമ്പിളി ഗോപൻ കൊച്ചുപുരയ്ക്കൽ പ്ലാശനാൽ, സാജു ജെയിംസ് പൊട്ടംപ്ലാക്കൽ ചൊവ്വൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പ്രാദേശികം

കലാലയമുറ്റത്ത് കളിചിരികളുമായി ' ഒരിയ്ക്കൽ കൂടി' അവർ ഒത്തുകൂടി - മുസ്ലിം ഗേൾസിലെ എസ് എസ് എൽ സി പൂർവവിദ്യാർത്ഥി സംഗമം

ഈരാറ്റുപേട്ട: ഓർമകൾ പങ്കുവെക്കാൻ ഒരിക്കൽ കൂടി ആ തിരുമുറ്റത്ത് അവർ ഒത്തുകൂടി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ 2001 ബാച്ചിലെ വിദ്യാർഥിനികളും അധ്യാപകരുമാണ് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കുവെച്ചത്.  തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എം.എഫ്. അബ്ദുൽഖാദർ സാറിനെയാണ് സംഗമം ഉദ്ഘാടനം ചെയ്യാനാണ് അവർ തെരഞ്ഞെടുത്തത്.  കൂടാതെ എല്ലാ അധ്യാപകരേയും വൃക്ഷത്തൈകൾ നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജസ്‌ന പി.പരികുട്ടി അധ്യക്ഷത വഹിച്ചു. യാസ്മിൻ പി.എസ്. സ്വാഗതം പറഞ്ഞു. സുമിന ജുനൈദ്,സ്വാലിഹ അൻവർ,ഫാത്തിമ റിയാസ്,ഷൈനു സുഹാസ്,ഖദീജ ജബ്ബാർ,സുമി സുൽത്താൻ,അമീന ബഷീർ, നൈഫ ഷെഫീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് പാലാ  വലവൂർ ഇളംതോട്ടത്തിൽ അരുൺചന്ദ്രൻ (29)ന്റെ മൃദദേഹമാണ് ലഭിച്ചത്. ഞായാറാഴ്ച വൈകുന്നേരം നാലോടെയാണ് യുവാവ് ഒഴുക്കിൽപെട്ട് കാണാതായത്. 2 ദിവസമായി കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമർജൻസിയും പൊൻകുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല ചിറക്കടവ് ഗ്രാമദീപം കവലയ്ക്ക് സമീപം ബന്ധുവീട്ടിൽ എത്തിയതായിരുന്നു അരുൺ.കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ ചിറക്കടവ് മൂന്നാം മൈൽ സെൻ്റ് ഇഫ്രേംസ് യു.പി. സ്കൂളിന് മുൻപിലുള്ള വട്ടക്കല്ല് ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയതായിരുന്നു അരുൺ. മണിമലയാറുമായി ചിറ്റാർപുഴ കൂടിച്ചേരുന്ന 3 കിലോമീറ്ററോളം ദൂരത്തിൽ സംഘം തെരച്ചിൽ നടത്തിയിരുന്നു. ഒഴുക്കും, പുഴയിലെ കല്ലുകളും തെരച്ചിലിന് വിഘാതം സൃഷ്‌ടിച്ചിരുന്നു.

കേരളം

ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  നാളെ (ആഗസ്റ്റ് 21) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

കേരളം

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ, മസ്റ്ററിംഗ് നടത്തുന്നതിന് അനുമതി അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം.

കോട്ടയം : സാമൂഹ്യ സുരക്ഷാപെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കുന്ന ക്ഷേമ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവൻരേഖ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ 30 വരെ നടത്താം. ഓഗസ്റ്റ് 24 വരെയായിരുന്ന തീയതി പിന്നീട് നീട്ടുകയായിരുന്നു. 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ വിവിധ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക. ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമ നിധി ബോർഡ് ഗുണഭോക്താക്കൾ, 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, കിടപ്പു രോഗികൾ, മസ്റ്ററിംഗ് പരാജയപ്പെടുന്നവർ തുടങ്ങിയവർ അതാതു തദ്ദേശ സ്ഥാപനങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിങ്ങ് നടത്തേണ്ട വിഭാഗക്കാർക്ക് 50 രൂപയുമാണ് ഫീസ്. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നതിന് അനുമതിയുള്ളത്. പല അനധികൃത ഓൺലൈൻ കേന്ദ്രങ്ങളും മസ്റ്ററിംഗ് എന്ന പേരിൽ ജീവൻ പ്രമാൺരേഖ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മസ്റ്ററിങ്ങ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.