വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ ക്യാമ്പയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. ആഗസ്ത് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. സര്‍വൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.    

കോട്ടയം

വാഗമൺ റൂട്ടിൽ വളവിലെ ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു

തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയിയിൽ റോഡരികിൽ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അപകടകരമായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സർവീസ് സഹകരണ ബാങ്കിന് എതിർവശമായാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. വലിയ വളവ് ആയതിനാൽ ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് ട്രാൻസ്ഫോർമർ മറ സൃഷ്ടിക്കുകയാണ്. റോഡിലേക്ക് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോർമർ മൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിക്കഴിഞ്ഞു. നിരവധി തവണ ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വഴി പരിചയം ഇല്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റോഡിനോട് ചേർന്ന് വളവിൽ നിൽക്കുന്ന ഈ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനായി സമീപത്ത് സ്ഥലവും ഉണ്ട്. ബസ്റ്റോപ്പും സീബ്രാലൈനും ഈ ട്രാൻസ്ഫോർമറിന്റെ അടുത്ത് തന്നെയാണ് ഉള്ളത്. റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനടയാത്രക്കാരെ ഈ ട്രാൻസ്ഫോർമർ മൂലം ഡ്രൈവർമാർക്ക് കാണാനും സാധിക്കില്ല. ഇതുമൂലം വലിയ അപകടത്തിനാണ് സാധ്യത ഉള്ളത്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. വളവിൽ റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടുന്നതിനും കാരണമാവും. പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഡി. ജോർജ്, വൈസ് പ്രസിഡന്റ് പയസ് കവള്ളംമാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, യു.ഡി.എഫ് ചെയർമാൻ ജോയി പൊട്ടനാനിയിൽ എന്നിവർ ആവശ്യപ്പെട്ടു.

കോട്ടയം

അർഹമായ പ്രാതിനിധ്യം അവകാശമാണ്‌. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കോട്ടയം.അധികാരങ്ങളിൽ അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങളുടെ അവകാശമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ.മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) 37-മത് ജന്മദിന സമ്മേളത്തിന്റെ പ്രചാരണാർഥം കോട്ടയത്ത് സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പ്രൊ.(ഡോ).പി.നസീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അസിം ഷാ റാവുത്തർ അധ്യക്ഷത വഹിച്ചു. മെക്കാ മീംസ് ഡയറക്ടർ പ്രൊ. എ എം.റഷീദ്,സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ജാഫർ, ജില്ലാ സെക്രട്ടറി ശുഐബ്, വൈസ് പ്രസിഡന്റ് പി.പി.എം. നൗഷാദ്,ട്രഷറർ  എം.എഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

കോട്ടയം

മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ,ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക  ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. മേലുകാവ് പഞ്ചായത്തിൽ പിഎച്ച്എസിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വളരെ സൗകര്യപ്രദമായ രീതിയിൽ ഫിറ്റ്നസ് സെന്റർ നിർമിക്കാൻ കഴിയുമ്പോൾ കളത്തൂക്കടവ് മൂന്നിലവ് പ്രദേശത്തുള്ള ആളുകൾക്ക് ഇത് വലിയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഈരാറ്റുപേട്ട തൊടുപുഴ മെയിൻ റോഡിനോട് ചേർന്നാണ് വലിയമംഗലത്ത് ഓപ്പൺ ജിമിനേഷൻ തുടങ്ങുന്നത്.കായിക വ്യായാമരംഗങ്ങളിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന പ്രദേശത്താണ് ഇത് സ്ഥാപിക്കുന്നത്. തലപ്പലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വനിതാ വികസന കേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലത്ത് ജിം ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു

കോട്ടയം

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോ തെറാപ്പി യൂനിറ്റിന്റേയും ഉദ്ഘാടനം 12 ന്

ഈരാറ്റുപേട്ട: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നാടിന്റെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും, നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും.   വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി സ്റ്റാപ്പിൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത സാമൂഹിക നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് പുറമേ പാലിയേറ്റീവ് കുടുംബ സംഗമവും, കലാ വിരുന്നും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുൽ ഖാദർ (അജ്മി), സാലി നടുവിലേടത്ത്, മജീദ് വട്ടക്കയം, എ.എം.എ. ഖാദർ, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായിരിക്കും. ചെയർമാൻ: ഹാഷിർ നദ്‌വി, ജനറൽ കൺവീനർ: അവിനാഷ് മൂസ, ട്രഷറർ: സി.എച്ച്. നാസർ, വൈസ് ചെയർമാൻമാർ: ടി.എം.കെ. ഷെരീഫ് (നിഷ യൂണിഫോം), പി.പി.എം. നൗഷാദ്, ജോയിന്റ് കൺവീനർമാർ: അജ്മൽ പാറനാനി, സഹൽ സലീം എന്നിവർ മറ്റു ഭാരവാഹികളാണ്.

കേരളം

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം  സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

പ്രാദേശികം

കെ.പി.സി.സി വിചാർ വിഭാഗ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ; കെ.പി.സി .സി . വിചാർ വിഭാഗ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ കെ.പി.സി.സി എക്സിക്യൂട്ടിവ് മെംമ്പർ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മൂല്യച്യുതിയിലും വർഗ്ഗീയവൽക്കരണത്തിലും യോഗം ആശങ്ക രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺസൺ ചെറുവള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ.കെ.എം ബെന്നി, മുഹമ്മദ് ഇല്യാസ് , ജോർജ്ജ് ജേക്കബ്, പി.എച്ച് നൗഷാദ്, അഡ്വ.വി. ജെ ജോസ്, വസന്ത് തെങ്ങുംപള്ളി,റോയി തുരുത്തി, ടോമി മാടപ്പള്ളി ജോസ് ഒട്ടലാങ്കൽ, അബ്ദുൾ ഖാദർ, പി.സി.ജോസപ്പ് പരപരാകം, അനസ് നാസർ, എബി കിഴക്കേത്തോട്ടം, റോജി മുതിരേന്തി, അജിത്ത് കുമാർ നെല്ലിക്കച്ചാലിൽ, ജോർജ് സെബാസ്റ്റ്യൻ, എം.സി വർക്കി, ബിനോയി ജോസഫ്, സുബ്രമണ്യൻ പുത്തൻ കൈപ്പുഴ, ഓൾ വിൻ തോമസ്, കെ ഇ എ ഖാദർ ,മുഹമ്മദ് ബിൻ, വി.പി നൗഷാദ്, മോഹനകുമാർ കെ.സി കൃഷ്ണകാന്ത് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന  എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ  നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി,  നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം പൂഞ്ഞാറിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 100 കിടപ്പ് രോഗികൾക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  അവരവരുടെ വീടുകളിൽ  നേരിട്ടെത്തി ഓണക്കിറ്റ് നൽകുന്നു. കിറ്റ് വിതരണം 25.08.2025 , 2.PM ന് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയ്ക്കുള്ളിലുള്ള പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിലെ ഗുണഭോക്താവിന് നൽകിക്കൊണ്ട്  സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ. രവീന്ദ്രൻ വൈദ്യർ നിർവഹിക്കും കിറ്റ് വിതരണ സമയ വിവര പട്ടിക :  25-08-2025 :  02.00 PM മുതൽ കോരുത്തോട് 26-08-2025 :10.00 AM മുതൽ പൂഞ്ഞാർ 12.30 PM മുതൽ പൂഞ്ഞാർ തെക്കേക്കര 04.00 PM മുതൽ കൂട്ടിക്കൽ 28-08-25 : 02.00 PM മുതൽ മുണ്ടക്കയം 29-08-25 : 01.00 PM മുതൽ തീക്കോയി  30-08-25 :02.30 PM മുതൽ ഈരാറ്റുപേട്ട 01-09-25 :09.30 AM മുതൽ പാറത്തോട് 02.30 PM മുതൽ തിടനാട് 04-09-25 : 02.30 pm മുതൽ എരുമേലി