വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രവാസം

പ്രവാസം

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍ അദാനിയുടെ സഹോദരന്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍(എന്‍ആര്‍ഐ) ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ആണ് സമ്പന്ന എന്‍ആര്‍ഐകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലെ സമ്പന്നരില്‍ ആറാം സ്ഥാനത്തുള്ളതും വിനോദ് ശാന്തിലാല്‍ അദാനിയാണ്. 1.69 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. 94 എന്‍ആര്‍ഐകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഹിന്ദുജ സഹോഹരങ്ങളാണ് രണ്ടാം സ്ഥാനത്ത്. 1.65 ലക്ഷം കോടിയാണ് അവരുടെ സമ്പത്ത്. പട്ടികയില്‍ 48 പേര്‍ യുഎസ്സിലുള്ളവരാണ്. യുഎസ്സില്‍ ജീവിക്കുന്ന എന്‍ആര്‍ഐകളില്‍ മുന്നില്‍ ജെ ചൗധരിയാണ്, 70,000 കോടി. വിനോദ് ശാന്തിലാല്‍ അദാനി ദുബയിലാണ് ജീവിക്കുന്നത്. സിങ്കപ്പൂര്‍, ദുബൈ, ജക്കാര്‍ത്ത എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് ബിസിനസ് ഉള്ളത്. 1976ല്‍ വസ്ത്രവ്യാപാരത്തിലൂടെയാണ് വിനോദ് അദാനി തുടങ്ങുന്നത്. പിന്നീടത് സിങ്കപ്പൂരിലേക്ക് വ്യാപിപ്പിച്ചു.  

പ്രവാസം

ദുബൈയിലെ സാലിക് ഓഹരികള്‍ക്ക് മികച്ച പ്രതികരണം; വാങ്ങാനെത്തെത്തിയത് 49 ഇരട്ടി ആളുകള്‍

ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്. ദുബൈ: ദുബൈയിലെ ടോൾ ഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണം. നിലവിൽ ലഭ്യമായ ഓഹരികളുടെ 49 ഇരട്ടി ആളുകളാണ് ഓഹരികൾ വാങ്ങാനായി രംഗത്തുള്ളത്. ഓഹരി വിൽപനയിലൂടെ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് സാലിക്കിന് ലഭിച്ചത്. ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്. വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിനു മുകളിലെത്തിയതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ 26 തിങ്കളാഴ്ച ഐപിഒ വഴി ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകരെ അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ എസ്എംഎസിലൂടെ അറിയിക്കും.  സാലിക്കിന്റെ 24.9 ശതമാനം ഓഹരികളാണ് ഐപിഒ വഴി വിറ്റഴിച്ചത്. സാലിക്കിന്റെ 75.1 ശതമാനം ഓഹരികൾ ദുബായ് സര്‍ക്കാരിന്റെ കൈവശമാണ്. യുഎഇ.സ്ട്രാറ്റജിക്  ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ദുബായ് ഹോൾഡിങ്, ഷമൽ ഹോൾഡിങ്, അബുദാബി പെൻഷൻ ഫണ്ട് എന്നിവ സംയുക്തമായി 16.2 ശതമാനം ഓഹരികൾ കരസ്ഥമാക്കി.  4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ സെപ്റ്റംബര്‍ 29ന് ദുബായ് ഫിനാൻഷ്യൽ മാര്‍ക്കറ്റിൽ സാലിക്ക് ലിസ്റ്റ് ചെയ്യും. 2007ലാണ് ദുബൈയിൽ സാലിക് നിലവിൽ വന്നത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 169 കോടി ദിർഹം വരുമാനമാണ് സാലികിലൂടെ സർക്കാറിന് ലഭിച്ചത്

പ്രവാസം

സൗദി ദേശീയദിനം; സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവിൽ നൽകുന്നത്.ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.

പ്രവാസം

ദേശീയ ദിനാഘോഷം; 18 സൗദി നഗരങ്ങളിൽ വെടിക്കെട്ട്

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അടക്കം പ്രവിശാലമായ രാജ്യത്തിന്റെ മുക്കുമൂലകള്‍ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് 18 നഗരങ്ങളില്‍ മാനത്ത് വര്‍ണരാജി വിതറി ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും. റിയാദ് അല്‍ഥഗ്ര്‍ പ്ലാസ, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അല്‍കോബാര്‍ കോര്‍ണിഷ്, ദമാം കോര്‍ണിഷ്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, സമാ അബഹ പാര്‍ക്ക്, അല്‍ബാഹ പ്രിന്‍സ് ഹുസാം പാര്‍ക്ക്, ജിസാന്‍ കോര്‍ണിഷ്, നജ്‌റാന്‍ അല്‍നഹ്ദ ഡിസ്ട്രിക്ട്, ഹായില്‍ അല്‍മഗ്‌വാ പാര്‍ക്ക്, അറാര്‍ ബുര്‍ജ് പാര്‍ക്ക്, തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, സകാക്ക പ്രിന്‍സ് സല്‍മാന്‍ കള്‍ച്ചറല്‍ സെന്റര്‍, തായിഫ് അല്‍റുദഫ് പാര്‍ക്ക്, ഉനൈസ ജാദ അല്‍ഹാജിബ്, ജിദ്ദ സീസണ്‍ പാര്‍ക്കിംഗ്, അല്‍ഹസ കിംഗ് അബ്ദുല്ല എന്‍വയോണ്‍മെന്റ് പാര്‍ക്ക്, ഹഫര്‍ അല്‍ബാത്തിന്‍ കിംഗ് അബ്ദുല്ല പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങളുണ്ടാവുക.

പ്രവാസം

ഫുട്ബോൾ ലോകകപ്പ്; ഹയാ കാർഡ് നിർബന്ധമാക്കി ഖത്തര്‍, അറിയേണ്ടതെല്ലാം

ദോഹ: ഫുട്ബോൾ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ യാത്രാ നിയന്ത്രണങ്ങളുമായി ഖത്തർ. നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം. ലോകകപ്പ് കാലയളിൽ രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റാണ് ഹയാ കാർഡ്. ഹയാ കാർഡുള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ എപ്പോൾ വേണമെങ്കിലും ഖത്തറിൽ പ്രവേശിക്കുന്നതിൽ തടസമില്ല. ഇവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാൻ കഴിയും. അതേസമയം ഹയാ കാർഡ് ഇല്ലാത്ത സാധാരണ സന്ദർശകർക്ക് ഇക്കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്തി. ഖത്തർ പൗരൻമാരെയും ഖത്തർ തിരിച്ചറിയൽ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരൻമാരെയും താമസക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പേഴ്സണൽ റിക്രൂട്ട്മെന്‍റ് വീസയുള്ളവർക്കും വർക്ക് പെർമിറ്റ് ഉള്ളവർക്കും ലോകകപ്പ് കാലയളവിലും എപ്പോൾ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും. മാനുഷിക പരിഗണന നൽകേണ്ട കേസുകൾക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ യാത്ര വിമാനമാർഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മൽസരം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങള്‍ അരങ്ങേറും. ലോകകപ്പ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ ദേശീയ ദിനമായ ഡ‍ിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.

പ്രവാസം

യുഎഇയിലേക്ക് ഇടനിലക്കാരില്ലാതെ മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ; നിബന്ധനകൾ അറിയാം

അബുദാബി : വിദേശികൾക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ നിരക്ക് 650 ദിർഹം. 500 ദിർഹം വീസ നിരക്കും 50 ദിർഹം ഓൺലൈൻ സേവന നിരക്കും 100 ദിർഹം അപേക്ഷ ഫീസും നൽകണം. സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും വീസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ UAEICP ആപ് വഴിയോ അപേക്ഷ നൽകാം. വീസയ്ക്കുള്ള നിബന്ധനകൾ മടക്കയാത്രാ വിമാന ടിക്കറ്റ് അപേക്ഷയ്ക്ക് അനിവാര്യം. യുഎഇയിലെ താമസ വിലാസം ( ഹോട്ടൽ ആണെങ്കിൽ ഹോട്ടൽ വിലാസം) അപേക്ഷയിൽ കാണിക്കണം. പാസ്പോർട്ടിന് 6 മാസത്തെ കാലാവധിയുണ്ടാകണം. അപേക്ഷ അപൂർണമെങ്കിൽ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകളിൽ 30 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീസ അപേക്ഷ അസാധുവാകും. 3 തവണ മടങ്ങിയ അപേക്ഷകളും തള്ളിയതാണെന്ന് ഉറപ്പാക്കാം. • നിശ്ചിത തീയതിക്കുള്ളിൽ നടപടി പൂർത്തിയാക്കാത്ത അപേക്ഷകൾക്ക് കാലതാമസം വരുത്തിയാൽ അധിക തുക അടയ്ക്കേണ്ടി വരും. വർഷം 180 ദിവസം വരെ രാജ്യത്ത് ത ങ്ങാൻ കഴിയുന്നതാണ് ദീർഘകാല ടൂറിസ്റ്റ് വീസ

പ്രവാസം

മഹാബലിക്ക് ഓണവുമായി ബന്ധമില്ല,മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്ന്​ മന്ത്രി മുരളീധരന്‍; പ്രസ്താവന വിവാദത്തില്‍

ദുബൈ: മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്ന പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വെള്ളിയാഴ്ച ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷച്ചടങ്ങ്​ ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു എന്നാണ് ഐതിഹ്യം -മന്ത്രി പറഞ്ഞു. ബി.ജെ.പി അനുകൂല സംഘടനയുമായി സഹകരിച്ച്‌​ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ്​ മുരളീധരന്‍ പരാമര്‍ശം നടത്തിയത്​. വിമാനയാത്രാ നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ചടങ്ങിന്​ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു. ഓരോ സീസണിലും യാത്രക്കാരെ പിഴിയുന്ന വിമാനകമ്ബനികളുടെ കൊള്ള അവസാനിപ്പിക്കും. നിരക്ക് വര്‍ധന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടും. ഇതിലൂടെ അമിതമായ നിരക്ക് വര്‍ധനവ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യ യു.എ.ഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും കോണ്‍സുലേറ്റ്​ ഉദ്യോഗസ്ഥരും ചടങ്ങില്‍ പ​ങ്കെടുത്തു.

പ്രവാസം

വയറ്റിൽ 248 ഹെറോയിൻ ​ഗുളികകൾ ഒളിപ്പിച്ച് കടത്താൻ ശ്രമം; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ

ബഹ്‌റൈൻ: ഹെറോയിൻ നിറച്ച 248 ​ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.  കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ശരീര ഭാഷയിൽ സംശയം തോന്നിയതോടെയാണ് എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ രാസപരിശോധനയിലാണ് ​ഗുളികകളിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിലൂടെ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഹെറോയിൻ കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്. കോടതി ഉത്തരവ് പ്രകാരം, ജയിൽ ശിക്ഷയുടെ അവസാനം പ്രതിയെ നാടുകടത്തും. മുൻപും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. ജൂലൈ അവസാനം 110 മയക്കുമരുന്ന് ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.