ഹജ്ജ് കർമ്മം പൂർത്തിയാക്കി ഹാജിമാർ ഇന്ന് മടങ്ങും
മക്ക: ഹജ്ജ് കർമ്മം പൂർത്തിയാക്കി ഹാജിമാർ മടക്ക യാത്ര തുടങ്ങി. പുണ്യ ഭൂമിയിൽ തങ്ങുന്ന തീർത്ഥാടകർ കൂടി ഇന്ന് മടങ്ങുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകും. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ മുതൽ ആഭ്യന്തര തീർത്ഥാടകരും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരും മടക്കയാത്ര ആരംഭിച്ചിരുന്നു. വിദേശ തീർത്ഥാടകർ ഇന്ന് രാവിലെയോടെ സ്വദേശങ്ങളിലേക്ക് യാത്ര തിരിച്ചു. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് നിർവഹിച്ചാണ് ഹാജിമാർ മടങ്ങുന്നത്. ഇന്നലെ മിനയിൽ തങ്ങി കല്ലെറിയൽ ചടങ്ങ് പൂർത്തിയാക്കിയ ഹാജിമാർ ഇന്ന് മിനാ താഴ്‌വരയോട് വിട പറയും. മക്കയില്‍ എത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തിയാണ് തീര്‍ത്ഥാടകര്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്. കല്ലേറ് കര്‍മ്മം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മക്കയില്‍ തിരക്ക് വര്‍ദ്ധിച്ചു. മദീനയിലും തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. മദീന സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. ഇത്തവണ 18,45045 തീര്‍ത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. ഇതില്‍ 16,60915 പേര്‍ വിദേശികളാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.