വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രവാസം

പ്രവാസം

സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വ്യാപനശേഷി കൂടിയ XXB

സൗദി അറേബ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി (XXB) വകഭേദമാണ് കണ്ടെത്തിയത്. അതേസമയം കൊവിഡിന്റെ മറ്റ് വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ഇവയിൽ ഒമിക്രോണ്‍ ബി.എ5, ബി.എ2 എന്നിവയാണ് ഭൂരിഭാഗവും. കൂടാതെ എക്‌സ്.ബി.ബിയും ചിലരിൽ കാണപ്പെടുന്നുണ്ട്. ഇതിനുപുറമെ എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ശ്വാസകോശ രോഗങ്ങളും രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശൈത്യകാലത്തിന്റെ വരവോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും പലരിലും കാണപ്പെട്ടേക്കാം. കൂടാതെ ‘കോവിഡ് 19’ സജീവമാണെന്നും പ്രതിരോധശേഷി അനുസരിച്ച് വൈറസിന്റെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുമെന്നും അതോറിറ്റി വിശദീകരിച്ചു. വരുംകാലത്ത് എല്ലാവർക്കും, പ്രത്യേകിച്ച് വാക്സീൻ സ്വീകരിക്കാത്തവരിലും രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലുള്ളവരിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

പ്രവാസം

സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്​സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും. 3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാലം. വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം. പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകൽപന​. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ്​ പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുന്നത്.

പ്രവാസം

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി അബു​​ദാബി

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവെറി ആരംഭിക്കാനൊരുങ്ങി അബു​​ദാബി. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരുന്ന് വിതരണം, ഭക്ഷണ വിതരണം, അബുദാബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയിൽ എത്രമാത്രം ഭാരം വഹിക്കാനാവും, ഇതുകൊണ്ടുള്ള ഗുണങ്ങൾ, ആവശ്യക്കാർ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷണ ഡെലിവറി നടത്തുന്ന പ്രദേശങ്ങളോ എത്ര കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ പരീക്ഷണ ഡ്രോൺ ഡെലിവറി പൂർത്തിയാക്കി അടുത്തവർഷം വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അബുദബി പോർട്സ് ഗ്രൂപ്പിൻറെ ഡിജിറ്റൽ പങ്കാളിയായ മഖ്ത ഗേറ്റ് വേ, എമിറേറ്റ്സ് പോസ്റ്റ്, സ്കൈ ഗോ എന്നിവയുടെ സഹകരണത്തോടെ ഡ്രോണുകൾ എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവാസം

റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ; 7 അന്താരാഷ്ട്ര എക്സിബിഷനുകൾ

റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ ഉണ്ടാകുമെന്ന് എൻറർടെയ്ൻമെൻറ് അതോറിറ്റി അറിയിച്ചു. കലാ-കായിക-സാഹിത്യ പരിപാടികളും മത്സരങ്ങളും മേളയിൽ ഉണ്ടാകും. 7 അന്താരാഷ്ട്ര എക്സിബിഷനുകളും, എല്ലാ ദിവസവും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാംസ്കാരിക-രുചി വൈവിധ്യങ്ങൾ അടുത്തറിയാനുള്ള അവസരവും മേളയിൽ ഉണ്ടാകും.  അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്ന റിയാദ് സീസൺ ഫെസ്റ്റിവലിൽ പുതുമയുള്ള നിരവധി പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 15 സോണുകളിലായി 8500-ലധികം പരിപാടികളാണ് ഫെസ്റ്റിവലിൽ നടക്കുക. 252-റസ്റ്റോറന്റുകളും 240 സ്റ്റോറുകളും പ്രത്യേകം സജ്ജീകരിക്കും. എല്ലാ ദിവസവും കരിമരുന്ന് പ്രയോഗം ഉണ്ടാകും. 8 ഇൻറർനാഷനൽ ഷോകളും 150-ഓളം സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട് 108 ഇൻററാക്ടീവ് പരിപാടികൾ, 7 അന്താരാഷ്ട്ര എക്സിബിഷനുകൾ, 2 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ, ഗുസ്തി മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിവലിൽ ഉണ്ടാകും. ബോളിവാഡ് വേൾഡ്, ബോളിവാഡ് റിയാദ് സിറ്റി, വിൻറർ വണ്ടർലാണ്ട്, അൽമുറബ, സ്കൈ റിയാദ്, വയ റിയാദ്, മൃഗശാല, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, സുവൈദി പാർക്ക്, സൂഖ് അൽസമാൻ, ഫാൻ ഫെസ്റ്റിവൽ, റിയാദ് ഫ്രണ്ട്, ഖറിയത്ത് സൽമാൻ എന്നിവയാണ് ഫെസ്റ്റിവൽ നടക്കുന്ന 15 സോണുകൾ. ഭാവനയ്ക്കപ്പുറം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഫെസ്റ്റിവൽ 65 ദിവസം നീണ്ടു നിൽക്കും.

പ്രവാസം

ദുബായില്‍ കൂടുതല്‍ ജനകീയമായി ഇ-സ്‌കൂട്ടറുകള്‍

ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 11 പുതിയ സ്ഥലങ്ങളും ഇത് സംബന്ധിച്ച മാനദണ്ഡങ്ങളുമാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത് 11 കേന്ദ്രങ്ങള്‍ കൂടി പുതുതായി അനുവദിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. പുതിയ അനുമതി വഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായെ കൂടുതല്‍ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് പ്രത്യേക അനുമതി വാഹങ്ങിയിരിക്കണം.

പ്രവാസം

കടകളില്‍ പരിശോധന; 17 ടണ്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ദമ്മാം: സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ നാലു കടകള്‍ അടപ്പിച്ചു. ദമ്മാം നഈരിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ നിന്ന് 17 ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.  ഫ്രീസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തെറ്റായ രീതിയില്‍ സൂക്ഷിച്ചത് കൊണ്ട് കേടായ ഭക്ഷ്യവസ്തുക്കള്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നെന്ന് നഈരിയ ബലദിയ മേധാവി എഞ്ചി. മുഹമ്മദ് അല്‍യാമി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങളും സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മക്ക നഗരസഭക്ക് കീഴിലെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകളില്‍ ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ച നാല് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. ഉപയോഗശൂന്യമായ 183 കിലോ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.  ഒമാനില്‍ പ്രവാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒമാന്‍ കസ്റ്റംസ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റും പുകയിലെ ഉല്‍പ്പന്നങ്ങളും കണ്ടെത്തിയത്. ബര്‍ക വിലായത്തിലെ പ്രവാസികളുടെ താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

പ്രവാസം

ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാം

റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന് താഴെയായി നിശ്ചയിച്ചുള്ള തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും. ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. പ്രായപരിധി പിൻവലിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടമായി. നേരത്തെ 70 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. കോവിഡ് -19 അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹജ്ജ് നിർവഹിക്കാൻ അനുവദിച്ചിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം സൗദി സർക്കാർ 10 ലക്ഷമായി കുറച്ചിരുന്നു.

പ്രവാസം

ഒമാനിലെ പുതിയ തൊഴിൽനിയമം തൊഴിലാളിക്കും ഉടമയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് സുൽത്താ

മ​സ്ക​ത്ത്: സർക്കാർ പുതുതായി തയ്യാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. പുതിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും അൽ ബറാഖ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ പറഞ്ഞു. തൊഴിലാളികളും തൊഴിലുടമയും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടാവും. അതോടൊപ്പം, ഇത് തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്നും സുൽത്താൻ പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്സിഡി, സർക്കാർ മേഖലകളിൽ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമാണ് കാർബൺ രഹിത ഒമാൻ 2050 ഓടെ നടപ്പാക്കാനുള്ള പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ദേശീയ പദ്ധതിയുടെ ഭാഗമായി ഒമാൻ സുസ്ഥിരതാ കേന്ദ്രം സ്ഥാപിക്കാനും ഉത്തരവിട്ടു. കാർബൺ രഹിത ഒമാനിനായുള്ള പദ്ധതികളുടെ മേൽനോട്ടം ഒമാൻ സുസ്ഥിരതാ കേന്ദ്രം നിർവഹിക്കും. ഉപപ്രധാനമന്ത്രിമാരും കാബിനറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.