വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രവാസം

പ്രവാസം

യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ഷാർജ : യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. ഷാർജാ സഫാരി മാൾ പാർട്ടി ഹാളിൽ നടത്തിയ സംഗമത്തിൽ ഫാമിലി ഉൾപടെ 250ഓളം ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുഹമ്മദ്, നിഷാദ്, മുജീബ്, റിയാസ്, രിഫായി, ഷെരീഫ്, ഷാമോൻ, യാസീൻ , ശിബിലി, സഹിൽ, അൻസാരി എന്നിവർ നേതൃത്വം നൽകി.

പ്രവാസം

ഹജ്ജ് തീർഥാടകർ ആശങ്കയിൽ; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധനയിൽ ആശങ്കയോടെ തീർത്ഥാടകർ.അപ്രതീക്ഷിത നിരക്ക് വർധനയെ തുടർന്ന് യാത്ര നടത്തനാകുമോ എന്ന ആശങ്കയിലാണ് തീർഥാടകർ.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര തിരിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്.  കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് തുക 86,000 മാണ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ നൽകേണ്ടത്. സാധാരണ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ തെരഞ്ഞെടുക്കുന്നത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. 14464 തീർഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രവാസം

52ന്റെ നിറവില്‍ യുഎഇ; ആഘോഷത്തിമര്‍പ്പില്‍ രാജ്യം

യുഎഇക്ക് ഇന്ന് അന്‍പത്തിരണ്ടാമത് ദേശീയ ദിനം. വിസ്മയകരമായ വികസന പദ്ധതികളിലൂടെ അതിവേഗം പുരോഗതിയിലേക്ക് കുതിച്ച യുഎഇ, മലയാളികളുടെ പോറ്റമ്മ നാട് കൂടിയാണ്. അര നൂറ്റാണ്ടുകൊണ്ട് ഒരു വികസിത രാജ്യമായ യുഎഇയുടെ ചരിത്ര വഴികള്‍ ലോകത്തിനു മാതൃകയാണ്. ഭൂമിശാസ്ത്ര പരമായ പരിമിതികളെയും പ്രതിസന്ധികളെയും അതി ജീവിച്ച് അനന്യമായ വികസന മാതൃകകള്‍ കൊണ്ട് ഒരു മരുഭൂപ്രദേശത്തെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറിയ ചരിത്രമാണ് യുഎഇയുടേത്. ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ ഒരു ഐക്യ രാജ്യമായി രൂപം കൊണ്ട 1971 ഡിസംബര്‍ രണ്ട് മുതല്‍ യുഎഇ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു  എമിറേറ്റുകളുടെ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ഷെയ്ഖ് സായിദ് എന്ന മികച്ച ഭരണാധികാരിയുടെ കീഴില്‍ രാജ്യം അതിവേഗം മുന്നോട്ടു കുതിച്ചു. എണ്ണ ഖനനത്തിന് സാദ്ധ്യതകള്‍ രാജ്യം നന്നായി ഉപയോഗപ്പെടുത്തി. മുത്ത് വാരലും മത്സ്യ ബന്ധനവും മാത്രമായിരുന്ന ഈ തീരങ്ങളില്‍ പുതിയ വികസന പദ്ധതികള്‍ രൂപം കൊണ്ടു. അറബ് സംസ്‌കാരത്തിന്റെ മഹനീയ മാതൃക കാട്ടി യുഎഇ ലോകത്തെ ക്ഷണിച്ചു. ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്കെത്തി. കുടുംബത്തെ പോറ്റാന്‍ വഴി തേടി കടല്‍ കടന്ന മലയാളികള്‍ക്ക് യുഎഇ പോറ്റമ്മയായി. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഷെയ്ഖ് സായിദിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് കരുത്തായി മാറി. ലോകത്തെ വിസ്മയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് അതി വേഗം സ്ഥാനം പിടിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ, കടലില്‍ തീര്‍ത്ത വിസ്മയം പാം ജുമേറ, ലോകത്തെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ ഇല്ലാ മെട്രോ, ഭൂമിയിലെ മനോഹര കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ഫ്യുച്ചര്‍ മ്യൂസിയം തുടങ്ങിയവ ദുബായ്ക്ക് മാത്രം സ്വന്തം`

പ്രവാസം

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍; തയ്യാറെടുപ്പുമായി സൗദി

റിയാദ്: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി റെയില്‍വേ അറിയിച്ചു. രാജ്യത്തിൻ്റെ പൊതുഗതാഗത മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പായാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഫ്രെഞ്ച് ട്രെയിന്‍ ഗതാഗത കമ്പനിയായ അല്‍സ്റ്റോമുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ സൗദി ദേശീയ റെയില്‍വെ കമ്പനി ഒപ്പുവച്ചിരുന്നെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ക്ക് ഇപ്പോഴാണ് തുടക്കം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ കാര്‍ബണ്‍ ട്രെയിനുകള്‍ ട്രാക്കിലാക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറും. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യം അടുത്തിടെ ആവിഷ്‌ക്കരിച്ച ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതി ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

പ്രവാസം

ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് യാത്രാമൊഴിയേകി യുഎഇ

അബുദബി: അന്തരിച്ച അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനുമായ ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് വിട നൽകി യുഎഇ. അബുദാബിയിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മസ്ജിദില്‍ നടന്ന സംസ്‌കാര പ്രാര്‍ഥനക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നേതൃത്വം നല്‍കി. തുടര്‍ന്ന് അല്‍ ബത്തീന്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്. സഹോദരന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ദേശീയ പതാകകള്‍ പകുതി താഴ്ത്തികെട്ടി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ലോക നേതാക്കളും ഷെയ്ഖ് സാഈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പാകിസ്ഥാന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഷ്, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി എന്നിവര്‍ സമൂഹ മാധ്യമമായ എക്സിലൂടെ അനുശോചനം പങ്കുവച്ചു. ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍സെയദ്, ബെഹ്റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തുടങ്ങി നിരവധി രാഷ്ട തലവന്‍മാര്‍ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുശോചനം അറിയിച്ചു. 2010ലാണ് അബുദബി ഭരണാധികാരിയുടെ പ്രതിനിധിയായി ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിതനായത്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ആസൂത്രണ വകുപ്പ് അണ്ടര്‍ സെക്രട്ടറി, മാരിടൈം പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി വിവിധ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

പ്രവാസം

ഹജ്ജ് കർമ്മം പൂർത്തിയാക്കി ഹാജിമാർ ഇന്ന് മടങ്ങും

മക്ക: ഹജ്ജ് കർമ്മം പൂർത്തിയാക്കി ഹാജിമാർ മടക്ക യാത്ര തുടങ്ങി. പുണ്യ ഭൂമിയിൽ തങ്ങുന്ന തീർത്ഥാടകർ കൂടി ഇന്ന് മടങ്ങുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകും. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ മുതൽ ആഭ്യന്തര തീർത്ഥാടകരും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരും മടക്കയാത്ര ആരംഭിച്ചിരുന്നു.  വിദേശ തീർത്ഥാടകർ ഇന്ന് രാവിലെയോടെ സ്വദേശങ്ങളിലേക്ക് യാത്ര തിരിച്ചു. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് നിർവഹിച്ചാണ് ഹാജിമാർ മടങ്ങുന്നത്. ഇന്നലെ മിനയിൽ തങ്ങി കല്ലെറിയൽ ചടങ്ങ് പൂർത്തിയാക്കിയ ഹാജിമാർ ഇന്ന് മിനാ താഴ്‌വരയോട് വിട പറയും. മക്കയില്‍ എത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തിയാണ് തീര്‍ത്ഥാടകര്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്.  കല്ലേറ് കര്‍മ്മം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മക്കയില്‍ തിരക്ക് വര്‍ദ്ധിച്ചു. മദീനയിലും തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. മദീന സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. ഇത്തവണ 18,45045 തീര്‍ത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. ഇതില്‍ 16,60915 പേര്‍ വിദേശികളാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

പ്രവാസം

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ; 16,60,915 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി.  റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്.  ഹാജിമാരില്‍ 9,69,694 പേര്‍ പുരുഷന്മാരും 8,75,351 പേര്‍ വനിതകളുമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി. വിദേശ തീര്‍ത്ഥാടകരില്‍ 15,93,271 പേര്‍ വിമാന മാര്‍ഗവും 60,813 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേര്‍ക്ക്  മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

പ്രവാസം

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുന്നു; ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്ന ഉഷ്ണകാലം. കൊടും ചൂടിന്റെ ദോര്‍ അല്‍ അഷര്‍ കാലത്തിന് അറേബ്യൻ ഉപദ്വീപില്‍ തുടക്കമായി. ഇനിയുള്ള ദിവസങ്ങളില്‍ താപനിലയും അന്തരീക്ഷ ഊഷ്മാവും കുത്തനെ ഉയരും. അമ്പത് ഡിഗ്രിയോട് അടക്കുന്ന താപനിലയും തൊണ്ണൂറു ശതമാനത്തോളം ഉയരുന്ന അന്തരീക്ഷ ഊഷ്മാവും. കരുതലും ജാഗ്രതയും വേണ്ട ദിവസങ്ങളാണ് ഇത്. മധ്യാഹ്ന വിശ്രമം നൽകിയാണ് ഗൾഫ് രാജ്യങ്ങൾ പുറംജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. യുഎഇയിലും സൗദിയിലും ഈ പതിനഞ്ചിന് തുടങ്ങിയ  മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ പതിനഞ്ച് വരെ നീളും. ഒമാനിലും ഖത്തറിലും കുവൈത്തിലും ഈ മാസം ആദ്യം തന്നെ നിയമം പ്രാബല്യത്തിലായി. ബഹ്റൈനിൽ ജുലൈ ഒന്ന് മുതലാണ് മധ്യാഹ്ന വിശ്രമം നിർബന്ധമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പുറംജോലികളിൽ നിന്ന് പൂർണായി വിട്ടുനിൽക്കാൻ തൊഴിലാളികൾക്ക് ആവില്ല. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ അത്യാവശ്യമാണ്. കൊടും ചൂടില്‍ ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. മധ്യാഹ്ന വിശ്രമം അനുവദിച്ച മൂന്നു മാസം തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും നിർജലീകരണം ഉണ്ടാകാതിരിക്കാൻ വേണ്ട സംവിധാനങ്ങളും തൊഴിലുടമകൾ നൽകണം. പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, വേണ്ടത്ര തണുത്ത വെള്ളം എന്നിവയും ലഭ്യമാക്കണം. വറുത്തുതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് ഉത്തമം. ചൂടിനെ പ്രതിരോധിക്കുന്ന ജീവിതക്രമത്തിലേക്ക് മാറുകയെന്നതാണ് വേനലിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇടുന്ന വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ ശ്രദ്ധവേണം. വിവിധ തരത്തിലുള്ള അസുഖങ്ങളും പടര്‍ന്ന് പിടിക്കാൻ സാധ്യതയേറെയാണ് ഇക്കാലത്ത്. അതിനാല്‍ വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. കുട്ടികളുടെയും പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ജൂൺ 21ന് ഔദ്യോഗികമായി ചൂട് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ വിലയിരുത്തൽ. ജൂലൈ തുടക്കം മുതൽ  ഓഗസ്റ്റ് 10 വരെയായിരിക്കും മേഖലയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൃത്യമായ മുൻകരുതലോടെ ജാഗ്രതയോടെ ഈ ചൂടുകാലത്തെ നേരിടാമെന്ന് ആരോഗ്യവിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.