സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു; പൈലറ്റടക്കം വിമാനത്തിലുള്ളവര്‍ പാരച്യൂട്ടില്‍ രക്ഷപെട്ടു
റിയാദ്: സൗദി അറേബ്യയില്‍ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. അപകടത്തില്‍പ്പെട്ട വിമാനത്തിലെ പൈലറ്റടക്കമുള്ളവര്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടതായാണ് വിവരം. കിഴക്കന്‍ പ്രവിശ്യയിലെ കിങ്ങ് അബ്ദുള്‍ അസീസ് എയര്‍ബേസിലാണ് റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ എഫ് - 15എസ് വിമാനം ഞാറാഴ്ച്ച രാത്രി 10.52 ഓടെ തകര്‍ന്നുവീണത്. സൗദി പ്രതിരോധ മന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. അപകടം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ചാണ് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. സാങ്കേതിക തകരാറുമൂലം പ്രവര്‍ത്തനം നിൽക്കുകയും തുടര്‍ന്ന് വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫീസര്‍മാര്‍ പാരച്യൂട്ട് വഴി രക്ഷപെട്ടതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും പ്രരോധമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.അതേസമയം സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇതിനായി രൂപീകരിച്ച പ്രതിരോധ മന്ത്രാലയത്തിന്റെ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്.