വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രവാസം

പ്രവാസം

സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ

റിയാദ്: ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സൗദി അറേബ്യയിൽനിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകളുമായി ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ.  സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുക. മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സർവീസുകൾ നടത്തുന്നത്. ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 16 വീതവും സർവീസുകളാണ് ദോഹയിലേക്ക് ഫ്ലൈ അദീൽ നടത്തുക. ഈ സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.  കൊവിഡിന് ശേഷം ലോകത്തു തന്നെ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാക്കി ഫിഫ ലോകകപ്പ് മത്സരങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷത്തിലധികം പേര്‍ ഖത്തറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ടിക്കറ്റുള്ള ഫുഡ്ബോള്‍ ആരാധകര്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.  വിമാന യാത്ര സുഗമമാക്കാന്‍ വേണ്ടി ദോഹയിലെ പഴയ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. 2014ല്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയായ ശേഷം ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു ഇവിടെ നടന്നിരുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ദിവസവും നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുന്നത്. 

പ്രവാസം

കുവൈറ്റ് സാമ്പത്തിക ഉയര്‍ച്ചയിലേക്കെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും മികച്ച പ്രകടനം കുവൈറ്റ് കാഴ്ചവയ്ക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം കുവൈറ്റിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 5.7ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുബജറ്റില്‍ മൊത്തത്തിലുള്ള നീക്കിയിരുപ്പ് നടപ്പുവര്‍ഷം ജിഡിപിയുടെ 1.1 ശതമാനത്തിലെത്തുകയും അടുത്ത വര്‍ഷം .5 ശതമാനമായി കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രവാസം

പുതിയ ക്രൂയിസ് സീസണില്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായി

2022-23ല്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദുബായി ക്രൂയിസ് ഹബ്ബ്. 2022-2023 സീസണുവേണ്ടി മിന റാഷിദിനും ദുബായ് ഹാര്‍ബറിനുമിടയില്‍ 166 കപ്പലുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 9ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദുബായിയിലെ വിനോദസഞ്ചാര മേഖലയുടെ അവിഭാജ്യ ഘടകമാണ് ക്രൂയിസ് വ്യവസായം. ആഗോള ടൂറിസം ഹബ് എന്ന നിലയില്‍ എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണിതെന്ന് ദുബായി ബോര്‍ഡര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബായുടെ കരുത്തുറ്റ തുറമുഖ ഘടനയും അത്യാധുനിക ടെര്‍മിനല്‍ സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകള്‍ക്ക് ശക്തിപകരും. അന്താരാഷ്ട്ര ടൂറിസത്തിലെ തിരിച്ചുവരവിന്റെ മുന്‍നിരയിലാണ് ദുബായി. നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നതാണ് ക്രൂയിസ് വ്യവസായം.

പ്രവാസം

അബുദാബിയില്‍ ഇനി സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ്

അബുദാബി;സൗജന്യ യാത്രയുമായി അബുദാബിയില്‍ ഡ്രൈവറില്ലാത്ത ബസ് സർവീസിനൊരുങ്ങുന്നു. 7 പേര്‍ക്ക് ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. നാല് പേര്‍ക്ക് നിന്നും സഞ്ചരിക്കാം.അടുത്ത മാസമായിരിക്കും സർവീസ് ആരംഭിക്കുക. അബുദാബി സര്‍ക്കാര്‍ ഗിറ്റക്‌സ് ഗ്ലോബലില്‍ മിനി ബസിന്റെ മോഡല്‍ പ്രദർശിപ്പിച്ചു യാസ് വാട്ടര്‍ വേള്‍ഡ്, ഡബ്ല്യു ഹോട്ടല്‍, യാസ് മറീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ് ഉള്‍പ്പെടെ യാസ് ദ്വീപിലെ 9 സ്ഥലങ്ങളില്‍ ബസ് എത്തും. ക്യാമറ, ഡിജിറ്റല്‍ മാപ്, റഡാർ എന്നിവ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ബസിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ യാസ് ഐലന്റില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വീസ് ആരംഭിച്ചിരുന്നു. വിജയകരമായിരുന്നു ടാക്‌സി സര്‍വീസുകളുടെ ഒന്നാം ഘട്ടം. 2700 പേരാണ് യാത്ര ചെയ്തത്. 16000 കിലോ മീറ്റർ സഞ്ചരിച്ചു. ആപ് ഉപയോഗിച്ചായിരുന്നു ബുക്കിംഗ്.

പ്രവാസം

സൗദിയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിന് വിലക്ക്

  റിയാദ്: സൗദി അറേബ്യയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പില്‍ ശൂറാ കൗണ്‍സില്‍ ഭേദഗതി വരുത്തി. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് വിലക്കുള്ളത്.  സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു. ബന്ധപ്പെട്ട നിയമാവലി നിര്‍ണയിക്കുന്നത് അനുസരിച്ചുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളില്‍ മാത്രമേ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടുള്ളൂ എന്ന് പുകയില വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു.  മസ്ജിദുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങള്‍ക്കും ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നതിന് വിലക്കുണ്ട്. പുതിയ നിയമം അനുസരിച്ച് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങള്‍, പൊതുഗതാഗതം, ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്ന സ്ഥലങ്ങള്‍, പെട്രോളും പെട്രോളിയം ഉല്‍പ്പന്നങ്ങളും തയ്യാറാക്കുകയും അവ പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍, പെട്രോള്‍ ബങ്കുകള്‍, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലും പുകവലിയ്ക്ക് വിലക്കുണ്ട്.   

പ്രവാസം

UAE: ദുബായിൽ പെട്രോൾ വില വീണ്ടും കുറഞ്ഞു​

ദുബായിൽ ​ഒക്​ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച്​ വീണ്ടും വില കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ്​ വിലയിൽ കുറവു വരുന്നത്​  പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്​​. സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു. സെപ്റ്റംബറിൽ 3.30 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്​. കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ്​ ഒക്​ടോബറിലെ നിരക്ക്​.

പ്രവാസം

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും; ദർശനം രാവിലെ 6 മുതൽ

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായിവീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.(dubais new hindu temple will open today) സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇന്ന് വൈകിട്ട് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നട ഔദ്യോഗികമായി തുറക്കും. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല. അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

പ്രവാസം

UAE Fuel Price: യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍ - 98 പെട്രോളിന് ഒക്ടോബര്‍ മാസത്തില്‍ 3.03 ദിര്‍ഹമായിരിക്കും വില. സെപ്തംബറില്‍ ഇത് 3.41 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 3.30 ദിര്‍ഹത്തില്‍ നിന്നും 2.92 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.22 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും കുറഞ്ഞു. സെപ്തംബറില്‍ 3.87 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇനി 3.76 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.