യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകുന്നേരം വരെ മഴ തുടരും
യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ ഇന്നും നാളെയും പഠനം ഓൺലൈൻ വഴിയാക്കി.മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബായിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു.ഇന്നലെ അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദബി മുതൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.