വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അത്തപ്പൂക്കള-പുഞ്ചിരി മത്സരം പാലായിൽ ആഗസ്റ്റ് 30 ന്

പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അത്ത പൂക്കളമത്സരവും പുഞ്ചിരി മത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അത്തപ്പൂക്കളമത്സരം വിജയികൾക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുർവേദ റിസോർട്ട്, തിരുവനന്തപുരം നല്കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടൽ ഗ്രാന്റ് കോർട്ട്യാർഡ് പാലാ നല്കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സിൽക്സ് പാലാ നല്കുന്ന 10001/- രൂപയും പുഞ്ചി രിമത്സരവിജയികൾക്ക് എസ്.ഡബ്ല്യൂ.എ. നല്കുന്ന ഡയമണ്ട് റിംഗ്സ്, വൈപ്പന ജൂവല്ലറി പാലാ നല്കുന്ന ഗോൾഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്കുന്ന ഗോൾഡ് ലോക്കറ്റ് എന്നിവ വിതരണം ചെയ്യും. 30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്ക മത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും. തുടർന്ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാ ക്കൾക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗൺഹാളിൽ നടക്കും. പ്രമുഖ രായ വ്യക്തികൾ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. വിജയികൾക്ക് സിനിമാതാരം അഞ്ജലി നായർ സമ്മാനവിതരണം നിർവ്വഹിക്കും. പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അഡ്വ. സന്തോഷ് മണർകാട്, വി എം അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ, ജോർജ് വലിയപറമ്പിൽ എന്നിവർ സംബന്ധിച്ചു.

കോട്ടയം

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്; പ്രദേശവാസികൾ ആശങ്കയിൽ

കോട്ടയം: കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ഇല്ലിക്കൽ കല്ലിലേയ്ക്ക് ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാൽ, ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ ദൃശ്യമായെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രദേശവാസികൾ ഉൾപ്പെടെ ആശങ്കയിലായിരിക്കുകയാണ്. മൂന്നിലാവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സംയുക്തമായി ഇവിടെ അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരിശോധനയുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. ചെറിയ ഭൂചലനങ്ങളോ പ്രകൃതിക്ഷോഭങ്ങളോ പോലും മേലടുക്കം, പഴുക്കാക്കാനം, മങ്കൊമ്പ് മേഖലകളിൽ വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇല്ലിക്കൽ കല്ലിന് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ വർഷങ്ങളായി തുടരുന്ന സ്ഫോടനങ്ങളാകാം വിള്ളലിന് കാരണമാകുന്നതെന്ന അഭിപ്രായവും പ്രദേശവാസികളിൽ നിന്ന് ഉയരുന്നുണ്ട്. അതേസമയം, വിള്ളലുകളുടെ കാര്യം സ്ഥിരീകരിച്ച മൂന്നിലാവ് പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക് ഇവ നേരത്തെയും ഉണ്ടായിരുന്നതാണെന്നും പ്രദേശത്ത് ഒരു ഗ്രാനൈറ്റ് ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ പോകുന്ന സമയത്താണ് ഈ പ്രശ്നം വീണ്ടും ഉയർന്നുവരുന്നതെന്നും ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരമെങ്കിലും ഇപ്പോഴും ജനവാസമില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും, പഞ്ചായത്ത് ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച 11 വീടുകളുടെ താക്കോൽദാന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനരഹിതരുടെ പുനരധിവാസം സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.  ദുരിതബാധിതമേഖലകളിലടക്കം പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കൈവരിച്ചതിനോടൊപ്പം, ജനങ്ങളുടെ കണ്ണീരൊപ്പുന്ന ക്ഷേമപ്രവർത്തനങ്ങളിലും മഹനീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭവനനിർമ്മാണത്തിനായി 60 സെന്റ് സ്ഥലം സൗജന്യമായി നൽകിയ സി.വൈ.എ റൗഫിനെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പി.എം നജീബിനേയും, കോൺട്രാക്ടർ ജോൺസൺ ഫിലിപ്പിനെയും, എൻജിനീയർ ബിനോയി ജോസിനെയും ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ ആദരിച്ചു.പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ  കാരുണ്യ ഭവന പദ്ധതിയിൽ ലക്ഷ്യമിടുന്ന 10  വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. മുൻ എംഎൽഎ കെ.ജെ തോമസ് ഗുണഭോക്താക്കൾക്ക് ഉടമസ്ഥാവകാശ രേഖകൾ കൈമാറി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.റ്റീന ആന്റണി മുഖ്യപ്രഭാഷണവും, പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ ആമുഖപ്രഭാഷണവും, പ്രോജക്ട് കോഡിനേറ്റർ റെജി ജേക്കബ് പദ്ധതി വിശദീകരണവും നടത്തി.  

കോട്ടയം

ആനപ്രേമികളുടെ പ്രിയപ്പെട്ട ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ ഗജരാജൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു

കോട്ടയത്തിന്റെ മറ്റൊരു ആനതാരത്തിന് കൂടി വിട. ഗജവീരൻ കിരൺ നാരായണൻകുട്ടി ചെരിഞ്ഞു. ഒൻപതര അടിക്ക് മുകളിൽ അടുത്ത ഉയരമുള്ള ആനയാണ്. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു വിവരം.  എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റ് കൂടിയായിരുന്നു എം മധുവിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനായിരുന്നു കിരൺ നാരായണൻ കുട്ടി. ബീഹാറാണ് സ്വദേശം, കേരളത്തിൽ തെക്കും വടക്കും ജില്ലകളിലായി 100ഓളം പരിപാടികൾ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, നേർച്ചകൾക്കടക്കം എഴുന്നള്ളിപ്പിച്ചിരുന്ന ആനയാണിത്. നടൻ ജയസൂര്യ നായകനായെത്തിയ തൃശ്ശൂർപ്പൂരം എന്ന ചിത്രത്തിലും നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്. നാരായണൻകുട്ടിയുടെ വിയോഗം ആനപ്രേമികളെയും സങ്കടത്തിലാഴ്തത്തിയിരിക്കുകയാണ്. കഴിഞ്ഞ 19നാണ് ആനപ്രേമികളെ സങ്കടത്തിലാഴ്തത്തി ഗജരാജൻ ഈരാറ്റുപേട്ട അയ്യപ്പനും ചെരിഞ്ഞത്.പാലാ പുലിയന്നൂർ ആനയൂട്ടാണ് ആന പങ്കെടുത്ത ഏറ്റവും അവസാനത്തെ പരിപാടി.

കോട്ടയം

32 വർഷങ്ങൾക്ക് ശേഷം കോട്ടയം CMS കോളജ് യൂണിയൻ ഭരണം KSUവിന്

കോട്ടയം: സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനു ശേഷം കെഎസ്​യുവിന് ജയം. 15ൽ 14 സീറ്റിലും കെഎസ്​യു സ്ഥാനാർഥികൾ വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് നഷ്ടമായത്. ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി)

കോട്ടയം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം.

ഈരാറ്റുപേട്ട: എട്ട് വർഷക്കാലത്തെ എസ് എഫ് ഐ കുത്തക തകർത്ത് അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണൻ സ്ഥാനം ഉൾപ്പടെ മത്സരം നടന്ന മുഴുവൻ സീറ്റുകളും നേടിയാണ് കെ എസ് യു വിജയിച്ചത്. ആദിൽ ബഷീർ ( ചെയർപേഴ്സൺ), ആഞ്ചലീന മനോജ്‌ ( വൈസ് ചെയർപേഴ്സൺ), ജോൺസൻ ജോണി ( ജനറൽ സെക്രട്ടറി), ഖദീജ സുഹ ( ആർട്സ് ക്ലബ്‌ സെക്രട്ടറി), കൃഷ്ണദാസ് എ, നെബിൻ താഹ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), ആഷ്‌ലിൻ ഷെയ്‌സ്, മീര മോഹൻ ( ബിരുദാനന്തര ബിരുദ പ്രതിനിധികൾ),  നിഖിൽ സിബി ( ഒന്നാം വർഷ ഡിഗ്രി പ്രതിനിധി), ഫസിൽ യൂസഫ് ( രണ്ടാം വർഷ ഡിഗ്രി പ്രതിനിധി) അമൽ ജോയ് (മൂന്നാം  വർഷ ഡിഗ്രി പ്രതിനിധി)  സോന ആൻ ജോസഫ്, റിസ്വാന റഷീദ് ( വനിത പ്രതിനിധികൾ ) എന്നിവരാണ് വിജയിച്ചവർ.

കോട്ടയം

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി; ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നും ഇ.മെയിൽ സന്ദേശം; പരിശോധന ആരംഭിച്ച് പൊലീസ്

കോട്ടയം: കളക്ടറേറ്റിൽ ബോംബ് ഭീഷണി കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കോട്ടയം

എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകി

കോട്ടയം ; കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിൽ നിന്നും രാവിലെ 4:30-ന് ആരംഭിക്കുന്ന എരുമേലി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് (ഗുരുദേവ് ടേക്ക് ഓവർ) 2025 ജൂലൈ 28 മുതൽ നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും, പ്രസ്തുത സർവീസ് പുനരാരംഭിക്കുന്നതിനും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഈ ബസ്സ്, ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ ഒട്ടനവധി യാത്രക്കാർക്ക് എറണാകുളം ഭാഗത്തേക്കും തിരിച്ചും എത്തിച്ചേരാനുള്ള പ്രധാന ആശ്രയമായിരുന്നു. എന്നാൽ, ഈ ബസ്സ് പല ദിവസങ്ങളിലും മുടങ്ങുന്നത് പതിവാകുകയും, ഇത് യാത്രക്കാരെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. സമയത്തിന് എറണാകുളത്ത് എത്താൻ സാധിക്കാതെ വന്ന പലർക്കും മറ്റ് യാത്രാ മാർഗ്ഗങ്ങൾ തേടേണ്ടി വരികയോ യാത്ര മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. തന്മൂലം, ഈ സർവീസിനെ ആശ്രയിച്ചിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് സർവീസിന്റെ വരുമാനത്തെയും ബാധിച്ചു എന്നാണ് AIYF പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി മനസ്സിലാക്കുന്നത്. എരുമേലി ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോൾ, കിലോമീറ്ററിന് 40 രൂപ കളക്ഷൻ ഇല്ലാത്ത എല്ലാ സർവീസുകളും നിർത്തലാക്കാൻ ഹെഡ് ഓഫീസിൽ നിന്നുള്ള സർക്കുലർ ഉണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ സർവീസ് നിർത്തിയതെന്നും അറിയിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വിജയകരമായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് ഇപ്പോൾ നഷ്ടത്തിലാണെന്ന് പറയുന്നത് ദൂരൂഹമാണ്. ഈ ബസ്സ് വൈകുന്നേരം 12:00 PM-ന് വൈറ്റിലയിൽ നിന്നാണ് തിരികെ സർവീസ് നടത്തിയിരുന്നത്. ഗുരുദേവ് സർവീസ് നടത്തിയിരുന്ന സമയത്ത് നിറയെ യാത്രക്കാരുമായിട്ടാണ് ഈ ബസ്സ് ഓടിയിരുന്നത്. എന്നാൽ, പിന്നീട് യാതൊരു പഠനവുമില്ലാതെ സമയം രാവിലെ 11:30 AM-ലേക്ക് മാറ്റിയത് കളക്ഷൻ കുറയാൻ കാരണമായി. പിന്നീട് പഴയ സമയത്തേക്ക് മാറ്റിയെങ്കിലും, ഈ അശാസ്ത്രീയമായ സമയമാറ്റങ്ങളും സമയനിഷ്ഠയില്ലായ്മയും കാരണം യാത്രക്കാർ കുറഞ്ഞു. പിന്നീട്, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി റൂട്ട് മാറ്റിയതും ഈ സർവീസിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചു. ഈ ബസ്സ് നേരത്തെ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നു. എന്നാൽ, പിന്നീട് ഞായറാഴ്ചകളിലെ ട്രിപ്പ് ഒഴിവാക്കി. ഞായറാഴ്ചകളിൽ അരിവിത്തുറ പള്ളിയിൽ പോകുന്ന ഭക്തജനങ്ങളുൾപ്പെടെ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നതാണ്. പൊതു അവധി ദിവസങ്ങളിലും ഈ ബസ്സ് സർവീസ് നടത്തിയിരുന്നില്ല. ഇതെല്ലാം ഈ ബസ്സിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പാലായിൽ നിന്ന് രാവിലെ എറണാകുളത്തേക്ക് (ഏകദേശം 07:05 മുതൽ 7:10 വരെ) പോകുമ്പോൾ, ഞങ്ങളുടെ ഈ സർവീസുൾപ്പെടെ 3 കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് പോകുന്നത്. കുമളി-എറണാകുളം, പുനലൂർ-അസ്റ്റർ മെഡിസിറ്റി സർവീസുകളാണ് മറ്റ് രണ്ടെണ്ണം. ഈ രണ്ട് സർവീസുകളും കോവിഡിന് ശേഷം ആരംഭിച്ചവയാണ്. ഈ പുതിയ സർവീസുകൾ സ്വന്തം സമയത്ത് ആരംഭിച്ചപ്പോൾ അതിനെതിരെ പരാതി നൽകി സമയം മാറ്റിക്കാൻ എരുമേലി ഡിപ്പോ അധികൃതർ തയ്യാറായില്ല. തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകൾ പാലായിൽ നിന്ന് കുറവാണ്. രാവിലെ 5:30-ന് കുമളി-എറണാകുളം പോയാൽ പിന്നെ 7:05-നും 7:15-നും ഇടയിൽ 3 ബസ്സുകൾ കൂട്ടത്തോടെ പോകും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലാണ് അടുത്ത സർവീസ്. ഈ 3 ബസ്സുകൾ ഒരുമിച്ച് പോകാതെ ക്രമമായ ഇടവേളകളിൽ പോയിരുന്നെങ്കിൽ മേൽ പറഞ്ഞ സർവീസിനെ രക്ഷിക്കാമായിരുന്നു. നിയോജകമണ്ഡലം ആസ്ഥാനമായ പൂഞ്ഞാറിൽ കൂടി കടന്നുപോകുന്ന ഏക എറണാകുളം സർവീസ് ആണിത്. നേരത്തെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ഒരു പൂഞ്ഞാർ – എറണാകുളം സർവീസ് ഉണ്ടായിരുന്നു. അത് കോവിഡിന് ശേഷം പുനരാരംഭിച്ചിട്ടില്ല. ഇതോടെ പൂഞ്ഞാർ നിവാസികൾക്ക് എറണാകുളത്ത് എത്താനുള്ള നേരിട്ടുള്ള അവസാന ഗതാഗത മാർഗ്ഗവും അടഞ്ഞു. അതുപോലെ തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് ആയിരുന്നു ഇത്. മലയോര പ്രദേശങ്ങളിൽ പൊതു ബസ്സ് സർവീസ് നഗര കേന്ദ്രങ്ങളിലേതിനേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മലയോര മേഖലകളിലെ തനതായ വെല്ലുവിളികളും സവിശേഷതകളും ഇതിന് കാരണമാണ്. 1.മെച്ചപ്പെട്ട സഞ്ചാരവും പ്രാപ്യതയും: സ്വകാര്യ വാഹനങ്ങളില്ലാത്തവർക്കും (പ്രത്യേകിച്ച് പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും), ദുർഘടമായ മലമ്പാതകളിലൂടെ വാഹനമോടിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ചന്തകൾ, ജോലികൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവശ്യ പ്രവേശനം ബസ്സുകൾ നൽകുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെ വലിയ പട്ടണങ്ങളുമായും അവശ്യ സേവനങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി ഇത് പ്രവർത്തിക്കുന്നു. 2.സാമ്പത്തിക വളർച്ചയും സ്ഥിരതയും: തൊഴിലാളികളെ ജോലിയുമായി ബന്ധിപ്പിക്കാൻ ബസ്സുകൾ സഹായിക്കുന്നു, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. 3.പാരിസ്ഥിതിക സുസ്ഥിരത: നിരവധി യാത്രക്കാരെ വഹിക്കുന്നതിലൂടെ, ബസ്സുകൾ റോഡിൽ വ്യക്തിഗത കാറുകളുടെ എണ്ണം കുറയ്ക്കുന്നു, ഇത് പ്രതിശീർഷ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മലയോര മേഖലകളിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് ഇത് നിർണായകമാണ്. കുറഞ്ഞ ഗതാഗതക്കുരുക്കും വിഭവങ്ങളുടെ സംരക്ഷണവും ഇത് ഉറപ്പാക്കുന്നു. 4.സാമൂഹിക ഉൾക്കൊള്ളലും ക്ഷേമവും: പൊതുഗതാഗതം സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പ്രായമായവർക്കും സ്വകാര്യമായി യാത്ര ചെയ്യാൻ കഴിയാത്തവർക്കും. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനും ഇത് ഒരു പ്രധാന കണ്ണിയായി വർത്തിക്കുന്നു. മലയോര മേഖലകളിലെ പൊതു ബസ്സ് സർവീസ് ഒരു സൗകര്യം മാത്രമല്ല; ഈ തനതായ പ്രദേശങ്ങളുടെ സഞ്ചാരം, സാമ്പത്തിക ക്ഷേമം, സാമൂഹിക ഉൾക്കൊള്ളൽ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്ക് അടിത്തറയിടുന്ന ഒരു അടിസ്ഥാന ആവശ്യകതയാണിത്. ഈ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അവയിൽ നിക്ഷേപിക്കുന്നതും മലയോര സമൂഹങ്ങളുടെ വികസനത്തിനും അതിജീവനത്തിനും നിർണായകമാണ്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് പെട്ടെന്ന് നിർത്തിയതോടെ ഗ്രാമീണ പ്രദേശത്തെ ജനത പെരുവഴിയിലായിരിക്കുകയാണ്. ഒരു ഗ്രാമീണ സർവീസ് എന്ന നിലയിൽ ഈ ബസ്സ് സർവീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചു.