വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് കസ്റ്റഡിയിൽ എടുത്തു ; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ് എടുത്തു

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്തിൽ വച്ച് കഴിഞ്ഞ ദിവസം, ബസിൽനിന്ന് ഇറങ്ങവേ, അശ്രദ്ധയോടെ വേഗത്തിൽ ബസ് മുൻപോട്ട് എടുത്തപ്പോൾ തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ, സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. വിദ്യാർഥിനി താഴെവീണിട്ടും ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുവാനോ ജീവനക്കാർ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും നടപടികളിലേയ്ക്ക് കടന്നത്.   അപകടത്തിനിടയാക്കിയ "വാഴയിൽ" എന്ന പേരിലുള്ള ബസ് സംഭവ ദിവസം രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബസ് ഇപ്പോൾ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാർക്കെതിരെ ലൈസൻസ് സൻപെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.  

കോട്ടയം

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: നടപടിയ്ക്ക് ഡി ജി പി നിർദ്ദേശം നൽകി

പാലാ: ഓടുന്ന ബസിൽനിന്നു റോഡിലേക്കു വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. സംഭവത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് ബസിൻ്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്നും സുരക്ഷാവീഴ്ച വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ എബി ജെ ജോസ് ചൂണ്ടിക്കാട്ടി.   വെള്ളിയാഴ്ച വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവിയിൽ ദൃശ്യങ്ങളിൽ ഓടുന്ന ബസിൽനിന്നു കുട്ടി തെറിച്ചു വീഴുന്നതും ബസ് നിർത്താതെ പോകുന്നതുമായ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന 'വാഴയിൽ' എന്ന സ്വകാര്യ ബസിൽനിന്നാണു വി ദ്യാർഥിനി റോഡിലേക്കു തെറിച്ചു വീണത്. കാഞ്ഞിരപ്പള്ളി ടൗണിലെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠി ക്കുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുക്കാത്ത പോലീസ് നടപടിയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ വിമർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു.

കോട്ടയം

ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം ശനിയാഴ്ച

കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും.   അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യ മണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്കെത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളുടെ നിർമാണം, വൈദ്യുതീകരണം, അഗ്നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററിൽ പൂർത്തിയാക്കും. 110 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയാണിത്്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. 15 കോടി രൂപ മുടക്കിയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷിഭവൻ, ഐ.സി.ഡി.എസ.് എന്നിവ ഉൾപ്പടെ പത്തു സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.   ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭഅധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, സംഘാടകസമിതി ചെയർമാൻ ഇ.എസ്. ബിജു, വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. രൂപേഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. സുനിൽ പെരുമാനൂർ(ചൈതന്യ പാസ്റ്ററൽ സെന്റർ), അതിരമ്പുഴ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, പാറക്കണ്ടം അൽ മദീന ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സൽമാൻ ബാഖവി, ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, പി.വി. മൈക്കിൾ, കെ.ഐ. കുഞ്ഞച്ചൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജെയ്സൺ ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ,അബ്ദുൾ സമദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ എൻ.പി. തോമസ് , സെബാസ്റ്റ്യൻ വാളംപറമ്പിൽ, എസ്.എം.എസ്.എം ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് എന്നിവർ പങ്കെടുക്കും.

കോട്ടയം

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ചർച്ചചെയ്ത് വനിതാ കമ്മിഷൻ സെമിനാർ

കോട്ടയം:  സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും ചർച്ചചെയ്ത് വനിതാ കമ്മീഷൻ സെമിനാർ. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും വനിതാകമ്മീഷന്റെ പ്രവർത്തനങ്ങൾ സഹായകമായെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽനിന്നോ വീടുകളിൽനിന്നോ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന അവസരങ്ങളിലെല്ലാം താങ്ങും തണലുമാകാൻ കമ്മീഷന് കഴിഞ്ഞു. സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിലും അഭിമാനബോധമുള്ളവരാക്കി മാറ്റുന്നതിലും കമ്മീഷന് ക്രിയാത്മകമായി ഇടപെടാനായെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ, സെക്രട്ടറി പി.എസ്. ഷിനോ, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ പങ്കെടുത്തു. സ്ത്രീകളും ആരോഗ്യവും എന്ന വഷയത്തിൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എൽ. ലതാകുമാരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കേരളാ പോലീസിലെ സൈബർ എക്സ്പേർട്ട്  ബി. ശ്യാംകുമാറും ക്ലാസ് എടുത്തു.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായം നൽകും. ബിന്ദുവിന്റെ മകന് സർക്കാർ ജോലിയും നൽകും. മന്ത്രിസഭ യോ​ഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ബിന്ദുവിന്‍റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു കൊണ്ട് പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നാണ് സൂചന.  ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വാസവനും ബിന്ദുവിന്‍റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചത്.  മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ ഓണ്‍ലൈനായിട്ടാണ് കാബിനറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലായിരുന്നു തീരുമാനം. അപകടത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിയുടെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇത് സര്‍ക്കാരിന് വന്‍പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് സുപ്രധാനമായ രണ്ട് തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. 

കോട്ടയം

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

പൂഞ്ഞാർ ; ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ (എം) പൂഞ്ഞാർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. AITUC നേതാവ് സി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. CPI (M) ലോക്കൽ സെക്രട്ടറി ചുമതലയുള്ള കെ ശശി, AITUC നേതാക്കളായ പി. എൻ ദാസപ്പൻ, കെ.എസ് രാജു, CITU നേതക്കളായ കെ റെജി, പി.ജി പ്രമോദ് കുമാർ, വിമൽ തങ്കച്ചൻ, സജി വി.റ്റി, AITUC ആർ രതീഷ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയത്ത് പേരൂർ കണ്ടൻചിറയിൽ പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ഏറ്റുമാനൂർ സ്വദേശിയായ ജോമി ഷാജിയാണ് മരിച്ചത്.32 വയസായിരുന്നു.തിങ്കൾ രാത്രി 12.30 ഓടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടൻചിറയിലാണ് അപകടം.ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് വാഹനം പെട്ടി പൊളിച്ചാണ് പരിക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്.തുടർന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.  

കോട്ടയം

പ്രതിഭാ പുരസ്കാരവും എംഎൽഎ എക്സലൻസ് അവാർഡും വിതരണം: മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി ; ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, അഡ്വ സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരവും സമ്മാനവും നൽകുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് MLA എക്സ്സലൻസ് അവാർഡും നൽകുന്നു. ഇതോടൊപ്പം നിയോജകമണ്ഡലത്തിൽ നിന്നുള്ള സിവിൽ സർവീസ് റാങ്ക് ഹോൾഡേഴ്സ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പി എച്ച് ഡി ജേതാക്കൾ മറ്റ് വിവിധ നിലകളിൽ അക്കാഡമിക് രംഗത്ത് പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവർ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷന്റെ മത്സര വിജയികൾ തുടങ്ങിയവർക്കുള്ള സമ്മാനദാനവും ജൂലൈ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നു. ചടങ്ങ് ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.