വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഇലവിഴാപുഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയം നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

മേലുകാവ്:  മേലുകാവ് ഗ്രാമപഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്ക് പ്രാധമിക കാര്യം പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ടേയ്ക്ക് എ ബ്രേക്ക്  പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള പഞ്ചായത്ത് വക സ്ഥലത്താണ് ഇപ്പോൾ ടോയ്ലറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇലവിഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ട് മിനിമാസ് ലൈറ്റ് സ്ഥാപിച്ചതായും ഷോൺ ജോർജ് പറഞ്ഞു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫിന്റെ അധ്യക്ഷതയിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, വാർഡ് മെമ്പർ ഷീബമോൾ ജോസഫ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

കോട്ടയം

ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി

പാലാ: അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിൻ്റെ പോരാളിയാണ് ഗാന്ധിജി. നിരന്തരം സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുനിസിപ്പൽ കൗൺസിലർന്മായ സിജി ടോണി, ആനി ബിജോയി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബെന്നി മൈലാടൂർ, ജോർജ് പുളിങ്കാട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനിൽ, മലയാള ഭാഷ വിദഗ്ദസമിതിയംഗം ചാക്കോ സി പൊരിയത്ത്, ജോയി കളരിയ്ക്കൽ, ടോണി തോട്ടം, അനൂപ് കട്ടിമറ്റം, ലിയ മരിയ ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രാജീവ് നെല്ലിക്കുന്നേൽ, വിനയകുമാർ പാലാ, വിമൽ ഇടുക്കി, അമേയ അനിൽ, അഖിൽ ടി ജോസഫ്, അജിൻ ബെന്നി, പ്രശാന്ത് പാലാ, ഷൈജു ജോസഫ്, ദീപ എസ് നായർ, ജോയി തോമസ് എന്നിവരെ കെ ഫ്രാൻസിസ് ജോർജ് എം പി ആദരിച്ചു.    

കോട്ടയം

മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കും

കോട്ടയം,:മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നു. നമ്മുടെ കാലം മറന്നുപോകുന്ന നന്മകളെ വീണ്ടെടുക്കുന്ന ദിനത്തിൽ സാംസ്‌കാരിക പ്രതിരോധത്തിന്റെ ഈ സർഗ്ഗാത്മക കൂട്ടായ്‌മകളിൽ ആയിരങ്ങൾ പങ്കെടുക്കും. സാംസ്‌കാരികമായി മനുഷ്യ ജീവിത വ്യവഹാരങ്ങളെ ഏകീകരിക്കാനും എല്ലാ വൈരുധ്യങ്ങളെയും അതിജീവിക്കാനുമുളള ഈ ശ്രമത്തിന് മഹാത്മാവിൻ്റെ സ്‌മരണ പ്രേരണയാകുന്നു. മതനിരപേക്ഷ സമൂഹത്തി ലൂടെ ജനാധിപത്യപ്രക്രിയ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്ന ഈ കൂട്ടായ്‌മകളിൽ അണിചേരാൻ നാനാതുറകളിലുള്ളവർ ഒരുമിക്കുകയാണ്. ഈ ആഘോഷങ്ങൾ കലാമത്സരങ്ങളും അവതരണങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് സജീവമാകും. ഗാന്ധി വരയും, ചിത്രപെരും തിരശ്ശീലയുമാണ് വ്യത്യസ്ഥമായ ഒരു പരിപാടി. വൈക്കത്ത് സി.ജെ. കുട്ടപ്പനും, സേവ്യർ പുൽപാട്ടും പങ്കെടുക്കും. തലയോലപ്പറ മ്പിൽ പ്രൊ: വി.എം. മാത്യു ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. കടുത്തുരിത്തിയിൽ ഡോ: ഹരികുമാർ ചങ്ങമ്പുഴ ആണ് മുഖ്യ പ്രഭാഷകൻ, അയ്‌മനം ജോൺ, ഡോ: സിനി പി. സുകുമാർ എന്നിവർ ഏറ്റുമാനൂരിലും മുരുകൻ കാട്ടാക്കട, ഗായത്രി വർഷ എന്നിവർ പാലായിലും പ്രഭാഷണം നടത്തും. അയർകുന്നത്ത് ഡോ: എ.കെ. അർച്ചനയാണ് മുഖ്യപ്രഭാഷക. പൂഞ്ഞാറിൽ ശ്രീ. റോഷൻ കെ. ജോണും വാഴൂരിൽ വി.കെ. സുരേഷ്‌ബാ ബുവും സംസാരിക്കും. പ്രൊ: പാർവ്വതിചന്ദ്രയും വൈഷ്‌ണവിയുമാണ് കോട്ടയം ശിൽപ ശാലയിലെ അതിഥികൾ. പുതുപ്പളിയിൽ പ്രൊ: എം.ജി. ചന്ദ്രശേഖരനും ഡോ: രാജേഷ കെ പുതുമനയും പങ്കെടുക്കും. ഡോ: അജു കെ നാരായണനാണ് ചങ്ങനാശ്ശേരിയിലെ മുഖ്യപ്രഭാഷകൻ.

കോട്ടയം

തലസ്ഥാനത്തേയ്ക്ക്ഇനി വെളുപ്പിന് യാത്ര ചെയ്യാം.2.50 മണിക്ക് പുതിയ സർവ്വീസ് ആരംഭിച്ചു.8 മണിക്ക് മുൻപ് എത്താം

പാലാ: വെളുപ്പിന് പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും പുതിയ സർവ്വീസ് ആരംഭിച്ചു.അതിരാവിലെ 2.50 മണിക്കാണ് സർവ്വീസ് .തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവർക്ക് വളരെ സഹായകരമായ വിധമുള്ള സർവ്വീസാണിത്. 8.00. മണിക്ക് മുൻപ് തിരുവനന്തപു രത്ത് എത്താം.വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സർവ്വീസ് കൂടിയാണിത്. ട്രയിൻ യാത്രയെ ആശ്രയിക്കുന്നവർക്കും പ്രയോജനപ്പെടും നേരത്തെ അനുവദിച്ച സർവീസ് ആയിരുന്നുവെങ്കിലും ബസിൻ്റെ കുറവുമൂലം തുടങ്ങുവാൻ കഴിയാതെ ഇരിക്കുകയായിരുന്നു.തിരുവനന്തപുരത്തു നിന്നും 9.25 ന് തിരികെ പോരും.

കോട്ടയം

രാജ്യത്തിൻ്റെ ഭരണഘടന അപകടത്തിൽ: : അഡ്വ ഹാരിസ് ബീരാൻ എം പി

പത്തനംതിട്ട : ന്യൂനപക്ഷങ്ങൾ അനർഹമായവ നേടുന്നു എന്ന വ്യാജ പ്രചരണം നടത്തി സമൂഹത്തിൽ സ്പർധ ഉണ്ടാക്കുവാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ എം പി പറഞ്ഞു. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃസംഗമം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . രാജ്യത്തിൻ്റെ ഭരണഘടന അപകടകരമായ സാഹചര്യത്തെ നേരിടുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കപെടുന്ന കാലത്താണ് അനർഹമായി നേടുന്നു എന്ന പ്രചരണങ്ങൾ അഴിച്ചുവിടുന്നത്. വിദ്വേഷം വളർത്തി ഭിന്നിപ്പാണ് പലർക്കും ലക്ഷ്യം. രാജ്യത്ത് ജീവിച്ചുപോകാൻ പീഡിതവർഗം ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇഅത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, റ്റി പി എം ഇബ്രാഹിം ഖാൻ, അഡ്വ കെ പി മുഹമ്മദ് , സി എ മൂസ മൗലവി, കെ എച്ച് മുഹമ്മദ് മൗലവി, മുഹമ്മദ് സമീർ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, സെയ്യദ് മുത്തുക്കോയ തങ്ങൾ ബാഫക്കി , അഡ്വ കുറ്റിയിൽ ഷാനവാസ്, ഇലവ്പാലം ഷംസുദ്ദീൻ മന്നാനി, പി കെ സുലൈമാൻ മൗലവി, അബ്ദുൾ സലാം കുമളി, എം എം ജലീൽ, എസ് അഫ്സൽ പത്തനംതിട്ട, സൈനുദ്ദീൻ മൗലവി, യൂസുഫ് മോളൂട്ടി , ജലാലുദ്ദീൻ മൗലവി, കെ ഇ അബ്ദുറഹിമാൻ, മുണ്ടക്കയം ഹുസൈൻ മൗലവി, ജാഫർ അബ്ദുൾ വഹാബ് , കുളത്തൂപ്പുഴ സലിം, ഇ എ നസീർ മൗലവി, റഹിം മൗലവി, തലത്തോട് നൗഷാദ്, അബ്ദുൾ റസാഖ്, അബ്ദുൾ സലാം കാഞ്ഞിരപ്പളളി, സലിം കണറ്റിൻമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

*കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃ സംഗമം നാളെ.*

കോട്ടയം: വക്കഫ് നിയമ ഭേദഗതിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതികളിൻമേൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൻറെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും തുടർ നിയമ നടപടികളെപ്പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി ,മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃയോഗം നാളെ 30 ന് പത്തനംതിട്ടയിൽ ചേരുമെന്ന് വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അറിയിച്ചു. സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനു നേതൃത്വം നൽകിയ അഡ്വ ഹാരിസ് ബീരാൻ എം. പി. യോഗത്തിൽ സംബന്ധിച്ച് ജഡ്ജ്മെൻറ് അവലോകനം ചെയ്യും.സംസ്ഥാന പ്രസിഡ്ൻ്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ റ്റി.പി.എം. ഇബ്രാഹിംഖാൻ ചർച്ചകൾക്ക് നേതൃത്വം നൽകും.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സി.എ.മൂസാ മൗലവി, മുഹമ്മദ് നദീർ മൗലവി എന്നിവർ പ്രസംഗിക്കും ._ 

കോട്ടയം

ഹൃദയാരോഗ്യ സന്ദേശവുമായി ലോകഹൃദയദിനാചരണം

കോട്ടയം: ഹൃദയാരോഗ്യം സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജില്ലാതല ഹൃദയദിനാചരണം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി പുതിയ ബ്ലോക്കിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ. ശോഭ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ കോളജിലെ നഴ്സുമാർക്കും ഏറ്റുമാനൂർ ബ്ലോക്കിലെ കുടുംബശ്രീ പ്രവർത്തകർക്കും കാർഡിയോ പൾമണറി റെസസിറ്റേഷനിൽ (സി.പി.ആർ) പ്രായോഗിക പരിശീലനം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസസിലെ പരിശീലകൻ ഡോ. അർജുൻ ജെയിംസ് നേതൃത്വം നൽകി.മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. റൈഹാനത്തുൽ മിസിരിയ, കാർഡിയോളജി വിഭാഗത്തിലെ ഡോ.കെ. ജയപ്രകാശ്, ഡോ.എൻ. ജയപ്രസാദ്, ഐ.എം.എ. പ്രതിനിധി ഡോ. ആർ.പി. രഞ്ജിൻ,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ജൂനിയർ അഡ്മിനിസ്ട്രേറ്റ് മെഡിക്കൽ ഓഫീസർ ഡോ. മാർട്ടിൻ ഗ്ലാഡ്സൺ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടിയായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനിയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 17 സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. 12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും അഞ്ച് സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ ലഭിക്കുന്ന ഐ.പി ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. എ.ഐ ക്യാമറകൾ, ഹ്യൂമൻ ഡിറ്റക്ഷൻ അലാറം, ടു വേ ഓഡിയോ തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ള നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.      ഗ്രാമപഞ്ചായത്ത്‌ ഈ പദ്ധതികൾ നടപ്പിലാക്കുന്നുവെന്നറിഞ്ഞ് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയിലെ വികസനങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടി ചില തൽപരകക്ഷികൾ സാമൂഹ്യ മാധ്യമങ്ങളിൽ അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അറിയിച്ചു.