വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ വേലത്ത് ശേരിക്ക് സമീപം ട്രാവലർ റോഡിൽ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു

ഈരാറ്റുപേട്ട: വാഗമൺ റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.

കോട്ടയം

ഷൈനിയും മക്കളും ഒരു തവണയെങ്കിലും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ; ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ് ഐ

ഷൈനിയും മക്കളും ഒരു തവണയെങ്കിലും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ; ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ് ഐ   ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു തങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും…ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ലെന്നും എസ്എച്ച്ഒ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ല യിൽ തന്നെ കൂടുതൽ,അതിൽ 500അടുത്ത് കുടുംബ പ്രശ്നങ്ങൾ).ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ….

കോട്ടയം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്

കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദ്ദം ജിസ്മോൾ അനുഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് ഭർത്താവ് ജിമ്മിയുടെയും വീട്ടിലുള്ളവരുടെയും മൊഴി വിശദമായി രേഖപ്പെടുത്താൻ ഏറ്റുമാനൂർ പൊലീസ് തീരുമാനിച്ചത്. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നം വീട്ടുകാർ പറഞ്ഞു തീർത്തിരുന്നു എന്നാണ് വിവരം.

കോട്ടയം

എരുമേലി കണമലയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 3 പേരുടെ നില ഗുരുതരം

എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. കര്‍ണാടക ആവേരി സ്വദേശി ഹരിഹരന്‍(40) മരിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി.കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.  

കോട്ടയം

കോട്ടയം അയർക്കുന്നിൽ അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി; മരിച്ചത് മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിസ്മോളും മക്കളും

ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ്‌ ആണ്. നിലവിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോൾ. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മ​​ഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ​ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കോട്ടയം

ബഡ്ജറ്റ് ടൂറിസം സെൽ: മലക്കപ്പാറ, മലയാറ്റൂർ തീർത്ഥാടന യാത്രകൾക്ക് ബുക്ക് ചെയ്യാം

ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 17 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഈരാറ്റുപേട്ടയിൽ നിന്നും മലയാറ്റൂരിലേക്ക് തീർഥാടന യാത്ര പുറപ്പെടുന്നു. ഒറ്റക്കും സംഘമായും സ്വകാര്യ വാഹനങ്ങളിൽ മലയാറ്റൂർ തീർത്ഥാടനത്തിന് പോകുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പാർക്കിംഗും യാത്രാക്ലേശങ്ങളും. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നതുവഴി ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ഏപ്രിൽ 15 നു ചൊവ്വാഴ്ച്ച അതിരപ്പള്ളി, വാഴച്ചാൽ, അപ്പർ ഷോളയർ, തുമ്പോർമൂഴി ഡാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി മലക്കപ്പാറയിലേക്ക് ഒരു ഉല്ലാസയാത്രയും ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ബസ് ചാർജ് ഒരാൾക്ക്: മലക്കപ്പാറ :- 880 /-, മലയാറ്റൂർ :- 410 /- എന്നിങ്ങനെയാണ്.കൂടുതൽ വിവരങ്ങൾക്ക് 9447154263 (സാജു. പി.എസ്), 97456 53467 (സരിതമോൾ. ടി. എസ്), എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ. 26ആം മൈലിലെ 'ഫാസ്'എന്ന കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി.

കോട്ടയം

ചേനപ്പാടി -എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിങ് ടെൻഡറായി

എരുമേലി: പഴയിടം- ചേനപ്പാടി - എരുമേലി റോഡിൽ അവസാന റീച്ചായ കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ ചെയ്യുന്നതിന് 1 കോടി 12 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. എരുമേലി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പി.ഡബ്ല്യു.ഡി റോഡ് ആയ പഴയിടം -ചേനപ്പാടി -എരുമേലി റോഡിൽ പഴയിടം മുതൽ ചേനപ്പാടി കടന്ന് കാരിത്തോട് പാലം വരെയുള്ള 10 കിലോമീറ്ററോളം ദൂരം മൂന്നു ഘട്ടങ്ങളായി അഞ്ചു കോടിയോളം രൂപ അനുവദിച്ച് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നു. ഇതോടൊപ്പം ഓടകൾ, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. ഇപ്പോൾ വീണ്ടും 1 കോടി 12 ലക്ഷം രൂപ കൂടി അനുവദിച്ച് അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ ഭാഗവും കൂടി മികച്ച നിലയിൽ റീ ടാർ ചെയ്യുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നും എം.എൽ.എ കൂട്ടിച്ചേർത്തു. റീ ടാറിങ്ങിനോടൊപ്പം മികച്ച രീതിയിൽ റോഡ് ഉപയോഗത്തിന് ആവശ്യമായ മറ്റ് റോഡ് വികസന പ്രവർത്തികളും നടപ്പിലാക്കുമെന്നും എം.എൽ.എ അറിയിച്ചു.കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് തകർന്നു കിടന്നതിനാൽ എരുമേലി ഗ്രാമപഞ്ചായത്ത് 4,5 വാർഡുകളിലെ ജനങ്ങളും കൂടാതെ ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരും ഏറെ ദുരിതമനുഭവിച്ചിരുന്നു. കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി പഴയിടം മുതൽ എരുമേലി വരെ റോഡ് പൂർണമായും മികച്ച നിലയിൽ ഗതാഗതയോഗ്യമാകുമെന്നും ഇതോടുകൂടി എരുമേലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളുടെയും റീ ടാറിങ്- പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.ഈ മാസം 21 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. 24 ന് ടെൻഡർ ഓപ്പൺ ചെയ്യും. ടെൻഡർ നടപടികൾക്ക് ശേഷം എത്രയും വേഗം റോഡ് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗമാക്കുമെന്നും എം.എൽ.എ പറഞ്ഞു.