കോടതി വളപ്പിലെ സംരക്ഷണഭിത്തി യാത്രകാർക്ക് ഭീഷണിയാകുന്നു.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് റോഡിലെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഇടിഞ്ഞ് വീഴാറായ സംരക്ഷണ ഭിത്തി വാഹനങ്ങൾക്കും വഴി യാത്ര കാർക്കും ഭീഷണി യാകുന്നു.ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, അരുവിത്തുറ സെൻറ് ജോർജ്, ഹൈസ് സ്ക്കൂൾ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് ഇവിടെ. സ്കൂൾ വിദ്യാർത്ഥികളും രോഗികളും ഉൾപ്പടെ പല ആവശ്യങ്ങൾക്കായി ദൈനം ദിനം നൂറ് കണക്കിന് പേർ യാത്ര ചെയ്യുന്ന റോഡിന് സൈഡിലാണ് വലിയ പൊക്കത്തിലുള്ള സംരക്ഷണഭിത്തി നിലകൊള്ളുന്നത്. സംരക്ഷണ ഭിത്തി നാല്മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞതായിട്ടാണ് പരിസരവാസികൾ പറയുന്നത്. കോടതിയിലേക്കും മറ്റ് പല ഓഫീസുകളിലേക്കും എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്തിരുന്നത് ഈ ഭാഗത്തായിരുന്നു. എന്നാൽ ഇപ്പോ ഇവിടെ ആരും വാഹനങ്ങൾ പാർക്ക് ചെയ്യാറില്ല. ഇടിഞ്ഞ് വീഴാറായ ഭിത്തി പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.