വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു

കോട്ടയം: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്ര സിഡൻ്റ് പി.എ. ഇബ്രാഹിം നേതൃത്വം നൽകി.  കെ.എ. സജിന (സെക്ര), ടി.എം. നജ്‌മി (പി.ആർ), ജെ. എ. ഷഹന (മീഡിയ ആൻഡ് സോഷ്യൽ മീഡിയ), എ. ഫാസില ബീഗം (ഖുർആൻ സ്റ്റഡി സെൻ്റർ), പി.കെ. സോഫി (തംഹീദുൽ മർഅ), പി.എസ്. യാസ്മിൻ (ജി.ഐ.ഒ), എം.എം. ഫൗസിയ (ടീൻ ഇന്ത്യ), ടി.കെ. ഷാഹിന (മലർവാടി), എം.ടി. സാറ, പി.എം. മുംതാസ് (ജില്ല സമിതി അംഗം). എന്നിവരാണ് ഭാരവാഹികൾ. നജിയ ഇബ്രാഹിം (ഈരാറ്റുപേട്ട), നെസിയ സലീം (കാഞ്ഞിരപ്പള്ളി), റൈഹാനത്ത് നിസാർ (മുണ്ടക്കയം), ഷെഫീന സലാം (ചങ്ങനാശ്ശേരി), സാജിദ കെ.കെ (കോട്ടയം) എന്നിവരാണ് ഏരിയാ കൺവീനർമാർ.

വിദ്യാഭ്യാസം

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്, സേ പരീക്ഷ ജൂണ്‍ 21 മുതല്‍

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.  3,70,642 വിദ്യാര്‍ത്ഥികലാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. 3.30 മുതൽ ഫലം വെബ്സെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. 

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ഈഴവ മഹാസംഗമം:വാഹന പാർക്കിങ്ങ് ഇങ്ങനെ

    ഈരാറ്റുപേട്ടയിൽ ഇന്ന് നടക്കുന്ന വെള്ളാപ്പള്ളി നടേശന് സ്വീകരണവും മഹാസംഗമത്തിന് എത്തിച്ചേരുന്ന വാഹനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആളിറക്കി പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ, ട്രാവലറുകൾ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കിയ ശേഷം അരുവിത്തുറ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ (ബ്ലോക്ക് ഓഫീസിന് സമീപം) ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. തൊടുപുഴ റൂട്ടിൽ നിന്ന് വരുന്ന ബസ്സുകൾ, ട്രാവലറുകൾ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കിയ ശേഷം പാലാ റൂട്ടിൽ പാർക്ക് ചെയ്യുക. പൂഞ്ഞാർ, തീക്കോയി റൂട്ടിൽ നിന്ന് വരുന്ന ബസുകളും ട്രാവലറുകളും പേട്ട സെൻ്റർ ജം. ആളുകളെ ഇറക്കിയ ശേഷം അരുവിത്തുറ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ (ബ്ലോക്ക് ഓഫീസിന് സമീപം) ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. തിടനാട് റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കിയ ശേഷം പാലാ റൂട്ടിൽ പാർക്ക് ചെയ്യുക.    

വിദ്യാഭ്യാസം

പ്ലസ് ടു പരീക്ഷാഫലം ഇന്ന് ; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. http://www.results.hse.kerala.gov.in/,  https://www.prd.kerala.gov.in/,  https://results.digilocker.gov.in/,  https://www.results.kite.kerala.gov.in/  തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

കേരളം

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകൾ; കൂടുതൽ കോട്ടയത്ത്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി...

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വര്‍ധിക്കാന്‍ സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. 182 കോവിഡ് കേസുകളാണ് മേയിൽ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടയിൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർആർടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നിക്ഷേപ സംഗമം; 'റൈസിങ് പൂഞ്ഞാർ' ജൂൺ ഒൻപതിന്

കോട്ടയം: സംരംഭ പ്രോത്സാഹനനടപടികളുടെ ഭാഗമായി പൂഞ്ഞാറിലെ നിക്ഷേപ, സംരംഭക സാധ്യതകൾ വികസിപ്പിക്കുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുൻകൈയെടുത്തു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപസംഗമം നടത്തുന്നു. റൈസിങ് പൂഞ്ഞാർ എന്ന പേരിൽ ജൂൺ ഒൻപതിന് ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിലാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിക്ഷേപ സംഗമം നടത്തുന്നത്. വിനോദസഞ്ചാര വ്യവസായം, അഗ്രി ഫുഡ് വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, സുഗന്ധവ്യജ്ഞന വ്യവസായങ്ങൾ, തടി അടിസ്ഥാനമാക്കിയ വ്യവസായങ്ങൾ ്എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും നിക്ഷേപസംഗമം നടത്തുന്നത്. നിക്ഷേപകർക്കും സംരംഭകർക്കും പിന്തുണ നൽകുന്നതിനുള്ള ഹെൽപ്‌ഡെസ്‌കുകളും വ്യവസായ പ്രദർശന മേളകളും നിക്ഷേപസംഗമത്തിന്റെ ഭാഗമായി നടക്കും. വ്യവസായ-നിയമ വകുപ്പുമന്ത്രി പി. രാജീവ്, സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ, ജല വിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മേയ് 28ന് ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ സംഘാടകസമിതി രൂപീകരണം നടക്കും. നിക്ഷേപസംഗമവുമായി ബന്ധപ്പെട്ടു അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാജേഷ്, ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ ജെ. സുനിൽകുമാർ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷ്ി ഓഫീസർ സ്‌നേഹലത മാത്യൂസ്, തദ്ദേശ സ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി,  കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ പ്രോഗ്രാം മാനേജർ പ്രകാശ് ആർ. നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കേരളം

ക്ഷേമ പെൻഷൻ വിതരണം ശനിയാഴ്ച്ച മുതൽ, ഈ മാസം ഒറ്റയടിക്ക് കയ്യിൽ കിട്ടുക 3200

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം ലഭിക്കും. 5 ഗഡുവാണ് ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നത്. അതിൽ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.  സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ, വിതരണക്കാർക്ക് ഗുണഭോക്താക്കൾ അധികമായി യാതൊരു തുകയും നൽകേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി

തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ശുചിത്വ മീറ്റിങ്ങുകൾ കൂടി അടിയന്തിര മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. പി എച്ച് സി, ഹോമിയോ, ആയുർവേദ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാനും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. പഞ്ചായത്തുകളിലെ പൊതു സ്ഥാപനങ്ങളും ടൗണുകളും മാലിന്യമുക്തമാക്കുവാനും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി വൃത്തിയാക്കുവാനും അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. രോഗങ്ങളും മറ്റു പകർച്ചവ്യാധികളും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസ്കുട്ടി, അമ്മിണി തോമസ്, സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, പി എസ് രതീഷ്, ദീപ സജി, നജീമ പരിക്കൊച്ച്, സെക്രട്ടറി സജീഷ് എസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ലിറ്റി തോമസ്, ഡോ. സുമി നൗഫൽ, ഡോ. സജീന കെ എ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.