മിഴിവേകുന്ന വസന്തം; പതിവ് തെറ്റാതെ സുന്ദരിയായി മലരിക്കൽ ആമ്പൽ പാടം
ഇത്തവണയും പതിവ് തെറ്റാത്ത കാഴ്ച വിരുന്നൊരുക്കി മലരിക്കൽ ആമ്പൽ പാടം. ഗ്രാമീണ ജലടൂറിസത്തിന്റെ വ്യത്യസ്തമായ ആകർഷണമാണ് മലരിക്കലിലെ ആമ്പൽ പാടം. ആമ്പൽവസന്തം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെയാണ് പാടം ആമ്പൽപ്പൂക്കളാൽ നിറയുന്നത്. പുലർച്ച സമയമാണ് ആമ്പൽ പാടം കൂടുതൽ മിഴിവേകുന്നത്. എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്ത് തുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണ് പിന്നീട് കിളിർത്തുവരുന്നത്. വിത നടത്താൻ പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും. ഇവിടെ പൂക്കൾക്കിടയിലൂടെ സഞ്ചാരികളെ പാടത്തേക്കു കൊണ്ടുപോകാൻ വള്ളങ്ങൾ ഇവിടെയുണ്ട്. വലിയ വള്ളങ്ങളിൽ ഒരാൾക്ക് 100 രൂപയാണ് ചാർജ്. കോട്ടയത്തെ ഇല്ലിക്കൽ കവലയിൽ നിന്നും കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം. കോവിഡ് മൂലം മുൻവർഷങ്ങളിൽ ആമ്പൽ കാണാൻ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടാതെ നന്നായി സൂര്യോദയവും അസ്തമയവും കാണാൻ പറ്റിയ നല്ലൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. ആമ്പൽ പൂക്കൾ മലരിക്കലിന് അടുത്തുള്ള കൊല്ലാടും അമ്പാട്ടുകടവിലും ഉണ്ട്.