കുരുന്ന് ബാലൻ ഫയാസിന്റെ അവസരോചിത ഇടപെടൽ ;മരണ മുഖത്തു നിന്നും അത്ഭുതകരമായി രക്ഷപെട്ട് തങ്കച്ചൻ.
തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ കുരുന്ന് ബാലൻ നടത്തിയ അവസരോചിത ഇടപെടൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. കാരക്കാട് കെരിം സാഹിബ് ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫയാസിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് സഫാ നഗർ സ്വദേശി തങ്കച്ചൻ മുടിനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടത്. അന്നും പതിവുപോലെ സ്കൂളിലേക്ക് പോവുകയായിരുന്നു ഫയാസ് , പെട്ടെന്നാണ് ഒരു ദൃശ്യം അവന്റെ ശ്രദ്ധയിൽ പെട്ടത്. തെങ്ങിൻ മുകളിൽ ഒരു യുവാവ് ഷോക്കേറ്റ് പിടയുന്ന ദയനീയമായ കാഴ്ച . ആദ്യമൊന്ന് പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത ഫയാസ് ഉറക്കെ നിലവിളിച്ച് അതുവഴി വന്ന ബൈക്ക് കൈകാട്ടി നിർത്തി. കറണ്ട് അടിച്ചു പിടയുന്ന മനുഷ്യനെ ചൂണ്ടിക്കാട്ടി. ബൈക്കുകാരൻ പെട്ടെന്ന് തന്നെ തൊട്ടടുത്ത പോസ്റ്റിലെ ഫ്യൂസ്ഊരിയതോടെ ആൾതാഴേക്ക് വീഴുകയും മരണമുഖത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സഫാ നിവാസിയായതെങ്ങുകയറ്റ തൊഴിലാളി തങ്കച്ചനാണ് അപകടത്തിൽ പെട്ടത്. ജോലിക്കിടെ തെങ്ങിന്റെ ഓല ഇലക്ട്രിക് കമ്പിയിൽ തട്ടിയാണ് തങ്കച്ചന് ഷോക്കേറ്റത്. ഉടനെ തന്നെ തൊട്ടടുത്ത് തന്നേ താമസിക്കുന്ന ഡോ നസീറിനെ വിവരം അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിദഗ്ദ ചികിത്സക്കായി പാലായിലേക്ക് കൊണ്ടുപോവുകയും ചെയ്തു.രണ്ടു മാസങ്ങൾക്കു മുൻപ്മരം മുറിക്കുന്നതിനിടെ തടി ദേഹത്തിൽ വീണ് ദാരുണമായി മരണമടഞ്ഞ സഫാ നഗറിലെ ചെട്ടുപറമ്പിൽ അഷ്റഫ്, ഷക്കീല ദമ്പതികളുടെപേരക്കുട്ടിയാണ് ഫയാസ് . ഫയാസിന്റെ പിതാവ് നൗഷാദും ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പട്ടിരുന്നു. തങ്കച്ചൻ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട ഫയാസിനെ കാരക്കാട് MM MUM UP സ്കൂൾ അധികൃതരും , നടയ്ക്കൽ ഫൗസിയ ട്രസ്റ്റും മെമന്റോ നൽകി അഭിനന്ദിച്ചു