വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

പാട്ടിന്റെ നറുപുഷ്പ്പത്തിന് ഇന്ന് അറുപതാം പിറന്നാൾ; പാട്ടുകാരിയായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു? മലയാളത്തിന്റെ വാനമ്പാടിയുടെ മറുപടി ഇങ്ങനെ..

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. ചിത്ര മലയാള സിനിമയിലെത്തിയതോടെ നിരവധി തെന്നിന്ത്യൻ ​ഗായികമാർക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇന്ന് അറുപത് വയസ്സിന്റെ നിറവിൽ നിൽക്കുമ്പോഴും നിറപുഞ്ചിരിയോടെ മലയാളികളുടെ മനസ്സിൽ ​ഗാനാമൃതം പൊഴിക്കുകയാണ് ചിത്ര. ​പാട്ടുകാരിയായിരുന്നില്ലെങ്കിൽ താൻ ഒരു അധ്യാപികയാകുമായിരുന്നു എന്നാണ് ചിത്ര പറയുന്നത്. തന്റെ മാതാപിതാക്കളും ഒപ്പം പഠിച്ചവരുമൊക്കെ അധ്യാപകരാണെന്നും ചിത്ര പറയുന്നു. നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര. മലയാളിയുടെ ബാല്യ, കൗമാര, യൗവന ചേതനകൾക്കൊപ്പം ആ ശബ്ദവും ഉണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ സംഗീതപ്രേമികൾ ചിത്രയുടെ ഗാനങ്ങൾ നെഞ്ചേറ്റി. പ്രണയമായി, വിരഹമായി, വിഷാദമായി അങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി കെ.എസ് .ചിത്ര. 1979ൽ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം. എം.ജി രാധാകൃഷ്ണൻ തന്നെ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനമാണ് ആദ്യ ഹിറ്റ്. പിന്നീടങ്ങോട്ട് ചിത്രയുടെ മാസ്മരിക ശബ്ദവും നിറപുഞ്ചിരിയും മലയാളവും കടന്ന് തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ ഇഷ്ടതാളങ്ങളിലൊന്നായി. തമിഴ് സിനിമാ ലോകമാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. 1986 ൽ പുറത്തിറങ്ങിയ “പാടറിയേൻ പഠിപ്പറിയേൻ” എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന ഗാനത്തിലൂടെ ആ പുരസ്കാരം ചിത്ര കേരളിത്തിലേക്കെത്തിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പൂഞ്ഞാർ ഡിവിഷൻ മെമ്പറുടെ വൻ അഴിമതി

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23ൽ വനിതാ സംരംഭക ഗ്രൂപ്പിന് സബ്‌സിഡി നൽകൽ എന്ന പദ്ധതിയിൽ ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന മിനിമം ഗ്രൂപ്പിനുള്ള സംരക്ഷണത്തിന്റെ പരിരക്ഷയിൽ രണ്ട് അംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി പൂഞ്ഞാർ ഡിവിഷൻ മെമ്പർ രമാമോഹനനും,സഹോദരിപുത്രിയും കൂടി പൂഞ്ഞാർ പഞ്ചായത്ത് 7ആം വാർഡ് പുളിക്കപ്പാലത്ത് നഭസ്സ് പിക്കിൾസ്&സ്നാക്ക്‌സ് എന്ന വനിതാ സംരംഭക കടലാസ്‌ യൂണിറ്റ് ഉണ്ടാക്കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസിൽ നിന്നും സബ്‌സിഡി ഇനത്തിൽ 2,64,250/രൂപ കൈപറ്റുകയും യൂണിറ്റ് തുടങ്ങാതിരിക്കുകയും ചെയ്തതായി 2022-23 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും അധികാരപ്പെട്ടവർക്കും ബോധ്യമായിരിക്കുന്നു.ഫുഡ് പ്രൊഡക്ട് ഗ്രൂപ്പുകൾക്ക് പരമാവധി 1,50,000/രൂപയേ സബ്‌സിഡി നൽകാവൂ എന്ന് ഗവണ്മെന്റ് മാർഗ്ഗരേഖയിലുള്ളപ്പോൾ രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യവസായ ഓഫീസിൽ നിന്നും വൻ തുക തട്ടിയതായി മനസിലാക്കുന്നു.ഇത്രെയും അഴിമതികൾ കാണിച്ച മെമ്പർക്കെതിരെ മേലധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പൂഞ്ഞാർ ഡിവിഷൻ മെമ്പർ അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ചെയ്തിരിക്കുകയാൽ തൽസ്ഥാനം  രാജിവെക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപെടുന്നു.പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ,വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൻമാരായ മേഴ്‌സി മാത്യു,അജിത് കുമാർ ബി,മറിയാമ്മ ഫെർണാണ്ടസ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ ജോമോൻ ഐക്കര, ജോയി സ്കറിയ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സതീഷ്കുമാർ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മജു മാത്യു പുളിക്കൽ,ബ്ലോക്ക് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ,ഓമന ഗോപാലൻ, കുഞ്ഞുമോൻ കെ കെ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ നൂതന പദ്ധതികൾ : ചെയർപേഴ്സൺ.

ഈരാറ്റുപേട്ട : നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന മൊബൈൽ പ്ലാന്റ്, സാനിറ്ററി നാപ്കിനുകളും ഡയപ്പർ മാലിന്യങ്ങളും സംസ്‌ക്കരിക്കുന്ന ഫർണസ് ഉൾപ്പടെ ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ അതി നൂതന പദ്ധതികൾ തയ്യാറാക്കിയെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ. ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ വിളിച്ചു ചേർത്ത ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരണ പൊതുസഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. അടുത്ത വർഷത്തോടെ കേരളം സമ്പൂർണ മാലിന്യ വിമുക്തമാക്കാനുള്ള മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഈരാറ്റുപേട്ടയും മാലിന്യ മുക്തമാകുന്നതിൽ സമ്പൂർണത നേടുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ പറഞ്ഞു. മുഴുവൻ വാർഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നൽകും. തേവരുപാറയിലെ ലെഗസി മാലിന്യങ്ങൾ നീക്കും. മാലിന്യങ്ങൾ കുമിയുന്ന സ്ഥലങ്ങൾ ശുചീകരിച്ചിട്ടും മാലിന്യങ്ങൾ എത്തുന്ന പ്രവണത തടയാൻ സോളാർ പോർട്ടബിൾ സിസി ക്യാമറകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. നഗരം സൗന്ദര്യവൽക്കരിക്കുന്നതിനും ശുചിത്വ പാലനം നിലനിർത്തുന്നതിനും പൂന്തോട്ടങ്ങളും മിനി പാർക്കുകളും നിർമിക്കും. അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ചു കൈമാറാൻ രണ്ട് എംസിഎഫു കൾ നിർമിക്കും. ഇതിനായി സ്ഥലം വാങ്ങും. പേഴുംകാട് ആർആർഎഫ് കേന്ദ്രം പുനർ നിർമിച്ച് നവീകരിക്കും. എല്ലാ വാർഡുകളിലും മിനി എംസിഎഫു കൾ രണ്ടെണ്ണമാക്കി വർധിപ്പിക്കും. മിനി എംസിഎഫു കളിൽ നിന്ന് മാലിന്യങ്ങൾ കൊണ്ടുപോകാൻ പുതിയ ഒരു വാഹനം കൂടി വാങ്ങും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നതിൽ നിന്ന് അതി ദരിദ്രരെ ഒഴിവാക്കുമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ജനകീയ ഹരിത ഓഡിറ്റ് സമിതി അവതരിപ്പിച്ച റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ വിമുക്ത നഗരസഭയാക്കി അടുത്ത വർഷം പ്രഖ്യാപിക്കുന്നതിന് പദ്ധതികൾ ഒരുക്കിയിരിക്കുന്നതെന്ന് പൊതു സഭയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ ഓഡിറ്റ് സമിതി ലീഡർമാരായ വി എം അഷറഫ്, വി എസ് സലീം, ജോഷി ജോസഫ് എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇവർക്ക് നഗരസഭയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ സുനിത ഇസ്മായിൽ, അൻസർ പുള്ളോലിൽ, കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, ലീന ജെയിംസ്, ഫാസില അബ്സാർ, സെക്രട്ടറി എസ് സുമയ്യ ബീവി, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് എന്നിവർ പ്രസംഗിച്ചു. ഓഡിറ്റ് ചർച്ചകൾക്ക് ഹരിത കേരളം റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ, സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് ജി കൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വി എച്ച് അനീസ, ലിനീഷ് രാജ്, ഇ പി സോണിമോൾ, ജെറാൾഡ് മൈക്കിൾ, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ് ജേക്കബ്, ജെഎച്ച്ഐ മെഹ്‌റൂഫ്, സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. എം എൻ ശാലിനി, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ജോസഫ്, എസ്ഡബ്ല്യൂഎം എഞ്ചിനീയർ സിമി റോസ് ജോർജ്, എൻയുഎൽഎം സിറ്റി മാനേജർ കെ ജി മനു, കില ആർ പി ജോളി തോമസ്, ഷാനവാസ്‌, റഫീഖ് അമ്പഴത്തിനാൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കീം ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റർ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട :  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നേതൃത്വം നല്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ്, കോളജ് ഓഫ് എൻജിനീയറിങ് കിടങ്ങൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻജിനീയറിങ് ആർക്കിടക്ചർ എൻട്രൻസ് പരീക്ഷ  കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക്  ഓപ്ഷൻ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫെസിലിറ്റേഷൻ സെന്റർ ആൻഡ് ഹെൽപ്പ് ഡെസ്ക്  അരുവിത്തുറ പള്ളി ജംഗ്ഷനിൽ ഉള്ള   എംഎൽഎ ഓഫീസിൽ കോളജ് പ്രിൻസിപ്പൽ ഇന്ദു പി. നായർ ഉത്ഘാടനം ചെയ്തു, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊ .മേരി ജെയിംസ്, പ്രൊ . വിവേക് രാജു , പ്രൊ . മുഹമ്മദ് അമീൻ, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം ജി , കോ ഓർഡിനേറ്റർമാരായ പി.എ ഇബ്രാഹിം കുട്ടി, പ്രൊ ബിനോയ് സി ജോർജ് എന്നിവർ പ്രസംഗിച്ചു.

ജനറൽ

KERALAരേഖ തെളിഞ്ഞത് രേഖയിൽ അഭിനയിച്ചപ്പോൾ;വിൻസി അലോഷ്യസിന് ഇത് സ്വപ്ന സായൂജ്യം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള അം​ഗീകാരം തേടി എത്തിയത് വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി ഇപ്പോൾ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഷോയിൽ ആയിരുന്നപ്പോൾ തന്നെ തനിക്ക് കിട്ടുന്ന വേഷങ്ങൾ ​ഗംഭീരമാക്കാൻ വിൻസിക്ക് സാധിച്ചിരുന്നു. പിന്നീട് ബി​ഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. തനിക്ക് കിട്ടുള്ള ഏത് കഥാപാത്രവും ആ വേഷം ആവശ്യപ്പെടുന്നത് പൂർണമായും നൽകി വിൻസി കളറാക്കി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും. നല്ലൊരു ചിത്രമായിരുന്നിട്ട് പോലും സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രം​ഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുതന്നെയാണ് ഇന്ന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തിന് അം​ഗീകാരം ലഭിക്കാൻ ഇടയായതും. ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം.

പ്രാദേശികം

വേൾഡ് മലയാളി കൗൺസിൽ തുണയായി; അഞ്ചു സന്തോഷിന് ഇനി കസാഖിസ്ഥാനിലേക്ക് പറക്കാം

   ഈരാറ്റുപേട്ട : സാമ്പത്തിക പ്രതിസന്ധിയെ മലർത്തിയടിച്ച് ആം റെസ് ലിങ് ദേശീയ ചാമ്പ്യൻ അഞ്ചു സന്തോഷ് കസാഖിസ്ഥാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇത്തവണ പങ്കെടുക്കും. ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ    വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ  വർഗീസ് പനയ്ക്കലും ഭാര്യ ജാനെറ്റും ചേർന്ന് അഞ്ചു സന്തോഷിൻ്റെ യാത്രയ്ക്ക് ആവശ്യമായ ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപാ മാതാപിതാക്കൾക്ക് കൈമാറി . കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ ക്വാളിഫൈ ചെയ്തിരുന്നെങ്കിലും സ്പോൺസറെ ലഭിച്ചിരുന്നില്ല. ഇത്തവണയും അവസരം നഷ്ടമാകുമെന്ന് കരുതിയ അഞ്ചു താൻ പഠിച്ച ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരെ സമീപിക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഷൈജു വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ്  അബ്ദുള്ള ഖാനെ അറിയിച്ചതിനെ തുടർന്ന്   അഞ്ചു സന്തോഷിൻ്റെ  സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ വർഗീസ് പനയ്ക്കൽ സഹായിക്കാനായി മുന്നോട്ടു വരികയായിരുന്നു.ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 3 വരെ കസാക്കിസ്ഥാനിലെ അൽമാട്ടിയിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സ്കൂൾ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ   ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈജു ടി.എസ്, തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാൻ, ആം റെസ്ലിങ് ഫെഡറേഷൻ ഭാരവാഹികളായ ജോജി എല്ലൂർ, സെബാസ്റ്റ്യൻ മാത്യു എന്നിവർ  പ്രസംഗിച്ചു.പാലായിലെ ശ്രീജിത്ത് കെ.പർവണയുടെ കീഴിലാണ് അഞ്ചു സന്തോഷ് പ്രാക്ടീസ് ചെയ്യുന്നത്.

കേരളം

മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.  തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോ​ഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബം​ഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം.

കേരളം

ഐ ലവ് യു ചാണ്ടി അപ്പച്ചാ’; സ്നേഹക്കുറിപ്പുമായി പെൺകുട്ടി

പുതുപ്പള്ളി: പ്രായഭേദമന്യേ ആൾക്കൂട്ടത്തെ നെഞ്ചിലേറ്റിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. അതിന്റെ നിരവധി ഉദാഹരണങ്ങളാണ് തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളി വരെയുള്ള ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് മുകളിൽ ചേർത്തുവച്ച ഒരു പോസ്റ്റർ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ പോസ്റ്റർ ജൊഹാന ജസ്റ്റിൻ എന്ന വിദ്യാർത്ഥിനിയുടേതാണ്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വാഹനം കടന്നുപോയപ്പോൾ വഴിയരികിൽ പോസ്റ്ററുമേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി. മണിക്കൂറുകളോളമാണ് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്റർ ഹൃദയത്തോട് ചേർത്ത്‌ അവൾ കാത്തുനിന്നത്. മകൻ ചാണ്ടി ഉമ്മൻ ആ പോസ്റ്റർ വാങ്ങി ശവമഞ്ചത്തിന് മുകളിൽ വയ്ക്കുകയായിരുന്നു. വിലാപയാത്ര അടൂരിലെത്തിയപ്പോഴായിരുന്നു ഈ കാഴ്ച.