വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

സിവിൽ ഡിഫൻസ് മോക്ഡ്രിൽ നടത്തി

കോട്ടയം: ബുധനാഴ്ച വൈകിട്ട് കോട്ടയം കളക്‌ട്രേറ്റിൽ 'വ്യോമാക്രമണം'. നാലുമണിയായപ്പോൾ അപായസൈറണുകൾ തുർച്ചയായി മൂന്നുവട്ടം മുഴങ്ങി. മിനിട്ടുകൾക്കുള്ളിൽ ഫയർ എൻജിൻ കുതിച്ചെത്തി എമർജൻസി എക്‌സിറ്റിന്റെ ഭാഗത്ത് ആളിപ്പടർന്ന തീയണച്ചു. തുടർന്ന് 'ആക്രമണത്തിൽ തകർന്ന' ഒന്നാംനിലയിലെ ഓഫീസിൽ കുടുങ്ങിക്കിടന്നവരെ ഏണിയും വടവും ഉപയോഗിച്ചും എമർജൻസി എക്‌സിറ്റിലൂടെയും രക്ഷിച്ച് പുറത്തെത്തിച്ചു. സൈറൺ മുഴങ്ങിയ ഉടൻ ഓഫീസുകളിലെ ലൈറ്റടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫാക്കി ഓഫീസ് മുറികൾ അടച്ച് താഴത്തെ നിലയിലെ സുരക്ഷാമുറികളിലേക്ക് ജീവനക്കാർ മാറി. അരമണിക്കൂർ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഓൾ ക്ലിയർ സൈറൺ മുഴങ്ങിയതോടെ എല്ലാവരും തിരികെ ഓഫീസുകളിലേയ്ക്കു പോയി. കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായിട്ടാണ് കളക്‌ട്രേറ്റിൽ വ്യോമാക്രമണവും തുടർന്നുള്ള രക്ഷാപ്രവർത്തനവും സ്ജ്ജമാക്കിയത്.  ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള കോട്ടയം താലൂക്കോഫീസ് അടക്കമുള്ള അഞ്ചുസ്ഥലങ്ങളിലും ജില്ലയിലെ നഗരസഭകളിലും സിവിൽ ഡിഫൻസിന്റെ ഭാഗമായി വൈകിട്ട് നാലുമണി മുതൽ നാലരവരെയുള്ള സമയത്ത് മോക്ഡ്രിൽ നടത്തി.  അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ്് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേന, ആപ്്തമിത്ര എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കളക്‌ട്രേറ്റിൽ മോക്ഡ്രിൽ സജ്ജമാക്കിയത് രക്ഷാപ്രവർത്തത്തനിന്റെ ഭാഗമായി ഒൻപതുപേരെയാണ് പുറത്തെത്തിച്ചത്. ഇതിൽ ഗുരുതര പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയതും ബാക്കിയുള്ളവർക്ക് തൽസമയം പ്രഥമശുശ്രൂക്ഷ നൽകിയതും മോക്ഡ്രില്ലിന്റെ ഭാഗമായി. 57 സിവിൽ ഡിഫൻസ് -ആപ്ത മിത്രസേനാംഗങ്ങളും 30 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് മോക്ഡ്രില്ലിൽ പങ്കാളിയായത്. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രറ്റ് എസ്. ശ്രീജിത്ത്്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡിവൈഎസ്പി കെ.ജി. അനീഷ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്്, അഗ്നിരക്ഷാസേന ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് രവീന്ദ്രൻ എന്നിവർ മോക്ഡ്രില്ലിനു നേതൃത്വം നൽകി.

പ്രാദേശികം

ഫല സമൃദ്ധി പദ്ധതി ഉദ്ഘാടനം : 9ന് തിടനാട്

ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനി സ്വാഗതം ആശംസിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കൃഷി ഓഫീസർ ജോ ജോസ് സി പദ്ധതി വിശദീകരണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഗീതാ നോബിൾ, ജോർജ് മാത്യു, കെ.സി ജയിംസ്, കെ.കെ ശശികുമാർ, രേഖാ ദാസ് , ബിജോയി ജോസ്, മറിയാമ്മ സണ്ണി, ജാൻസി സാബു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്,അഡ്വ.ശുഭേഷ് സുധാകരൻ, പി ആർ അനുപമ മറ്റ് ത്രിതല പഞ്ചായത്ത്‌ ജന പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,ഫലസമൃദ്ധി പ്രോജക്ട് ഭാരവാഹികളായ ജോർജ് ജോസഫ് വടക്കേച്ചിറയാത്ത്, ആന്റണി അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. ഫലവർഗ്ഗങ്ങളുടെ മൂല്യ വർദ്ധിത ഉല്‌പന്നങ്ങൾ എന്ന വിഷയത്തെ ആസ്‌പദമാക്കി കുമരകം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.ജയലക്ഷ്‌മി ജി. കാർഷിക സെമിനാർ നയിക്കും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ്റെ ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ ഫലസമ്യദ്ധി പദ്ധതിയിലൂടെ മുൻ സാമ്പത്തിക വർഷത്തിൽ 46 ഹെക്ടർ കൃഷിഭൂമിയിൽ പഴവർഗ്ഗ കൃഷികൾ നടത്തിയ 126 കർഷകർക്കായി ആകെ 13,80,000/-രൂപ സംസ്ഥാന കൃഷി വകുപ്പിൽ നിന്നും ഈ പദ്ധതി പ്രകാരം സബ്‌സിഡി നൽകി. തുടർന്നും നടപ്പ് സാമ്പത്തിക വർഷത്തിലും കൂടുതൽ കൃഷിക്കാരെ ഉൾപ്പെടുത്തി ഫലപദ്ധതി സമൃദ്ധി വിപുലീകരിച്ച് നടപ്പിലാക്കുമെന്ന് എം എൽ എ അറിയിച്ചു

ഇൻഡ്യ

രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര  സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം. 

കോട്ടയം

മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ മത്സരിക്കും

പാലാ: മെയ്‌ 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും.പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ് പി. മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്)റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി. ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ⁠ജോർജ് ജോസഫ് (മീനച്ചിൽ കോ-ഓപ്പറേറ്റീവ് ഹൗസ്സിങ് സൊസൈറ്റി)ക്ഷീര സംഘങ്ങളിൽ നിന്ന് ജോഷി മാത്യു (കടപ്ലാമറ്റം ക്ഷീര വ്യവസായ സഹ. സംഘം)പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിലെ ജീവന ക്കാരുടെ പ്രതിനിധിയായി കെ. സി. ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ പി.ജി (മുത്തോലി ഈസ്റ്റ്‌ സർവീസ് സഹ. ബാങ്ക്)ഇതരസംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി അംഗം ⁠റിനോജ് മാത്യു (മീനച്ചിൽ ഈസ്റ്റ്‌ അർബൻ സഹ. ബാങ്ക്)വനിതാ പ്രതിനിധിയായി ലാലി മൈക്കിൾ (കടനാട് അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം)പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെ പ്രതിനിധിയായി രാമൻ പി.വി (വലവൂർ അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം) എന്നിവർ മത്സരിക്കും.മെയ്‌ 16 നു പാലാ ളാലം സെന്റ്. ജോർജ് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി.

കേരളം

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം വളരെ നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കോട്ടയം

മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

കോട്ടയം: മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.  മഴ ശക്തമാകുന്ന ദിവസങ്ങളിൽ ജില്ലാ- താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും.  രണ്ടു ദിവസം തുടർച്ചയായി മഴ പെയ്യുന്ന വില്ലേജുകളിലെ പാറമടകളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവെപ്പിക്കും.  പൊതുസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങളും ശിഖരങ്ങളും നീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥലങ്ങളിൽ അപകടകരമായ മരങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും അതുറപ്പുവരുത്തുകയും ചെയ്യണം.  തദ്ദേശ എൻജിനീയറിങ് വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിച്ച് നീർച്ചാലുകളിലെ തടസ്സങ്ങൾ നീക്കും.  എല്ലാ സ്‌കൂളുകളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ-സ്വയംഭരണ എൻജിനീയറിങ് വിഭാഗം വിലയിരുത്തും. അറ്റകുറ്റപ്പണികൾ നടത്തി അധ്യയനം നടത്താൻ യോഗ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പിനാണ് ചുമതല.ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും നഗരസഭകൾക്ക് രണ്ടുലക്ഷം രൂപ വീതവും ദുരന്തപ്രതികരണ നിധിയിൽ നിന്നനുവദിക്കും.ക്യാമ്പുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. മഴക്കാല രോഗങ്ങൾക്കുള്ള മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ടെന്നുറപ്പാക്കും. പക്ഷികൾക്കും മൃഗങ്ങൾക്കും മഴക്കാലത്ത് ഉണ്ടാകാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാതല പദ്ധതി തയാറാക്കും. മരുന്നുകളും ഉറപ്പാക്കും.  മുഴുവൻ പാലങ്ങളുടെയും ബലം പരിശോധിച്ച് മഴക്കാലത്ത് വാഹന ഗതാഗതം നിരോധിക്കേണ്ടതുണ്ടോ എന്ന്  പരിശോധിക്കും.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ  താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലേക്ക് നൽകിയ ടി.വി., മൊബൈൽ ഫോൺ എന്നിവ തഹസീൽദാർമാർക്ക്  ജില്ലാ കളക്ടർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ എന്നിവർ പങ്കെടുത്തു.   

കോട്ടയം

ഹൈസ്കൂൾ വിദ്യാർഥികൾക്കായി എസ്.ഐ.ഒ ജില്ലാ ടീൻസ് മീറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടീൻസ് മീറ്റ് സംഘടിപ്പിച്ചു. 'തഅമ്മുൽ: പ്രതീക്ഷയുടെ പ്രഭാതങ്ങൾ വിദൂരമല്ല' എന്ന അവധിക്കാല ക്യാമ്പയിനോടനുബന്ധിച്ചാണ്  ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സജീദ് പി.എം. ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളും ഇലവീഴാപൂഞ്ചിറയിലേക്ക് ട്രക്കിംഗും സംഘടിപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി ആരിഫ് അൻസാരി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ്, ടീൻസ് മീറ്റ് ജില്ലാ കോഡിനേറ്റർ മുഖ്താർ നജീബ് എന്നിവർ സംസാരിച്ചു.  

ഇൻഡ്യ

തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. വൈകാതെ ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. ഇന്ത്യൻ സേന അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്.‘ഓപ്പറേഷന്‍ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും.