പാലാ :മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ.വൃത്തിഹീനമെന്ന് പൊതുസമൂഹം കരുതിയിരുന്ന ജയിലുകൾ കയറി കണ്ടപ്പോൾ വാർഡ് മെമ്പറും ,പാലാ നഗരസഭാ മുൻ ചെയർപേഴ്‌സനുമായ ബിജി ജോജോയ്ക്കും ,വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനും അതിശയം.ഇത്രയും വൃത്തിയും പരിസര ശുചീകരണവുമുള്ള ജയിൽ കാണുന്നത് തന്നെ ആദ്യം.
പാലാ സബ്ബ് ജയിലിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസ് ഉദ്‌ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു കൗൺസിലർമാരായ ബിജി ജോജോയും ,സാവിയോ കാവുകാട്ടും.തുടർന്ന് പരിസരമെല്ലാം ചുറ്റി നടന്നു കണ്ടപ്പോഴാണ് ജയിലിലെ മാലിന്യങ്ങൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് വാർത്ത വന്നതിന്റെ അർത്ഥ ശൂന്യത കൗണ്സിലര്മാര്ക്ക് നേരിൽ ബോധ്യപ്പെട്ടത്.
ജയിൽ കോംബൗണ്ടിൽ പെയ്യുന്ന മഴവെള്ളമെല്ലാം നിർഗമനത്തിനായി വൃത്തിയുള്ള ഓടകൾ സ്ഥാപിച്ചിരിക്കുന്നു.തടസ്സമേതുമില്ലാതെ മഴവെള്ളം ഒഴുകി പോകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.എന്നാൽ ജയിലിനു പുറത്തെത്തുന്ന മഴവെള്ളം പുറത്തുള്ള ഓടകൾ അടഞ്ഞതുമൂലം ഒഴുകി പോകുവാൻ മാർഗമില്ലാതെ റോഡിലേക്ക് ഒഴുകുന്നുണ്ട്.ഇതിനു ഉടൻ തന്നെ പരിഹാരമുണ്ടാക്കുമെന്ന് കൗൺസിലേഴ്‌സ് ഉറപ്പു നൽകി. കൂടാതെ ജയിൽ വളപ്പിനുള്ളിൽ നിന്നും സെപ്റ്റിക് ടാങ്കിനായി പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച് മലിന ജലം സംഭരിക്കാനും ടാങ്കുകൾ പണിതത് കൗൺസിലർമാരെ ജയിൽ സൂപ്രണ്ട് ഷാജിസാർ കാണിച്ചു കൊടുത്തു.പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച് ജയിലിലെ അന്തേവാസികളെയും സഹകരിപ്പിച്ച് ജയിൽ വളപ്പിൽ തന്നെയുള്ള കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിച്ച് സൈഡുകൾ കെട്ടി ബലവത്താക്കുകയും ചെയ്തിട്ടുണ്ട്.
അവിടെ മാലിന്യ സംസ്‌ക്കരണ കുഴികൾ കരിങ്കൽ പാകി മനോഹരമാക്കിയിരിക്കുന്നു.ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണ് സംഭരിക്കുന്നത്.ഉടനെ മേലധികാരികളെ അറിയിച്ചു അവരുടെ അനുവാദത്തോടെ തന്നെ ഇവിടെ കൃഷിചെയ്യാൻ ഒരുക്കത്തിലാണ് ഷാജിസാർ.കൂടാതെ മൂന്ന് കോടി രൂപാ മുടക്കി പുതിയ കെട്ടിടം വരുമ്പോൾ തടവുകാർ ഉണ്ടാക്കുന്ന ചപ്പാത്തിയും ,കറികളും ജനങ്ങൾക്കും ആദായ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.അതിനായി മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിന്റെ ഭാഗത്തുള്ള ജയിലിന്റെ മൂന്നര സെന്റ് സ്ഥലം ഉപയോഗിക്കുന്നതാണ്.അതുകൊണ്ടു തന്നെ ആഭാഗം വൃത്തിയുള്ളതും ,സജീവമായി തീരുകയും ചെയ്യുമെന്ന് ഷാജിസാർ,കൗൺസിലർമാരോടൊപ്പം പറഞ്ഞു.