വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം : പി സി ജോർജ്

കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചിലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചിലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സ്വർണ്ണ കള്ളക്കടത്ത് കേസിലും,വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിലും എൻഫോഴ്‌സ് ഡയറക്ടറേറ്റ്(ഇ.ഡി) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണ്ണകള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴ കേസിലും ശിവശങ്കർ ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തം വെളിവായിട്ടുള്ളത്. ആ മൊഴിയിൽ യു.എ.ഇ-യിൽ നിന്നുള്ള സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽ നയതന്ത്ര പാഴ്സൽ എന്ന നിലയിൽ എത്തിയ 30 കിലോഗ്രാം സ്വർണം ശിവശങ്കർ തന്നെ നേരിട്ട് ഇടപെട്ടാണ് കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 29 തവണ സ്വർണ്ണകള്ളക്കടത്ത് ഇടപാട് നടത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളത്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കാളിത്തം സ്വപ്ന ഉറപ്പിച്ചു പറയുന്നുണ്ട്. ശിവശങ്കർ അറസ്റ്റിലായതോടു കൂടി മുഖ്യമന്ത്രിയും ഇ.ഡി-യുടെ കസ്റ്റഡിയിൽ ആകാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. ഈ അപമാന ഭാരം കൂടി കേരള ജനതയ്ക്ക് നൽകാതെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

കോട്ടയം

പാസ്പോർട്ട് സേവാകേന്ദ്രം പാലായിൽ ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം നിർത്തലാക്കിയ പശ്ചാത്തലത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പാലായിൽ പാസ്പോർട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ എന്നിവർക്കു നിവേദനം നൽകിയിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാൽ കോട്ടയം പാർലെമെൻ്റ് നിയോജക മണ്ഡലത്തിൽ ഒരു പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു. പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമൺ,മൂലമറ്റം,തൊടുപുഴ, മേഖലയിൽ ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളിൽ ഉള്ളവർക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പിറവം ഇലഞ്ഞി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

കോട്ടയം

കോട്ടയത്ത് മനോരോഗി പോലീസിനെ ആക്രമിച്ചു,വനിതാ പോലീസിനെയും ആക്രമിച്ചു

കോട്ടയം :കോട്ടയം ടൗണിൽ മനോരോഗി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ആക്രമാസക്തനായ മനോരോഗിയെ തടയാൻ ശ്രമിച്ച പോലീസുകാർക്കും മർദ്ദനമേറ്റു .മനോരമയ്ക്ക് സമീപം പൊലീസുകാരന്റെ ബൈക്ക് അക്രമി ചവിട്ടിമറിച്ചിടുന്നത് കണ്ടാണ് വനിതാ പൊലീസ് എത്തിയത്. തുടർന്ന് ഇയാൾ വനിതാ പൊലീസിനേയും അക്രമിക്കുകയായിരുന്നു. പിങ്ക് പൊലീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാർ അടക്കമുള്ളവരെ ഇയാൾ മർദ്ദിച്ചു. ചന്തക്കവലയിൽവെച്ച് ട്രാഫിക്ക് പൊലീസും വെസ്റ്റ് പെലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. പിടിയിലായത് കുമാരനെല്ലൂർ സ്വദേശിയായ മാനസികരോ​ഗിയാണ്. ഇയാൾ കുറച്ചുനാളായി ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയും, പല സ്ഥലങ്ങളിലും അക്രമങ്ങൾ കാണിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മാനസികരോ​ഗി ആയതിനാൽ പൊലീസ് കർശന നടപടി എടുത്തിരുന്നില്ല. ഇയാളുടെ കുമാരനെല്ലൂരിലുള്ള ബന്ധുക്കളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ തിരുവനന്തപുരത്തെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പൊലീസ് ആലോചിക്കുന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ട്രാഫിക്ക് എസ് എച്ച് ഒ അടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

പ്രാദേശികം

ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർ നിർമാണം. ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു

കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനരുദ്ധാരണം ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു. ഒറ്റയിട്ടിക്ക് സമീപം ഇഞ്ചപാറയിൽ നിന്നും തീക്കോയിക്കാണ് ടാറിങ് പ്രവർത്തി ആരംഭിച്ചത്. രണ്ടു ഘട്ടമായിട്ടാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. ഒന്നാം ഘട്ടം ബിഎം ടാറിങ് മാർച്ച് ആദ്യവാരം പൂർത്തീകരിക്കും. തുടർന്ന് ഓടകൾ, സംരക്ഷണഭിത്തികൾ,സൈഡ് കോൺക്രീറ്റിംഗ് തുടങ്ങി അനുബന്ധ പ്രവൃത്തികളും കൂടാതെ രണ്ടാംഘട്ട ബിസി ടാറിങ്ങും ഉൾപ്പെടെ മുഴുവൻ പ്രവർത്തികളും ഏപ്രിൽ മാസത്തോടുകൂടി പൂർത്തീകരിച്ച് റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. .റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിനായി 2021ലാണ് സർക്കാർ 19.90 കോടി രൂപയാണ് അനുവദിച്ചത് . എന്നാൽ കരാർ ഏറ്റുടെത്ത മൂവാറ്റുപുഴ ഡീൻ കോൺസ്ട്രക്ഷൻ നിർമാണത്തിൽ വൻ വീഴ്ച്ച വരുത്തുകയായിരുന്നു.പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീ ടെണ്ടറൂം ചെയ്യുകയുമായിരുന്നു. പഴയ കരരുകാരന്റെ ലൈസൻസും പൊതുമരാമത്ത് വകുപ്പ് റദാക്കി.നിരവധി വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന ഈ റോഡ് പത്ത് വർഷത്തോളമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. 2022 ഡിസംബർ മാസം ടെർമിനേറ്റ് ചെയ്ത പ്രവൃത്തി 2023 ജനുവരി 21 ന് തന്നെ പുനരാരംഭിച്ചു. ജനുവരി 2 ന് പുതിയ ടെണ്ടർ വിളിക്കുകയും 16 ന് ടെണ്ടർ ഓപ്പൺ ചെയ്യുകയുചെയ്തു . ജനുവരി 21ന് കരാർ ഒപ്പ് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

കോട്ടയം

കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

പൂഞ്ഞാർ: കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. അരിയും, പലചരക്ക് സാധനങ്ങളും കാർഷിക ഉത്പന്നങ്ങളുമാണ് നൽകിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അംഗങ്ങളുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്. ഒരോ വാർഡുകളിലും സാധനങ്ങൾ എത്തിയ്ക്കുന്നതിന് കളക്ഷൻ പോയിന്റുകളും ഉണ്ടായിരുന്നു. ആദ്യമായി ആണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സഹായം എത്തുന്നത്. മെഡിക്കൽ കോളേജിൽ ഉള്ള രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നവജീവൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദിവസവും ഭക്ഷണവും കൊടുക്കുന്നത് കൂടാതെ അദേഹത്തിൻ്റെ സ്ഥാപനത്തിൽ ആരോരുമില്ലാത്ത നൂറ് കണക്കിന് രോഗികളെ പരിചരിക്കുന്നുമുണ്ട്. മാനുഷിക മൂല്യങ്ങൾക്കും അനാഥർക്കും പാവപ്പെട്ട രോഗികൾക്കും നിരാലംബർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങളാണ് നവജീവനിലൂടെ തോമസ് ചേട്ടൻ ഈ ആളുകൾക്ക് ഭക്ഷണവും പാർപ്പിടവും സുരക്ഷയും ചികിത്സയും വാഗ്ദാനം ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകഴിഞ്ഞ് ഒരു പ്രത്യേക മതത്തിലും ജാതിയിലും ഒതുങ്ങാത്ത അസാധാരണമായ കാഴ്ചപ്പാടും ദൗത്യവുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പി.യു.തോമസ് സേവനം ചെയ്യുന്നത്. ശേഖരിച്ച സാധനങ്ങൾ പഞ്ചായത്തിൽ എത്തിച്ച് മൂന്ന് വാഹനങ്ങളിലായി നവജീവൻ ട്രസ്റ്റിൽ എത്തിച്ചു നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി  മെമ്പർമാർ അനിൽ കുമാർ , റോജി തോമസ്, സി.കെ കുട്ടപ്പൻ, നിഷ സാനു, ബീനാ മധുമോൻ, മിനിമോൾ ബിജു, സജി സിബി, ആനിയമ്മ സണ്ണി, പി.ജി ജനാർദ്ദനൻ, മേരി തോമസ് , രാജമ്മ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.  

ലോകം

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 41000 ആയി

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം നടന്ന് 9 ദിവസം പിന്നിടുമ്പോള്‍ മരണം 41000 ആയതായി റിപ്പോര്‍ട്ട്. മരണസംഖ്യ അന്‍പതിനായിരം പിന്നിടുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ നിഗമനം.തുര്‍ക്കിയില്‍ 35418 പേരും സിറിയയില്‍ 5800 പേരുമാണ് മരണപ്പെട്ടത്. 105000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 13000ത്തിലേറെ പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടിടത്തും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരു രാജ്യങ്ങളിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ പതിനായിരത്തിലേറെ കെട്ടിടങ്ങളാണ് തകര്‍ന്നത്.നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എല്‍ദോഗാന്‍ പറഞ്ഞു.

പ്രവാസം

ദുബൈയിൽ ഫുഡ് ഡെലിവറിക്കായി ഇനി മുതൽ റോബോട്ടുകളും

ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ​ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി , തലബാത്ത് യുഎഇ എന്നിവയുമായി സഹകരിച്ചാണ് ഫുഡ് ഡെലിവറി റോബോട്ടുകൾ ഒരുക്കിയത്. സിലിക്കോൺ ഒയാസിസിലെ സെദാർ വില്ലാസിലാണ് പരീക്ഷണ ഘട്ടമായി ഈ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണത്തിനായി ഓർഡർ ലഭിച്ചാലുടൻ സെദാർ ഷോപ്പിംഗ് സെന്ററിലെ ലോഞ്ച് പോയിന്റിൽ നിന്ന് ഭക്ഷണവുമായി റോബോട്ടുകൾ യാത്ര തിരിക്കും. തലബോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടുകൾ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് സേവനം നടത്തുക . പതിനഞ്ചു മിനിട്ടിനകം ഭക്ഷണം അതാത് ഇടത്തെത്തിക്കും. ട്രാഫിക്കോ മറ്റു തടസങ്ങളോ ഇത്തരം റോബോട്ടുകൾക്കില്ല ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ ദുബൈ നഗരത്തിലെ താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം നൽകുന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. ഫുഡ് ഡെലിവറി രംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും നൽകുന്നതാണ് ഈ പദ്ധതിയെന്നു ദുബൈ സിലിക്കോൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോക്ടർ ജുമാ അൽ മത്രൂഷിയും ആർ ടി എ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ അഹമ്മദ് ബഹ്‌റോസിയാനും പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന താളബോട്ട്സ് റോബോട്ടുകൾ വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കുന്നു. വൈകാതെ ദുബൈയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇത്തരം റോബോട്ടുകൾ എത്തും. ഡ്രൈവറില്ലാ വാഹനങ്ങളും സെല്ഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ദുബൈ ആർ ടി എ ആവിഷ്കരിച്ചു വരുന്നത്.

കേരളം

യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി

ആലുവ: യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു സംഭവം.സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ ക്യാമറമാനും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.