വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

ഹയർ സെക്കന്ററിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം

ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. സെപ്റ്റംബർ 28നു  രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലാണ് ചടങ്ങ്. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും. പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

ഇൻഡ്യ

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതം: സീതാറാം യെച്ചൂരി

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിവാർ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ്. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ വർഗീയഭരണം അവസാനിപ്പിക്കുകയെന്നത് രാജ്യസ്നേഹികളായ എല്ലാവരും ഒരേ മനസോടെ ഏറ്റെടുക്കേണ്ട കടമയെന്നും യെച്ചൂരി പറഞ്ഞു.(sitaram yechury against bjp) ബി.ജെ.പി. ഭരണത്തിൽ കോർപറേറ്റുകൾ മാത്രമാണ് കൊഴുക്കുന്നത്. നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ദുരിതങ്ങളിൽ സാധാരണക്കാർ നട്ടംതിരിയുകയാണ്. ജനകീയ പ്രശ്നങ്ങൾക്കൊന്നും സർക്കാരിന് പരിഹാരമില്ല.  

കേരളം

പിണറായി അമേരിക്കയിൽ പോയിട്ട് അവിടെ പത്ത് മിനിട്ട് മാത്രമേ നിന്നുള്ളു;ബാക്കി അറേബ്യൻ രാജ്യങ്ങളിൽ: പി സി ജോർജ്

പിണറായി അമേരിക്കയിൽ പോയിട്ട് അവിടെ പത്ത് മിനിട്ട് മാത്രമേ നിന്നുള്ളു;ബാക്കി അറേബ്യൻ രാജ്യങ്ങളിൽ ആയിരുന്നെന്ന്  പി സി ജോർജ് അഭിപ്രായപ്പെട്ടു. റിയാസിനെതിരെ എന്‍ഐഎ അന്വേഷണമുണ്ടെന്നും അതിൽ പിണറായി വിജയന്‍ അകത്തുപോകുമെന്നും പി സി ജോര്‍ജ് ‘ഷെകെയ്‌ന’ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ആരോപിച്ചു.മുൻ മന്ത്രിയായ കെ ടി ജലീല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആളാണ്. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എന്‍ഐഎയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എല്ലാവിധ വളവും വെച്ചുകൊടുക്കുന്ന ആള്‍ പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രി റിയാസിന് മകളെ കെട്ടിച്ചു കൊടുത്തില്ലേ. പിണറായി വിജയന്‍ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.കോഴിക്കോട് വച്ചുനടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രസംഗിച്ച അഫ്‌സല്‍ ഖാസിമിയെ അന്നു തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നതിനാലാണ് അതുണ്ടാകാത്തതെന്നും ജോര്‍ജ് ആരോപിച്ചു. സംസ്ഥാനത്താകെ എസ്ഡിപിഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. മുഹമ്മദ് റിയാസും കെ ടി ജലീലുമാണ് ഇതിന്റെ നേതാക്കളെന്നും പി സി ജോര്‍ജ് ആരോപിച്ചു.ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി അമേരിക്കയില്‍ ചികിത്സിക്കാന്‍ പോയതാണ് എന്നാണ് പറയുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നില്ല. ആശുപത്രിയില്‍ പോയിട്ട് പത്തുമിനുട്ട് നിന്നു. അതുകഴിഞ്ഞ് എട്ടുദിവസം യുഎഇ ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ ആയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ നടത്തി. ഇതൊക്കെ പോപ്പുലര്‍ ഫ്രണ്ടുമായും മുസ്ലീം സംഘടനകളുമായുള്ള അവിഹിതങ്ങളാണെന്നും’, പി സി ജോര്‍ജ് പറഞ്ഞു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നദീ ദിനാചരണം.

അരുവിത്തുറ: ലോക നദീ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കാലാവസ്ഥാ വ്യതിയാനം ജല മേഖലയിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . സെമിനാറിന്റെ ഉദ്ഘാടനം തൃശൂർ നദീ ഗവേഷണ കേന്ദ്രം ഡയറക്ടറും കേരള നദീസംരക്ഷണസമതി സംസ്ഥാന പ്രസിഡന്റുമായ എസ്സ്.പി രവി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം പ്രകൃതിയുടെ നിലനിൽപിനെ  ഗുരുതരമായി ബാധിച്ചു കഴിഞ്ഞു പരിസ്ഥിക്കനുകൂലമായ തിരുത്തലുകളിലേക്ക് സമൂഹത്തെ നയിക്കാൻ പുതു തലമുറക്കാവണമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് മനേജർ വെരി.റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , മീനച്ചിൽ നദീസംരക്ഷണസമതി പ്രസിഡന്റ് ഡോ എസ്സ് രാമചന്ദ്രൻ , ഐക്യൂ ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ മിഥുൻ ജോൺ , ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനു ശേഷം മീനച്ചിലാറിലെ കോളേജ് കടവിൽ നദീവന്ദനം പരിപാടിയും സംഘടിപ്പിച്ചു.

കേരളം

അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. മരട് പൊലീസ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിർമാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെടും. രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങൾ നടൻ ഉന്നയിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.

മരണം

പ്രമുഖ പണ്ഡിതൻ യുസുഫ് അല്‍ഖറദാവി അന്തരിച്ചു

ദോഹ: ഇന്റര്‍നാഷണല്‍ യുനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ യുസുഫ് അല്‍ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു. 1926 സെപ്റ്റംബര്‍ ഒമ്പതിന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തിലാണ് യൂസുഫ് അബ്ദുല്ല അല്‍ ഖറദാവിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടി ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന അദ്ദേഹം  1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്."

കേരളം

പള്ളി നിർമാണത്തിൽ അഴിമതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്ന് പേർ അറസ്റ്റിൽ. മട്ടന്നൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷൻ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചു. അബ്ദുൾ റഹ്മാൻ കല്ലായിക്കൊപ്പം കോൺഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരെയായിരുന്നു പരാതി. വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ പരാതി. 3 കോടി ചെലവായ നിർമ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചിരുന്ന പ്രതികൾ മൂന്നു പേരും മട്ടന്നൂർ സിഐ എം.കൃഷ്ണന് മുമ്പാകെയാണ് രാവിലെ ഹാജരായത്. ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി.ശമീറാണ് പരാതിക്കാരൻ.  എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുൾ റഹ്മാൻ കല്ലായി അടക്കമുള്ളവർ പറയുന്നത്. നേരത്തെ തന്നെ കണക്കുകൾ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കിയതാണെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും പ്രതികൾ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ചോദ്യം ചെയ്ത് ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്. അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ജനറൽ

കപ്പ മത്തി പുഴുക്ക് ഇഷ്ടമുള്ളവര്‍ ഇതിലേ…

കപ്പ കൊണ്ടുള്ള പുഴുക്ക് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. മഴക്കാല സന്ധ്യകളെ മനോഹരമാക്കുന്നതില്‍ മികച്ച കപ്പ പുഴുക്കില്‍ ഇത്തിരി മത്തി കൂടിയായലോ. കപ്പയും മത്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്. തയ്യാറാക്കുന്ന വിധം ആദ്യം കപ്പ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ചു മാറ്റിവെക്കണം. തുടര്‍ന്ന് മത്തിയില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, തക്കാളി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചെടുക്കണം. ചൂടാറുമ്പോള്‍ മത്തിയുടെ മുള്ള് പതിയെ കുടഞ്ഞ് മാറ്റണം. തേങ്ങയില്‍ പച്ചമുളക്, ഉള്ളി, വെളുത്തുള്ളി ഇവ ചേര്‍ത്ത് അരച്ചുവെക്കുക (അധികം അരയരുത്) വേവിച്ചു വെച്ച കപ്പയില്‍ മത്തിയുടെ കൂട്ട്, തേങ്ങ അരച്ചത് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് ചെറുതീയില്‍ വെക്കുക. ഇത് വെന്തിറങ്ങുമ്പോള്‍ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് അടച്ചു വെക്കണം. രുചിയേറിയ നാടന്‍ കപ്പ മത്തി പുഴുക്ക് തയ്യാര്‍.