വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലെ പുതിയ ട്രാഫിക് പരിഷ്കരണം 12 മുതൽ നടപ്പാകും

ഈരാറ്റുപേട്ട: നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്‌നത്തിന് പരിഹാരമായി പുതിയ പരിഷ്‌കാരം 12-ാം തീയതി മുതൽ നിലവിൽ വരും. നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലുളളവരിൽ നിന്നുമായി നിരന്തരമായി പരാതികൾ ഉയരുന്നതാണ്. പലതവണ നടപടികളെടുത്തിട്ടും പ്രശ്‌നം ശാശ്വാതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടേയും നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും സംയുക്തയോഗവും 25 ന് ചേർന്ന സ്‌പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതുമായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെപ്പറയുന്ന ട്രാഫിക് പരിഷ്‌കരണ തീരുമാനങ്ങൾ സെപ്റ്റംബർ 12 രാവിലെ 10.00 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു.പുതിയ പരിഷ്‌കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. പുതിയ ട്രാഫിക് പരിഷ്‌കരണം വിജയകരമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പരിഷ്‌കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടീസുകൾ നാളെ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും. നിരീക്ഷണത്തിന് ആവശ്യമായ നാല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കുന്നതാണ്. ഈ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്ച തന്നെ സ്ഥാപിക്കുന്നതാണ്. നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.  പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ  1.⁠ ⁠മാർക്കറ്റ് റോഡ് വിൻമാർട്ട് ജംഗ്ഷനിൽ നിന്നും കുരിക്കൾ നഗർ ഭാഗത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.  2.⁠ ⁠വിൻമാർട്ട് റോഡിലെ പാർക്കിംഗ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.  3.⁠ ⁠തെക്കേക്കര കോസ് വേയിൽ നിന്നും ടൗണിലേയ്ക്കും, പൂഞ്ഞാർ, തീക്കോയി ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റി മാർക്കറ്റ് ഭാഗത്തേയ്ക്കും, െ്രെപവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തേക്കും പോകേണ്ടതാണ്.  4.⁠ ⁠തെക്കേക്കര കോസ് വേയിൽ കുരിക്കൾ നഗറിൽ നിന്നും മുഹയുദ്ദീൻ പള്ളി ജംഗ്ഷൻ വരെ ടൂവീലർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ച്, വൺവേ ഏർപ്പെടുത്തുന്നതിനും മഞ്ചാടിതുരുത്ത് പൊതുപാർക്കിംഗ് ആയി മാറ്റുന്നതിനും തീരുമാനിച്ചു.   5.⁠ ⁠കാഞ്ഞിരപ്പളളി, തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കുരിക്കൾ നഗർ സ്‌റ്റോപ്പിൽ ആളെ കയറ്റുകയോ, ഇറക്കുകയോ ചെയ്യാൻ പാടില്ല. പാലാ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ മാത്രം ആളുകളെ ഇറക്കുന്നതിനായി കുരിക്കൾ നഗർ ബസ് സ്‌റ്റോപ്പ് ഉപയോഗിക്കുക, ഈ സ്‌റ്റോപ്പിൽ നിന്നും ഒരു ബസ്സുകളും യാത്രക്കാരെ കയറ്റുവാൻ പാടില്ല. ഇത് കെ.എസ്.ആർ.റ്റി.സി. ഉൾപ്പെടെയുള്ള മുഴുവൻ ബസ്സുകൾക്കും ബാധകമാണ്.   6.⁠ ⁠മാർക്കറ്റ് റോഡ് ഉൾപ്പെടെ മുഴുവൻ റോഡുകളിലും ഫുട്ട്പാത്തിലേക്കും റോഡിലേക്കും സാധനങ്ങൾ ഇറക്കിവച്ച് കച്ചവടം ചെയ്യാൻ പാടില്ലാത്തതും, ഗ്രില്ലിട്ടടച്ച്, പാസ്സേജ്, സ്‌റ്റെപ്പ് ഉപയോഗിക്കുന്നവർ അടിയന്തിരമായി ഇവ ഒഴിവാക്കേണ്ടതുമാണ്.  7.⁠ ⁠കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ അരുവിത്തുറപള്ളി, സിറ്റി സെന്റർ (പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന) ഭാഗത്തും, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിലെ താഴത്തെ സ്‌റ്റോപ്പിൽ (പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന) ഭാഗത്തും മാത്രം ആളെ കയറ്റി ഇറക്കുക. ബസ് പാർക്കിംഗ് ബസ് സ്റ്റാന്റിൽ മാത്രം അനുവദിച്ചിട്ടുള്ളതാണ്. പാലാ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ വടക്കേക്കര സ്‌റ്റോപ്പിൽ ആളെ കയറ്റി ഇറക്കേണ്ടതുമാണ്. മുഴുവൻ യാത്രക്കാരും യാത്രക്കായി ബസ് സ്റ്റാന്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.  8.⁠ ⁠അനുവദിച്ചിരിക്കുന്ന ഓട്ടോ സ്റ്റാന്റുകളിൽ സ്റ്റാന്റ് പെർമിറ്റ് എടുത്ത് ഓട്ടോകൾ പാർക്ക് ചെയ്യേണ്ടതും, ഒരു സ്റ്റാന്റിലെ ഓട്ടോകൾ മറ്റ് സ്റ്റാന്റുകളിൽ മാറി പർക്ക് ചെയ്യുവാൻ പാടില്ലാത്തതും, സെൻട്രൽ ജംഗ്ഷൻ, കുരിക്കൾ നഗർ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലെ ഓട്ടോ കറക്കവും ആളെ കയറ്റലും ഇറക്കലും പൂർണ്ണമായും നിരോധിച്ചിട്ടുളളതുമാണ്.  9.⁠ ⁠വാഹനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ സ്ഥാപിച്ച പാർക്കിംഗ്, നോ പാർക്കിംഗ്, നോ എൻട്രി, ബസ് സ്‌റ്റോപ്പ് ഉൾപ്പെടെയുള്ള ബോർഡുകളിലെ നിർദേശങ്ങളും മറ്റ്ട്രാഫിക് നിബന്ധനകളും മുഴുവൻ ആളുകളും കൃത്യമായും പാലിക്കേണ്ടതും, ലംഘിക്കുന്നവർക്കെതിരെ ഫൈൻ ഉൾപ്പെടെയുളള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.  10.⁠ ⁠മെയിൻ റോഡിൽ ഇരു പാലങ്ങൾക്കുമിടയിൽ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെയും മാർക്കറ്റ് റോഡിലും രാവിലെ 8.00 മണി മുതൽ 11 .00 മണി വരെയും വൈകുന്നേരം 3.00 മണി മുതൽ 5.00 മണിവരെയും ഹെവി വാഹനങ്ങളിൽ ചരക്ക് കയറ്റി ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു. ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി, കോട്ടയം ആർ.റ്റി.ഒ., നഗരസഭാ ചെയർപേഴ്‌സൺ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര, തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂട്ടായി എടുത്ത തീരുമാനം പാലിക്കുവാൻ പൊതുജനങ്ങളും, യാത്രക്കാരും, ടൂറിസ്റ്റുകളും, വ്യാപാരികളും, തൊഴിലാളികളും, ബസ് ഉൾപ്പെടെയുളള വാഹന ഉടമകളും സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ 12 മുതൽ 27 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാര നടപടികൾ നടപ്പാക്കുകയെന്നും ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ പുനഃപരിശോധനയ്ക്ക് വിധേയമായി ആവശ്യമായ മാറ്റങ്ങൾ വരുത്തി 28 ാം തീയതി മുതൽ തുടർന്ന് പോകുന്നതുമായിരിക്കും.  

കോട്ടയം

മെഡിക്കൽ ക്യാമ്പ് നടത്തി.

പാലാ : നാഷണൽ ആയുഷ് മിഷൻ്റെയും കേരള സർക്കാർ ആയുഷ് വകുപ്പിൻ്റെയും ഭാഗമായി പാലാ ഹോമിയോ ആശുപത്രിയും സഫലം 55 പ്ലസ്സും പാലാ നഗരസഭയും സംയുക്തമായി കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ജെറിയാട്രിക് മെഡിക്കൽ ക്യാമ്പും നടത്തി. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.സഫലം പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഡോ.സാജൻ ചെറിയാൻ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു,ബിജി ജോജോ, ആനി ബിജോയ്,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ,ഡോ.അശ്വതി ബി നായർ,ഡോ.കാർത്തിക വിജയ കുമാർ,മഞ്ജുഷ വിജയൻ,എമിലിൻ അജു എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനക്ക് ശേഷം ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.

കേരളം

ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.  

മരണം

പൂഞ്ഞാർ പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി

 പൂഞ്ഞാർ പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ...ജോo, റോസ്‌മി, ട്രീസ, ടോം  മരുമക്കൾ... സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പ്രസ് ക്ലബ്ബ് രൂപീകരിക്കുന്നു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രസ് ക്ലബ്ബ് രൂപീകരിക്കുവാൻ ഈരാറ്റുപേട്ടയിലെ -പ്രിൻ്റ്-ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.  നടയ്ക്കൽ ബറക്കാത്ത് മഹൽ മിനി ഓഡിറ്റോറിയത്തിൽ ഇ-ന്യൂസ് ചെയർമാൻ വി.എം. സി റാജ് അധ്യക്ഷത വഹിച്ചു.  നഗരസഭാ ഓഫീസിനു സമീപം പ്രസ് ക്ലബ്ബിന് വേണ്ടി മുറിവാടകയ്ക്ക് എടുത്ത് നവംമ്പർ 1 ന് ഉദ്ഘാടനം വ്യാപാരഭവനിൽ ചേരുന്ന പരിപാടിയിൽ നടത്തുവാൻ തീരുമാനിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പ്രാദേശിക സപ്ലിമെൻ്റ് പ്രസിദ്ധീകരിക്കും. വി.എം. സിറാജിനെ രക്ഷാധികാരിയായി തിരഞ്ഞടുത്തു. താഴെ പറയുന്ന വരെ താൽക്കാലിക ഭാരവാഹികളായി തിരഞ്ഞടുത്തു.  പി.എ.എം. ഷെരീഫ് (ചെയർമാൻ), ഹസീബ് വെളിയത്ത്, എ.കെ. നാസർ, കെ.എ. സാജിദ് (വൈസ് ചെയർമാൻമാർ), ഡാനീഷ് (സെക്രട്ടറി), റസൽ ഷെരീഫ്, പി.എ. ഷമീർ, കെ.പി. മുജീബ് (ജോ. സെക്രട്ടറിമാർ), പ്രിൻസ് തീക്കോയി ( ട്രഷറർ).  സപ്ലിമെൻ്റ് കമ്മിറ്റി കൺവീനായി കെ.എ. സാജിദിനെയും ജോ കൺവീനായി ഹസീബ് വെളിയത്തിനെയും യോഗം തിരഞ്ഞടുത്തു.    

പ്രാദേശികം

"തൊഴിലിട ധാർമ്മികത" അരുവിത്തുറ കോളേജിൽ സെമിനാർ.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ തൊഴിലിട ധാർമ്മികത ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൻ്റെയും ഇക്കണോമിക്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം മണിമലക്കുന്ന് റ്റി എം ജേക്കബ്ബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ടോജോ ജോസ് ഉദ്ഘാടനം ചെയ്തു. അത്യന്തിക വിജയത്തിന് ധാർമ്മികത അനിവാര്യമാണ്. തൊഴിലിടങ്ങളിലും വാണിജ്യ രംഗങ്ങളിലുമെല്ലാം ധാർമ്മികത കൈവിട്ട് ലാഭത്തിനു പിന്നാലെ പായുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണെന്ന് കാലംതെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്  ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോർജ് അദ്ധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനെ തുടർന്ന നടന്ന സിവിൽ സർവീസ് ഓറിയൻ്റെഷൻ പ്രോഗ്രാമിന് എംജി യൂണിവേഴ്സിറ്റി സിവിൽ സർവീസ്  ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി നിഥിൻ ജോസ് നേതൃത്വം നൽകി.  

പ്രാദേശികം

സിജി വിമൻ കളക്ടീവ് ഈരാറ്റുപേട്ട യൂണിറ്റിന് തുടക്കമായി

ഈരാറ്റുപേട്ട: സെൻറർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ ( സിജി) യുടെ വനിതാ വിഭാഗമായ  സിജി വിമൻ കളക്ടീവ്  ഈരാരാറ്റുപേട്ട യൂണിറ്റ് രൂപികരിച്ചു. വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് , നൈപുണ്യവികസന, സ്ത്രീ ശാക്തികരണ മേഖലയിൽ സിജി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ സിജി വിമൻ കളക്ടീവ് ഈരാററുപേട്ട യൂണിറ്റ് ഏറ്റെടുത്ത് നടപ്പാക്കും. സിജി ക്ലസ്റ്റർ ടു ചെയർമാൻ പ്രൊഫസർ, എ.എം. റഷീദ് ഉൽഘാടനം ചെയ്തു.  ജില്ലാ കോർഡിനേറ്റർ.പി.പി.എം. നൗഷാദ്, അമീൻ മുഹമ്മദ് (ജില്ലാ എച്ച് ആർ കോഓർഡിനേറ്റർ ) , മാഹിൻ എ കരിം ( സിജി യൂണിറ്റ് പ്രസിഡൻറ്) എന്നിവർ സംസാരിച്ചു. വിമൻകളക്ടീവ് യുണിറ്റ് ഭാരവാഹികൾ സുമിനാ പി.എ ( പ്രസിഡൻ്റ്) റസീനാ ജാഫർ (സെക്രട്ടറി) സബിത മുഹമ്മദ് (ട്രഷറർ) നസീറ എൻ (കോഓർഡിനേറ്റർ) എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ  റഷീദാ നിജാസ്, താഹിറാ താഹാ, ആദിലാ കെ സുബെർ . 3 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികളുടെ നൈപുണ്യ ശേഷി വികസനത്തിനായി സിജി നടപ്പാക്കിവരുന്ന"  ഗ്രാമദീപം " പദ്ധതിയുടെ ഏഴ് യൂണിററുകൾതുടങ്ങാൻ തീരുമാനിച്ചു.

കേരളം

ആധാർ പുതുക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്താതിരിക്കുക ;ഇനി ഏതാനും ദിവസങ്ങൾ മാത്രം

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം എന്നാൽ സൗജന്യമായി ആധാർ പുതുക്കാൻഅവസരമുണ്ട്.എങ്ങനെയെന്നല്ലേ സെപ്റ്റംബർ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം. പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകൾ എന്നിവ നൽകേണ്ടതായി വരും. സാധാരണയായി ഇതിന് 100 രൂപ ഫീസ് നൽകണം. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപയും നൽകണം.