World Car Free Day 2022: കാറുകൾ ഒന്നും നിരത്തിലിറങ്ങിയില്ലെങ്കിൽ നഗരം എങ്ങനെയുണ്ടാകും? കാർ രഹിത ദിനത്തെക്കുറിച്ച് അറിയാം
സെപ്റ്റംബർ 22 ലോക കാർ രഹിത ദിനമായി ആചരിക്കുന്നു. ബഹുജന ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കാർ രഹിത ദിനം ആചരിക്കുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് കാർ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ലോക കാർ രഹിത ദിനത്തിൽ, ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും നോക്കാം. ഫോസിൽ ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിരമായ ഭാവി വിഭാവനം ചെയ്യുന്നതിലേക്കും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതിലേക്കും നമുക്കും സംഭാവനകൾ നൽകാം. ലോക കാർ രഹിത ദിനത്തിന്റെ ചരിത്രം: 1970കളിലെ എണ്ണ പ്രതിസന്ധിയുടെ കാലത്ത് തന്നെ കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ യൂറോപ്യൻ നഗരങ്ങളിൽ നിരവധി കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1999-ൽ യൂറോപ്പിൽ ഒരു അന്താരാഷ്ട്ര കാർഫ്രീ ദിനം സംഘടിപ്പിച്ചു, ഇത് യൂറോപ്യൻ യൂണിയന്റെ ഇൻ ടൗൺ വിത്തൗട്ട് മൈ കാർ കാമ്പെയ്‌നിന്റെ പൈലറ്റ് പ്രോജക്റ്റായിരുന്നു. ഈ പ്രചാരണം യൂറോപ്യൻ മൊബിലിറ്റി വീക്ക് ആയി തുടരുന്നു. 2000-ൽ, ഇപ്പോൾ വേൾഡ് കാർഫ്രീ നെറ്റ്‌വർക്കായ കാർബസ്റ്റേഴ്‌സ് ആരംഭിച്ച വേൾഡ് കാർ ഫ്രീ ഡേ പ്രോഗ്രാമിലൂടെ, 2000-ൽ കാർ രഹിത ദിനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമായി. ലോക കാർ രഹിത ദിനത്തിന്റെ പ്രാധാന്യം: ലോക കാർഫ്രീ ദിനം കാറുകളില്ലാതെ നമ്മുടെ നഗരങ്ങൾ എങ്ങനെയിരിക്കും എന്ന് കാണിക്കാനുള്ള ഒരു ഉദ്യമമാണ്. നമ്മുടെ വ്യക്തിഗത ചലനാത്മകതയെയും നാം ജീവിക്കുന്ന നഗര പരിസ്ഥിതിയെയും പുനർവിചിന്തനം ചെയ്യാനും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്. കൂടാതെ, കാറുകളുടെ ശബ്ദവും സമ്മർദ്ദവും മലിനീകരണവും ഇല്ലാത്ത നഗരങ്ങളുടെയും പൊതുജീവിതത്തിന്റെയും ആഘോഷമാണ് ലോക കാർ രഹിത ദിനം. ബഹുജന ഗതാഗതത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു.