വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

'വാത്തി'യുമായി ധനുഷ്, ഓഡിയോ റൈറ്റ്‍സ് സ്വന്തമാക്കി ആദിത്യ മ്യൂസിക്ക്

ധനുഷിന്റേതായി പ്രേക്ഷകര്‍ വിജയ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. 'വാത്തി'യുടെ ഓഡിയോ റൈറ്റ്സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.  ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'വാത്തി'യില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്നാണ് ജി വി പ്രകാശ്‍കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'തിരുഛിദ്രമ്പലം' ആണ്. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയിരിക്കുന്നു. നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.  അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകൻ. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്സേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്‍തിരിക്കുന്നു. 'നാനേ വരുവേൻ' എന്ന ചിത്രവും ധനുഷിന്റേതായി റിലീസിന് തയ്യാറെടുക്കുകയാണ്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‍തംബര്‍ 2ന് ആണ് റിലീസ് ചെയ്യുക. സെല്‍വരാഘവൻ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുമുണ്ട്. ഇന്ദുജയാണ് ചിത്രത്തിലെ നായിക.

പ്രവാസം

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍

കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.  കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.  കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സാങ്കേതിക, അനുബന്ധ തൊഴിലുകളില്‍ കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‍സുമായി സഹകരിച്ചായിരിക്കും പ്രവാസികള്‍ക്കുള്ള മുന്‍കൂര്‍ പരിശോധനയും പരീക്ഷയും നടപ്പാക്കുന്നത്. കുവൈത്തിലേക്ക് വരാനായി അപേക്ഷിക്കുന്ന പ്രവാസിക്ക് അയാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിയും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്തുകയായിരിക്കും ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ പുതിയതായി കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇത്തരമൊരു പരിശോധന നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്‍തു. പിന്നീട് അടുത്ത ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുതന്നെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്കും ഇത് ബാധകമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കുവൈത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടി കുവൈത്തില്‍ നിന്ന് നാടുകടത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തിയാണ് നാടുകടത്തുന്നത്.

പ്രവാസം

കെ സി എ റിയാദ് കേരള പ്രീമിയര്‍ ലീഗ് നവംബറില്‍

2016-ല്‍ റിയാദ് കേന്ദ്രീകരിച്ചു രൂപവത്കരിച്ച കെ.സി.എയില്‍ പ്രമുഖരായ 30 ഓളം ക്ലബ്ബുകള്‍ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) റിയാദിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് നവംബര്‍ ആദ്യ വാരത്തില്‍ തുടക്കമാവും. റിയാദ് എക്‌സിറ്റ് 18-ലെ കെ.സി.എ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. ഐ.പി.എല്‍ മാതൃകയില്‍ ക്രമീകരിച്ച മത്സരങ്ങളില്‍ എട്ട് ഫ്രാഞ്ചൈസികളാണ് ടീമുകളെ കളത്തിലിറക്കുന്നത്. ടെക്‌നോ മേക്ക് ഗ്രൂപ്പ് കമ്പനീസ്, ദി കാന്റീന്‍ ഇന്ത്യന്‍ റെസ്റ്റോറന്റ്, ഉലയ അസ്സോസിയേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെ.സി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  2016-ല്‍ റിയാദ് കേന്ദ്രീകരിച്ചു രൂപവത്കരിച്ച കെ.സി.എയില്‍ പ്രമുഖരായ 30 ഓളം ക്ലബ്ബുകള്‍ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബ്ബുകളില്‍ സ്ഥിരമായി കളിക്കുന്നവര്‍ ഒരു ഫ്രാഞ്ചൈസിക്ക് കീഴില്‍ ഒരു ടൂര്‍ണമെന്റിന് മാത്രമായി ഒന്നിക്കുന്നത് പുതിയ അനുഭവമായിരിക്കും. ടെക്‌നോ മെയ്ക്, ഹെര്‍മോസ, ഷമാല്‍ ഡിജിറ്റല്‍സ്, എ.ആര്‍.എം ഗ്രൂപ്പ്, ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, കാപ്രികോണ്‍ ലോജിസ്റ്റിക്‌സ് ജിദ്ദ , ഗ്ലോബ് വിന്‍ ലോജിസ്റ്റിക്‌സ്, അല്‍-ഉഫുഖ് ട്രേഡിങ്സ് എന്നീ സ്ഥാപനങ്ങളാണ് പ്രീമിയര്‍ ലീഗിലെ എട്ടു ടീമുകളെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികള്‍. പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കളിക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 27ന് അവസാനിക്കും. സൗദിയില്‍ താമസിക്കുന്ന കേരളക്കാരായ കളിക്കാര്‍ക്കാണ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ സാധിക്കുക. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കളിക്കാരെയും എ,ബി,സി കാറ്റഗറികളായി തിരിച്ചു ഫ്രാഞ്ചൈസികള്‍ക്ക് തെരഞ്ഞെടുക്കുന്നതിനായി പ്ലയേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച തുകയില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത കളിക്കാരെ തെരഞ്ഞെടുത്തു അവരുടെ ടീമിനെ രൂപവത്കരിക്കുന്ന രീതിയിലാണ് പ്രീമിയര്‍ ലീഗ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും ഒരു ഐക്കണ്‍ പ്ലയറേയും സി കാറ്റഗറിയിലുള്ള ഒരു ഓണര്‍ പ്ലെയറേയും നിശ്ചയിക്കാനുള്ള അനുവാദം ഉണ്ടാവും. ടീം സ്‌ക്വാഡിലേക്ക് ആവശ്യമായ ബാക്കിയുള്ള 13 കളിക്കാരെ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍നിന്ന് കണ്ടെത്തണം. ഒക്ടോബര്‍ അഞ്ചോടെ ടൂര്‍ണമെന്റ്ല്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളുടെ ടീം സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫ്രാഞ്ചൈസികള്‍ക്കുള്ള ജേഴ്‌സിയുടെയും വിജയികള്‍ക്കുള്ള ട്രോഫികളുടെയും പ്രകാശനം, ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ പ്രകാശനം എന്നിവ  ഒക്ടോബര്‍ 21-ന് നടക്കും.  ടൂര്‍ണമെന്റ് വിജയികള്‍ക്ക് പഞ്ചാബില്‍നിന്ന് പ്രത്യേകം തയാര്‍ ചെയ്ത ക്രിക്കറ്റ് ലോകക്കപ്പ് മാതൃകയിലുള്ള ട്രോഫികളാണ് സമ്മാനിക്കുന്നത്. ജേതാക്കള്‍ക്ക് ട്രോഫിയും 3,333 റിയാലുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം 2,222 റിയാലും ട്രോഫിയുമാണ്. മത്സരങ്ങള്‍ നവംബര്‍ മാസത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടെക്‌നോ മേയ്ക് മാനേജിങ് ഡയറക്ടര്‍ ഹബീബ് അബൂബക്കര്‍, കെ.സി.എ പ്രസിഡന്റ് ഷബിന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി  എംപി. ഷഹ്ദാന്‍, ട്രഷറര്‍ സെല്‍വകുമാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ നജീം അയ്യൂബ്, സുബൈര്‍ കരോളം എന്നിവര്‍ പങ്കെടുത്തു.  

വിദ്യാഭ്യാസം

പ്ലസ്‌ വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക്‌ തിങ്കളാഴ്ച 10നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഇത്തവണത്തെ പ്ലസ്‌ വൺ പ്രവേശനവുമായി ബന്ധപ്പെട്ട അലോട്മെന്റ് പൂർത്തിയായി. ഏകജാലകം വഴി മെറിറ്റിലും കായികമികവ് അടിസ്ഥാനമാക്കിയും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതു സ്കൂളിലേക്കും വിഷയത്തിലേക്കും മാറാനുള്ള അവസരം നൽകും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. പിന്നീട് മിച്ചമുള്ള സീറ്റുകളിലേക്ക്‌ തത്സമയ പ്രവേശനം നടക്കും. 

ഇൻഡ്യ

ഒന്നും എന്റെ കയ്യിലല്ല, എംഎല്‍എമാര്‍ രോഷാകുലരാണ്': അശോക് ഗഹ് ലോട്ട്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ കൈകഴുകി മുഖ്യമന്ത്രി അശോക് ഗഹ് ലോട്ട്. ഗഹ്‌ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച 90ഓളം എംഎല്‍എമാരുടെ രാജി ഭീഷണി നിലനില്‍ക്കുമ്പോള്‍ ഒന്നും തന്റെ കയ്യിലല്ലെന്നും എംഎല്‍എമാര്‍ രോഷാകുലരാണെന്നും ഗഹ് ലോട്ട് പറഞ്ഞു. ഇന്ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അശോക് ഗഹ്‌ലോട്ട് പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സച്ചിന്‍ പൈലറ്റിന് പകരം അശോക് ഗെഹ്‌ലോട്ടിനെയോ അല്ലെങ്കില്‍ അവരില്‍നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍ വീണാലും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അവര്‍ സ്പീക്കറെ അറിയിച്ചു.  നേതൃത്വവുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലുമായി ഗെഹ് ലോട്ട് ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തോടും അശോക് ഗഹ്‌ലോട്ട് ഇതേ കാര്യം ആവര്‍ത്തിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ഗാന്ധി കുടുംബത്തില്‍നിന്നു പുറത്ത് ഒരാളെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. അശോക് ഗഹ്‌ലോട്ടിനെ ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായാണ് പരിഗണിക്കുന്നത്. ഒക്‌ടോബര്‍ 17ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും. എന്നാല്‍ ഗഹ്‌ലോട്ട് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ശശി തരൂര്‍ ആണ് മറ്റൊരു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു. അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയാനാവില്ലെന്നാണ് ഗഹ്‌ലോട്ടിന്റെ വാദം. ഒഴിഞ്ഞാല്‍ത്തന്നെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്നും അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നു. 

വിദ്യാഭ്യാസം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26, 27 തീയതികളിൽ

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയുള്ള പ്രവേശനം 26, 27 തീയതികളിൽ നടക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. https://chat.whatsapp.com/IzAmgNO9LY1E8sB58IpluK പ്ലസൺ (വോക്കഷണൽ) ഏകജാലക പ്രവേശനത്തിന്റെ മുഖ്യ സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം വന്ന ഒഴിവുകളിലേക്കും, പുതിയ ഒഴിവുകളിലേക്കും വെയ്റ്റിങ് ലിസ്റ്റ് പ്രകാരം പ്രവേശനം നൽകും.http://vhscap.kerala.gov.in എന്ന വെബ്സൈറ്റിലെ Create Candidate Login ലിങ്ക് വഴി റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. നേരത്തെ അപേക്ഷ നൽകിയവർ ലോഗിൻ ചെയ്ത് അപേക്ഷ പുതുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അവസാന തീയതി 27. ഏകജാലകത്തിലൂടെ മെറിറ്റ്, സ്പോർട്സ് ക്വാട്ട വഴി പ്രവേശനം നേടിയവർക്ക് സ്കൂൾ ട്രാൻസ്ഫറിനും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിശദ നിർദേശങ്ങളും 28-ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കേരളം

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലബാറിൽ കോൺഗ്രസിന്റെ ഏറെക്കാലത്തെ കരുത്തനായ നേതാവായിരുന്നു ആര്യാടൻ. എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം മന്ത്രിയുമായിരുന്നു. കോണ്‍ഗ്രസിലെ 'എ' ഗ്രൂപ്പിന്‍റെ ഏറെക്കാലത്തെ കരുത്തുറ്റ മുഖമായിരുന്നു. 1952ലാണ് കോൺഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതൽ കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

കേരളം

പതിനാറുകാരിക്ക് ക്രൂരപീഡനം; നാല് യുപി സ്വദേശികൾ പിടിയിൽ, വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേര്‍ പിടിയിലായി. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടി വാരണാസിയിൽ നിന്നാണ് ട്രെയിനില്‍ കയറിയത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു.