വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഫ്രെഞ്ച് ഫ്രൈസ് ഫാനാണോ നിങ്ങൾ? മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍

അമിതമായി ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കേരളം

മേയ് 19 വരെ റോഡ് ക്യാമറ പകർത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴയില്ലെങ്കിലും ചലാൻ; സർക്കാർ ഉത്തരവിറക്കും

തിരുവനന്തപുരം_ : റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കും. ഏപ്രിൽ 20ന് 726 റോഡ് ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ വ്യക്തമാക്കുന്ന ചലാൻ മാത്രം അയയ്ക്കാനായിരുന്നു തീരുമാനം. പിഴ ഈടാക്കാതെ ചലാൻ മാത്രമായി അയയ്ക്കുന്നത് നിയമ പ്രശ്നത്തിന് ഇടയാക്കുമെന്നതിനാലാണ് സർക്കാർ ഉത്തരവിറക്കുന്നത് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കും. ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതു മാതൃകയിലാണു ചലാൻ അയയ്ക്കേണ്ടതെന്നു ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ നടപടികൾ ആരംഭിക്കുമെന്നും കെൽട്രോൺ അധികൃതർ  പറഞ്ഞു. ഒരു മാസം 25 ലക്ഷം ചലാനുകൾ അയയ്ക്കാൻ കഴിയും. ചലാൻ അയയ്ക്കുന്ന പ്രവർത്തനത്തിനായി കൺട്രോൾ റൂമുകളില്‍ 140 ജീവനക്കാരെ നിയോഗിക്കും. ഇതിനോടകം 70 ജീവനക്കാരെ നിയമിച്ചു_.  ക്യാമറകൾ നിയമലംഘനങ്ങളുടെ ഫോട്ടോ മാത്രം കേന്ദ്ര കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സെർവറിലേക്ക് അപ്‌ലോഡ് ചെയ്യും. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്ന് കെൽട്രോൺ അധികൃതർ പറ‍ഞ്ഞു_. നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ ചലാൻ അയയ്ക്കാനായി ഐടിഎംഎസ് സെർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിൽനിന്നു ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്കും ചലാൻ കോപ്പി എത്തും. പരമാവധി ആറു മണിക്കൂറിനകം ചലാൻ ജനറേറ്റ് ആകും. നിയമപ്രകാരം തപാൽ വഴിയാണ് ചലാൻ വാഹന ഉടമയ്ക്ക് അയക്കേണ്ടത്. ചലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്

കേരളം

സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക.  ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.

കേരളം

അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിൽ; പൂർണ ആരോഗ്യവാനെന്നും വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പന്‍ തിരികെ നടക്കുന്നതായാണ് സൂചന. പെരിയാര്‍ വന്യജീവി സങ്കേതത്തിന് അകത്തുതന്നെയാണ് അരിക്കൊമ്പനുള്ളതെന്ന് ഒടുവില്‍ ലഭിച്ച സിഗ്നലുകള്‍ സൂചിപ്പിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും, മയക്കം വിട്ടുണര്‍ന്ന ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ ജനവാസ മേഖലയാണ്. റേഡിയോ കോളര്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ ട്രാക്കിങ്ങ് നടത്തുന്നുണ്ട്. ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് തമിഴ്‌നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്‌നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തുരത്താന്‍ സാധ്യതയുണ്ട്.

പ്രാദേശികം

മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനം

പൂഞ്ഞാർ മണ്ഡലത്തിൽ ഈരാറ്റുപേട്ടയിൽ AITUC യുടെ നേതൃത്വത്തിൽ  നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സ. PS ബാബു (AITUC മണ്ഡലം സെക്രട്ടറി) അധ്യക്ഷനായി. പാർട്ടി മണ്ഡലം സെക്രട്ടറി  ഇ കെ മുജീബ് സ്വാഗതം പറഞ്ഞു. എംജി ശേഖരൻ, പി എസ് സുനിൽ, കെ വി എബ്രഹാം, കെ എസ് രാജു, വി എൽ തങ്കച്ചൻ, ഓമന രമേശ് ,സോളി ഷാജി തുടങ്ങിയവർ സംസാരിച്ചു. ഷമ്മാസ് ലത്തീഫ്, മുഹമ്മദ് ഹാഷിം, അപർണ ഷാജി, KI നൗഷാദ്, നൗഫൽ ഖാൻ ,കെ എസ് നൗഷാദ് , മനാഫ്, മാഹിൻ എം എം,തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

പാലാ സന്മനസ്സ് കൂട്ടായ്മ നഗരസഭാ ജീവനക്കാരൻ ബിജോയി മണർകാടിനെ ആദരിച്ചു

പാലാ.വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജന്മദിനമായ മെയ് ഒന്നാം തീയതി, ലോക തൊഴിലാളി ദിനത്തിൽ പാലായിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സന്മനസ്സ് കൂട്ടായ്മ പാലാ നാഗരസഭയിൽ നിന്നും വിരമിച്ച  ബിജോയി ജോസഫ് മണർകാടിനു സമുചിതമായ യാത്രായപ്പും അനുമോദനവും നൽകി. സമ്മേളനം സന്മനസ്സ് പാലാ ഓഫീസിൽ വച്ച്  രാവിലെ  കൂട്ടായ്മ പ്രസിഡന്റ് സന്മനസ്സ് ജോർജ്  ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ചു. സാധുക്കളോടുള്ള അനുകമ്പയും പൊതു ജന സേവന താൽപരതയും  ബിജോയിയുടെ മുഖമുദ്രകൾ ആയിരുന്നു എന്നും തന്റെ ഏതാനും അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്  ജോർജ്  അറിയിച്ചു. നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന  ബിജോയ് മണർകാടിന്റെ വിരമിക്കൽ നഗരസഭയ്ക്കും പാലാ നഗരസഭ പ്രദേശ നിവാസികൾക്കും വലിയ ഒരു നഷ്ടം തന്നെയായിരിക്കും എന്ന്  ജോജോ ചക്കാമ്പുഴ, വിനോദ് കുന്നപ്പിള്ളി, മാഗി മഞ്ഞാമറ്റം. എന്നിവർ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ് കൂട്ടായ്മ പോലുള്ള സംഘടനകളുമായി ഒത്തുചേർന്നു തുടർന്നുള്ള കാലം പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ  ബിജോയ് അറിയിച്ചു.

മരണം

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി മക്കൾ ഷിറാസ്, ഷഹ്സാദ്, ഷാമിസ് മരുമക്കൾ ഫാത്തിമ, ദിൽഷത്ത് റൈഹാന

പ്രാദേശികം

ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ അയൂബ് ഖാന് പുരസ്ക്കാരം

ഈരാറ്റുപേട്ട .കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ  രണ്ട് കോടിയോളം രൂപ ഈരാറ്റുപേട്ട വില്ലേജിൽ നിന്ന് പിരിച്ചെടുത്തതിന്  ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ പി എസ് അയൂബ് ഖാന് മികച്ച വില്ലേജ് ഓഫീസറിനുള്ള  പുരസ്ക്കാരം ലഭിച്ചു. ഇദ്ദേഹം പാറത്തോട് ഇടക്കുന്നം സ്വദേശിയാണ്. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയിൽ പുരസ്ക്കാരം അയൂബ് ഖാൻ ഏറ്റുവാങ്ങി.