മദ്റസകൾക്കെതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനയോടുള്ള വെല്ലുവിളി. മുസ്‌ലിം ജമാഅത്ത്
ഈരാറ്റുപേട്ട :ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയും, മദ്റസാ സംവിധാനത്തെ കുറിച്ചുള്ള അജ്ഞതയും ആണ് രാജ്യത്തെ മദ്രസ അടച്ചുപൂട്ടണം എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്ന് കേരള മുസ്‌ലിം ജമാഅത്ത് ഈരാറ്റുപേട്ട സോൺ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത ഉത്തരവ് ബാലാവകാശകമ്മീഷൻ പിൻവലിച്ചു ഭരഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വവും മത സ്വാതത്ര്യവും ഉറപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളം ഉൾകൊള്ളുന്ന നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ സ്വാതന്ത്രമായാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിനും ഏറെ സംഭാവനകൾ മദ്റസകൾ നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ മികച്ച പങ്ക് വഹിക്കുന്ന ആത്മീയ കലാലയങ്ങൾ ആണ് അവ. വിദ്യാഭ്യാസപരമായി പാർശ്വവത്കരിക്കപ്പെട്ട ന്യുനപക്ഷ വിഭാഗങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസതോടൊപ്പം പ്രഥമിക മതപഠനവും നൽകുന്ന തരത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്രസ വിദ്യാഭ്യാസം നടപ്പിൽ വരുത്തിയിട്ടുള്ളത്. ഇത്തരം പാഠശാലകളിൽ സഹോദരസമുദായത്തിലുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് എന്നത് നാടിന്റെ ഐക്യത്തെ വിളംബരം ചെയ്യുന്നുണ്ട്. ഇത്തരം സൗഹാർദ്ദകേന്ദ്രങ്ങൾക്ക് ബാലാവകാശക്കമ്മീഷന്റെ മറവിൽ പൂട്ടിടാനുള്ള കേന്ദ്ര സർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതും, പൗരബോധത്തിനും, മത സ്വാതന്ത്ര്യതിന്നു നേരെയുള്ള കടന്നാക്രമണവും ആണ്. അന്യായമായ രൂപത്തിൽ മുഴുവൻ അവകാശങ്ങളെയും ഇല്ലായ്മ ചെയ്തു സമുദായിക ചേർത്തിരിവുണ്ടാക്കി ന്യുനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിൽ ആക്കാമെന്ന മോഹം ബാലിശമാണ്. ഇത്തരം ഗൂഢ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. സോൺ പ്രസിഡന്റ് ഈ എസ് സഅദുദ്ധീൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി പിഎം അനസ് മദനി ഉൽഘാടനം നിർവഹിച്ചു. അബ്ദുൽറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, പരിക്കുട്ടി പൊന്തനാൽ, നവാസ് മുസ്‌ലിയാർ, ഹാരിസ് മഹബൂബ്, ഷുക്കൂർ, ഹാരിസ് പേരകത്തുശേരി സംസാരിച്ചു.