വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സ്വയരക്ഷക്ക് കരാട്ടെ പരിശീലിച്ച് അരുവിത്തുറ കോളേജിലെ വിദ്യർത്ഥിനികൾ .

ഈരാറ്റുപേട്ട  :പെൺക്കുട്ടികൾക്ക് എതിരായ അതിക്രമ വാർത്തകൾ പെരുകുമ്പോൾ സ്വയരക്ഷക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ വിദ്യാർഥിനികൾ .കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു.പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട് വിമൻ സെൽ കോഡിനേറ്റർ തേജിമോൾ ജോർജ്  പ്രോഗ്രാം കൺവീനർ നാൻസി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.അൻസി ഖാൻ ഷിൻ്റെ റെയു കേരള ഇൻറർനാഷണൽ ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ വി എസ് സുരേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്വയം പ്രതിരോധ പരിശീലന രംഗത്ത് വർഷങ്ങളായി സുത്യർഹ സേവനം അനുഷ്ഠിക്കുന്ന സുരേഷ് വിഎസിനെ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉപഹാരം നൽകി ആദരിച്ചു. 100 ഓളം വിദ്യാർത്ഥിനികൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

വിദ്യാഭ്യാസം

പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http://hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച്‌ 6മുതൽ 29വരെ നടക്കും. വിദ്യാർത്ഥികൾക്കുള്ള വിശദവിവരങ്ങൾ താഴെ 🌐പരീക്ഷക്ക് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് പരീക്ഷാഹാളിൽ പ്രവേശിക്കേണ്ടതാണ്. 🌐 ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല. 🌐Cool of Time ൽ ഉത്തരം എഴുതാൻ പാടുള്ളതല്ല. 🌐ചോദ്യങ്ങൾക്കൊപ്പമുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്. 🌐പരീക്ഷയാരംഭിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷാഹാളിൽ പ്രവേശിക്കുവാനും പരീക്ഷ അവസാനിക്കുന്നതിന് 30 മിനിറ്റ് മുൻപ് ഹാൾ വിട്ടുപോകാനും അനുവദിക്കുന്നതല്ല. 🌐പരീക്ഷാഹാളിൽ CLARK’S ടേബിൾ ഉൾപ്പെടെ യുള്ള ഒരു ഡാറ്റാ ടേബിളും അനുവദനീയമല്ല. 🌐പരീക്ഷാഹാളിൽ കണക്ക് കൂട്ടലുകൾക്കായി പ്രോഗ്രാം ചെയ്ത കൽകുലേറ്ററുകൾ അനുവദനീയമല്ല. 🌐Non Programmable Calculator ഒഴികെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ Smart Watch പോലുള്ള വാർത്താവിനിമയ ഉപകരണങ്ങളോ സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവരാൻ പാടുള്ളതല്ല. 🌐പഠന സഹായികൾ, പേപ്പർ കട്ടിങ്ങ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് കോപ്പി അടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്. 🌐ഏതെങ്കിലുംതരത്തിലുള്ള ആൾമാറാട്ടം പിടിക്കപ്പെട്ടാൽ ആൾമാറാട്ടം നടത്തിയ കുട്ടിയുടെ പേരിലും യഥാർത്ഥത്തിൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ പേരിലും ആൾമാറാട്ടത്തിനു പോലീസ് കേസ് ഫയൽ ചെയ്യുന്നതാണ്. മാന്വൽ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

പ്രാദേശികം

പെരിങ്ങളം സ്കൂൾ ഗ്രൗണ്ട് സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പൂഞ്ഞാർ : പെരിങ്ങളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന്  സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 16 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.  ഉദ്ഘാടന യോഗത്തിൽ  സ്കൂൾ മാനേജർ ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, പൊതുപ്രവർത്തകരായ ദേവസ്യാച്ചൻ വാണിയപ്പുര, ജോസ് കോലോത്ത് , ബെന്നി കുളത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.   സ്കൂൾ ഗ്രൗണ്ടിനോട്  ചേർന്ന്  ഒഴുകുന്ന മീനച്ചിലാറിന് സംരക്ഷണഭിത്തി ഇല്ലാതിരുന്നത് മൂലം സ്കൂൾ ഗ്രൗണ്ട് ഇടിഞ്ഞു പോകുന്ന സാഹചര്യവും , ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ അപകടമുണ്ടാകുന്ന സാഹചര്യവും മറ്റും ഉണ്ടായിരുന്നു. ഇത് സ്കൂൾ കുട്ടികളുടെ സുഗമമായ കായിക വിനോദത്തിന് തടസ്സം നേരിട്ടിരുന്നു. ഇവകൂടി കണക്കിലെടുത്താണ് സ്കൂൾ അധികൃതർ എംഎൽഎയ്ക്ക് നൽകിയ നിവേദനം എംഎൽഎ  അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുകയും, തുടർന്ന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് 16 ലക്ഷം രൂപ  മന്ത്രി അനുവദിക്കുകയും ചെയ്തത്. സംരക്ഷണഭിത്തി നിർമ്മിച്ചതോടെ സ്കൂൾ ഗ്രൗണ്ടിന്റെ കെട്ടുറപ്പ് കൂടുതൽ ബലപ്പെടുകയും, കുട്ടികൾക്ക് സുഗമമായി  കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു.

കോട്ടയം

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ തിരഞ്ഞെടുത്തു

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് -ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യൂ.ഡി. എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡൻ്റ് ആയത്. പ്രസിഡന്റ് സ്ഥാനത്തു ആദ്യ മൂന്ന് വർഷം അനുപമ വിശ്വാനാഥ്, നാലാം വർഷം എൽസമ്മ തോമസ്, അഞ്ചാം വർഷം ആനന്ദ് ജോസഫ് ഇങ്ങനെയാണ് യുഡിഫ് ധാരണ. പ്രസിഡന്റ്  സ്ഥാനത്തേക്ക് മത്സരിക്കാൻ പോലുമുള്ള സംവിധാനം ഇടതു ബിജെപി സംവിധാനത്തിന് ഇല്ലാതായത് ഇവരുടെ രാഷ്ട്രീയ ദയനീയവസ്ഥ തുറന്നു കാണിച്ചുവെന്ന് കോൺഗ്രസ് (ഐ)മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.അഞ്ചു വർഷവും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിനാണ് വൈസ് പ്രസിഡന്റ് പദവി.

കേരളം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇതോടെ ആദ്യമായി സ്വർണവില 60,000  കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്.  തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്.  ജനുവരി ഒന്ന് മുതൽ സ്വർണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകൾ മാത്രമാണ് ഉണ്ടായത്. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോൾ മൂന്നാഴ്ച പിന്നിടുമ്പോൾ 60000 കടന്നിരിക്കുകയാണ്, ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്. 

പ്രാദേശികം

വാരിയംകുന്നത്തിന്റെ സ്മരണകൾ അയവിറക്കി കോന്നച്ചാടത്ത് - ചക്കിപ്പറമ്പൻ കുടുംബ സംഗമം

ഈരാറ്റുപേട്ട: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ രാജ്യവിരുദ്ധരായും, രാജ്യം കൈയടക്കി നമ്മുടെ പൂർവികരെ അടിമകളാക്കി രാജ്യം ഭരിച്ചവർക്ക് സ്തുതി വചനങ്ങളും വാഴ്ത്തുപാട്ടുകളുമായി നടന്ന ആളുകളെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.  കോന്നച്ചാടത്ത് -ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ഈരാറ്റുപേട്ട ഏരിയാ സമ്മേളനവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്‌മരണവും ഫൗസിയാ ഓഡിറ്റോറിയത്തിൽ (മുഹമ്മദ് ഈസാ മൗലവി നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ധീരന്മാരുടെ പോരാട്ടത്തെ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും സൂര്യശോഭ പോലെ ഉയർന്നു നിൽക്കും. കണ്ണുകെട്ടി വെടിവെച്ചു കൊല്ലുന്നതിന് പകരം കണ്ണ് കെട്ടാതെ തന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കണമെന്ന് ബ്രിട്ടീഷുകാരനോട് ആവശ്യപ്പെട്ട തന്റേടത്തിന്റെ പേരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് അദ്ദേഹം പറഞ്ഞു.  ഫാമിലി അസോസിയേഷൻ ജനറൽ സെക്രട്ടറി ജാഫർ ഈരാറ്റുപേട്ട ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് സി.പി. ഇബ്രാഹിം ഹാജി മലപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീർ മൌലവി, ഇബ്രാഹിം ഇല്ലത്ത്, പ്രൊഫ. അബ്ദുൽ റസാഖ്, സാലിഹ് നടുവിലേടത്ത്, കെ.പി. അബ്ദുൽ ഹമീദ് കളിയാട്ടമുക്ക്, കുഞ്ഞുമുഹമ്മദ് ചെങ്ങാനി, അബ്ദുൽ അസീസ് കൊണ്ടോട്ടി, കെ.പി. യൂസുഫ്, കെ.പി. ബഷീർ, ഹാഫിസ് മുഹമ്മദ് ഉനൈസ് ബാഖവി, അൻസർ ഫാറൂഖി, കുഞ്ഞാൻ മുടിക്കോട്, അഷ്റഫ് കോന്നച്ചാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കൂരാച്ചുണ്ട്, കളിയാട്ടുമുക്ക്, കിഴിശ്ശേരി, പാലക്കാട്, ചെങ്ങാനി, പാണ്ടിക്കാട്, മഞ്ചേരി, നെല്ലിക്കുത്ത്, തൊടുപുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രതിനിധികൾ എത്തിയിരുന്നു.കുടുംബത്തിലെ മുതിർന്ന അംഗങ്ങളേയും ഖുർആൻ മനഃപാഠമാക്കിയവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.   

പ്രാദേശികം

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.

ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽസ് സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എം. ഹാറൂൺ അധ്യക്ഷത വഹിച്ചു. പാല ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി നായർ ബോധവത്കരണ ക്ലാസ് നടത്തി. അഡ്വ. തോമസ് ജോസഫ് നിയമ ബോധവത്കരണ ക്ലാസ് എടുത്തു. ലീഗൽ സർവീസ് പ്രതിനിധി വി.എം അബ്ദുള്ള ഖാൻ കരുണ മാനേജർ കെ.പി. ബഷീർ, കൗൺസിലർ എസ്.കെ നൗഫൽ എന്നിവർ സംസാരിച്ചു.      

കേരളം

‘കവചം’ ഇന്ന് മുതല്‍; വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് 91 സൈറണുകള്‍ ഒരുമിച്ച് മുഴങ്ങും

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകള്‍ ഒരുമിച്ച് മുഴങ്ങും. ഉദ്ഘാടന സമയം സംസ്ഥാനത്തെ എല്ലാ സൈറണുകളും ഒരേ സമയം പ്രവര്‍ത്തിക്കുമെന്നും ജനം പരിഭ്രാന്തരാകരുത് എന്നും അധികൃതര്‍ അറിയിച്ചു. ഈ 91 കവചങ്ങളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവര്‍ത്തിക്കുക. കേരള വാര്‍ണിംഗ്സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ തുടങ്ങിയ എജന്‍സികള്‍ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകള്‍ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറണ്‍ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറന്‍ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.