വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

എം.ഇ.എസ് കോളേജിൽ പരിശീലന പരിപാടി നടത്തി.

ഈരാറ്റുപേട്ട :കേരള സർക്കാരിൻ്റ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരള  നഗരസഭയിൽ നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി  എം.ഇ.എസ്കോളജിലെ എൻ. എസ്.എസ്  വളണ്ടിയർമാർക്ക് പരിശീലനം നൽകി.  പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ട്രൈനർഅശോക് കുമാർ വി.എം ക്ലാസെടുത്തു.മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് വി.എം അഷ്റഫ്, ജോഷി താന്നിക്കൽ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ഫഹ്‌മി സുഹാന നേതൃത്വം നൽകി. 50 വിദ്യാർത്ഥികൾ പങ്കെടുത്തു .

പ്രാദേശികം

ആരാംപുളി-എടവര റോഡ് ഉദ്ഘാടനം ചെയ്തു.

 ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആരാംപുളി- എടവര റോഡിന്റെ ഗതാഗത യോഗ്യമല്ലാതിരുന്ന ഭാഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത് ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ സുശീല മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ,  കെ. സി ചാക്കോ കൊല്ലംപറമ്പിൽ,  ജോർജ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.  പൊതുമരാമത്ത് റോഡ് ആയ  മാളിക ദേവീക്ഷേത്രം -രക്ഷാഭവൻ റോഡിൽ നിന്നും ആരംഭിച്ച് ആരാംപുളി, എടവര ഭാഗങ്ങളിലൂടെ കടന്ന് കരിമ്പനോലി,  ചെമ്മലമറ്റം,ഊട്ടുപാറ കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് അടക്കം പോകുന്നതിന് എളുപ്പവഴി ആയ ഈ റോഡ്  പ്രദേശത്തെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്.  കഴിഞ്ഞ പ്രളയ കാലങ്ങൾ മുതൽ റോഡ് ഏറെ താറുമാറായി കാൽനടയാത്ര പോലും കഴിയാത്ത വിധം ജനങ്ങൾ ദുരിതമനുഭവിച്ചു വരികയായിരുന്നു. റോഡിൽ ഏറ്റവും ഗതാഗത ദുഷ്കരമായ ഭാഗം എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തതോടുകൂടി ഈ റോഡ് വഴിയുള്ള യാത്ര സൗകര്യം ഏറെ മെച്ചപ്പെട്ടിരിക്കുകയാണ്.  തന്മൂലം പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്. ത്രിതല പഞ്ചായത്ത് ഫണ്ടുകൾക്കൊപ്പം എംഎൽഎ ഫണ്ട് കൂടി വിനിയോഗിച്ച് നിയോജകമണ്ഡലത്തിലെ പരമാവധി ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് തീവ്രശ്രമം നടത്തി വരികയാണെന്നും,  ഇതുപ്രകാരം ഒട്ടേറെ ഗ്രാമീണ റോഡുകൾ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതായും ഉദ്ഘാടനം പ്രസംഗത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി

പ്രാദേശികം

പോലീസിലേയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് പിണറായി മറുപടി പറയണം •⁠ ⁠കെ.എ. ഷെഫീഖ്

ഈരാറ്റുപേട്ട: ആർ.എസ്.എസുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി വിദ്വേഷ പ്രചാരണങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പോലീസിലെയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് അദ്ദേഹം മറുപടി പറയണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട തെക്കേക്കരയിൽ നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആർ ഏജൻസിയുടെ താളത്തിന് ഒപ്പിച്ച് ഭരണം നടത്തുന്ന പിണറായി വിജയൻ ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തൃശ്ശൂർ പൂരം കലക്കാൻ സംഘ്പരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. എന്നിട്ടും എ.ഡി.ജി.പി അജിത് കുമാറിന് സുരക്ഷാ കവചമൊരുക്കുമെന്ന പിണറായി വിജയന്റെ നിലപാട് ആരെ സംരക്ഷിക്കാനാണ്. ആർ എസ് എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ.ഡി.ജി.പി ഇത് ചെയ്തിട്ടുള്ളത്. ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥനെ  ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രം മാറ്റി കണ്ണിൽപൊടിയിടുന്ന പരിപാടിയാണ് പിണറായി നടത്തിയത്. എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച അജിത് കുമാറിനെ പോലീസ് സേനയിൽനിന്ന് തന്നെ സസ്പെന്റ് ചെയ്യുകയാണ് വേണ്ടത്.  മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുള്ളത് കൊണ്ടാണ് അജിത് കുമാറിനെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി ഭയക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ ആവശ്യപ്പെട്ടിട്ട് പോലും തൻ്റെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയർത്താനോ അദ്ദേഹത്തെ തിരുത്താനോ ഉള്ള കരുത്ത് സി.പി.എം നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ആർ എസ് എസ് നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചൊഴിയണം. അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു.  ജില്ലാ സമിതിയംഗം ജയമോൾ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, വെൽഫെയർ പാർട്ടി തെക്കേക്കര യൂനിറ്റ് പ്രസിഡന്റ് യാസിർ പുള്ളോലി തുടങ്ങിയവർ സംബന്ധിച്ചു.  മുനിസിപ്പൽ സെക്രട്ടറി വി.എം. ഷഹീർ നന്ദി പറഞ്ഞു.

കോട്ടയം

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 8,9,10,11 തിയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെടർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ64.5 മില്ലിമീറ്റർ മുതൽ 115.5മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നസാഹചര്യത്തെയാണ് ശക്തമായമഴ എന്നത് കൊണ്ട്അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്

കേരളം

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും

പേരിലെ പൊരുത്തക്കേടുകൾ കാരണം സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറപ്പേരുടെ റേഷൻ കാർഡ് മസ്റ്ററിംഗ് അസാധുവാക്കി ആധാറിലെയും റേഷൻ കാർഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതിൽ കൂടിയാൽ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കൾക്കും അറിയില്ല എന്നതാണ് സത്യം. റേഷൻകടകളിലെ ഇ-പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിംഗ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാൽ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയിൽ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാൽ മസ്റ്ററിംഗ് നടത്താൻ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താൻ സാധ്യതയുണ്ട്. റേഷൻ കടകളിൽ അതിന് സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്

പ്രാദേശികം

എം ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്: എം.ഇ.എസ് കോളേജ് റണ്ണർ അപ്പ്

ഈരാറ്റുപേട്ട: എം.ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഷട്ടിൽ ബാഡ്മിൻറൺ (വുമൺ) ചാമ്പ്യൻഷിപ്പിൽ ഈരാറ്റുപേട്ട എം.ഇ. എസ് കോളേജ് റണ്ണർ അപ്പ് ആയി. ദേവമാതാ കോളേജ് കുറവിലങ്ങാട്, ബി.കെ കോളേജ് അമലഗിരി എന്നീ കോളേജുകളുമായി നടന്ന മത്സരത്തിലാണ് എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട ഫൈനലിൽ എത്തിയത്. ഫൈനലിൽ പാലാ അൽഫോൻസാ കോളേജുമായി നടന്ന മത്സരത്തിൽ എം.ഇ. എസ് കോളേജ് ഈരാറ്റുപേട്ട റണ്ണർ അപ്പ് ആയി.  ടീം അംഗങ്ങൾ: ഫർസാന കെ.എം, ഫിദാമോൾ, റിഷാന റാഷിദ്, ഹിബ നൗഷാദ്, ഫിദ ഫാത്തിമ. അഫ്സൽ, ടീം മാനേജർമാർ നിജാസ്.എച്ച്, സൈറ ബാനു.

കോട്ടയം

മകളുടെ വിവാഹദിനത്തിൽ കാറപകടം; മാതാവിന് ദാരുണാന്ത്യം, മകനും ഭർത്താവിനും പരിക്ക്

പൊൻകുന്നം : മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഴൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ   അദ്ധ്യാപിക മരണപെട്ടു. എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്.ഇന്നലെ മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്  മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ  വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി 11.30 ഓടെ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേക്ക് ഇളം പള്ളി റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ ഷീന , ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരെ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ഷീന മരണപെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.. പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമാണ് ഷീനാ ഷംസുദീൻ..

പ്രാദേശികം

മിനച്ചിലാറ്റിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പരാതി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

വീഡിയോ ലിങ്ക് https://www.facebook.com/share/v/FXKXmVioDnQ4foPw/ ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് എതിർ വശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നു പരാതിയെ തുടർന്ന് കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം.  മലിനജലം ആറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടൽ നഗരസഭ അടപ്പിച്ചത്. കൃത്യ വിലോപം കാണിച്ച സ്ഥാപനത്തിന് അമ്പതിനായിരം രൂപ പിഴയും നൽകി.  തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക്ക് ടാങ്കും ലീക്ക് കണ്ടതിനെ തുടർന്ന് ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നൽകി.നിരവധി പേർ ആറിൻ്റെ മറുകര എത്താനും കുളിക്കാനുമെല്ലാം ഉപയോഗിച്ച് കൊണ്ടിരുന്ന കടവായിരുന്നു. മലിനം ജലം ഒഴുകി വഴുക്കൽ വീണതോടെ ഇടവഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമാണ് അത്യാവിശ്യക്കാർ ഇത് വഴി കടന്ന് പോകുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ ജൂണിലെ പുതുമഴയത്ത് ചെറു തോടുകളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യ കവറുകൾ മീനച്ചിലാറ്റിൽ എത്തിയത് പരക്കെ വിമർശിക്കപെട്ടിരുന്നു. അന്ന് തന്നെ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനമാണ് മാലിന്യ വിഷയത്തിൽ കർശന തീരുമാനമെടുക്കാൻ ആരോഗ്യവിഭാഗത്തിന് അനുമതി നൽകിയിരുന്നു.അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും. പൊതുനിരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് പിടിക്കാൻ സ്പെഷൽ സ്വാകാഡുകളെ ചുമതലപെടുത്തിയും . പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയും ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ബയോ ബിന്നുകൾ വിതരണം ചെയ്തും മാലിന്യ മുകത നാടിന്നായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷെഫ്ന അമീൻ പറഞ്ഞു.  ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി.രാജൻ പറഞ്ഞു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി.നായർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ, അനീസ എന്നിവർ പങ്കെടുത്തു.